മലപ്പുറം- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വളാഞ്ചേരി നഗരസഭയിലെ സി.പി.എം സ്വതന്ത്ര അംഗത്തിന്റെ ജാമ്യാപേക്ഷ മ്‌ചേരി കോടതി തള്ളി. ഷംസുദ്ദീൻ നടക്കാവിലിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പോക്‌സോ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൂന്നു മാസത്തിലധികമായിട്ടും പ്രതിയെ പോലീസ് പിടികൂടിയിട്ടില്ല. നേരത്തെ ഇയാൾ വിദേശത്താണ് എന്നാണ് പോലീസ് പറഞ്ഞിരുന്നത്. പിന്നീട് നാട്ടിലെത്തിയ ഇയാൾ വാർഡ് സഭയിൽ പങ്കെടുക്കാൻ എത്തിയെങ്കിലും മുസ്്‌ലിം ലീഗ് പ്രവർത്തകർ തടഞ്ഞു.
വളാഞ്ചേരി നഗരസഭയിൽ 32ാം ഡിവിഷനിൽ നിന്നുള്ള ഇടതു കൗൺസിലറാണ് തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസംദ്ദീൻ. ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഇതേ കോടതി നേരത്തെ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കൗൺസിലർ പോക്‌സോ കേസിൽ ഉൾപെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. പ്രതിക്കു വേണ്ടി അഡ്വ. ബി എ ആളൂരാണ് ഹാജരായത്.