കാസർകോട് - കാസർകോട് നഗരത്തിൽ ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയുണ്ടായ വൻ തീപ്പിടിത്തത്തിൽ മൊത്തവിതരണ സ്ഥാപനം പൂർണമായും കത്തിനശിച്ചു.
കാസർകോട് എം ജി റോഡിൽ മൽസ്യ മാർക്കറ്റിലേക്ക് പോകുന്ന റോഡരികിൽ പ്രവർത്തിക്കുന്ന റഹ്മാൻ സ്റ്റോറിലാണ് തീപ്പിടിത്തമുണ്ടായത്. രാവിലെ ശക്തമായ ഇടിമിന്നൽ ഉണ്ടായപ്പോൾ ഷോർട്ട് സർക്യൂട്ട് മൂലമാണ് കടയിൽ തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പിറകിലെ ഭാഗത്തുനിന്നാണ് തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചത്. ഈ ഭാഗത്താണ് ആദ്യം തീപ്പിടിച്ചത്.
കാസർകോട് അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. നാട്ടുകാരും ഫയർ ഫോഴ്‌സും സമയോചിതമായി ഇടപെട്ടതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കു തീ പടരാതെ രക്ഷപ്പെടുത്താൻ സാധിച്ചു. തൊട്ടുരുമ്മി നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തിരക്കേറിയ ഭാഗത്താണ് തീപ്പിടിച്ച റഹ്മാൻ സ്റ്റോറുള്ളത്. മറ്റു കെട്ടിടത്തിലേക്ക് തീ പടർന്നാൽ മൽസ്യ മാർക്കറ്റിലെ മുഴുവൻ കെട്ടിടങ്ങളും കത്തിനശിക്കും.
നഗരത്തിലെയും പരിസരങ്ങളിലെയും ചില്ലറ വ്യാപാരികൾക്ക് സാധനങ്ങൾ എത്തിച്ചു നൽകുന്നത് ഈ മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നാണ്. തളങ്കരയിലെ സലീമിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കടയുടെ അകത്തുണ്ടായിരുന്ന സാധന സാമഗ്രികൾ മുഴുവൻ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.