Sorry, you need to enable JavaScript to visit this website.

കാസർകോട്ടെ ലിറ്റിൽ മെസ്സിക്ക് വാഗ്ദാനങ്ങളുടെ പെരുമഴ

ദേലംപാടി പരപ്പയിലെ മഹ്‌റൂഫിന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബുറഹ്മാൻ ഫുട്‌ബോൾ കിറ്റ് സമ്മാനിക്കുന്നു.

കാസർകോട്- എതിരാളികളെ അനായാസം വെട്ടിച്ച് തന്റേതായ ശൈലിയിൽ ഫുട്‌ബോളുമായി മുന്നേറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ പരപ്പ ദേലംപാടിയിലെ മഹ്‌റൂഫിന് മുന്നിൽ ഫുട്‌ബോൾ ലോകത്തേക്ക് പ്രവേശിക്കാൻ നിരവധി വാതിലുകളാണ് തുറന്നത്. 
കാസർകോട്ടെ ലിറ്റിൽ മെസ്സിക്ക് മികച്ച ഫുട്‌ബോൾ പരിശീലനം ലഭ്യമാക്കാൻ എല്ലാ പിന്തുണയും സഹായങ്ങളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി ഹബീബ് റഹ്മാൻ, കൗൺസിൽ സെക്രട്ടറി കെ.വി രാഘവൻ എന്നിവരുൾപ്പെട്ട സംഘം മഹ്‌റൂഫിനെ സന്ദർശിച്ച് ഈ പന്ത്രണ്ടുകാരന് കൗൺസിലിന്റെ അംഗീകാരമായി ഫുട്‌ബോൾ കിറ്റ് സമ്മാനിച്ചു. മഹ്‌റൂഫിന്റെ താൽപര്യമനുസരിച്ച് പ്രൊഫഷണൽ സ്ഥാപനങ്ങളിൽ മികച്ച പരിശീലനം നൽകാനാണ് സർക്കാർ തീരുമാനമെന്ന് ഹബീബ് റഹ്മാൻ പറഞ്ഞു. സമ്മതമാണെങ്കിൽ തിരുവനന്തപുരത്തെ ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ പ്രവേശിപ്പിക്കാനും തീരുമാനമായതായി അദ്ദേഹം പറഞ്ഞു. 
കാൽപന്തിലൂടെ മായാജാലം സൃഷ്ടിച്ച ഈ കുഞ്ഞുതാരത്തെ തേടി പ്രൊഫഷണൽ ക്ലബ്ബുകൾ സമീപിച്ചതായി ഫിഫയുടെയും യുവേഫയുടെയും അംഗീകാരമുള്ള ലണ്ടനിലെ ഇൻവെന്റീവ് സ്‌പോർട്‌സ് ഫുട്‌ബോൾ കൺസൾട്ടൻസിയുടെ ഇന്ത്യൻ ഏജന്റും ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ കരാറുകൾക്ക് പിന്നിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മൊഗ്രാൽ സ്വദേശി ഷക്കീൽ അബ്ദുല്ല പറഞ്ഞു. ഐഎസ്എൽ, ഐ ലീഗിലെ വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു എഫ്‌സി, അത്‌ലറ്റിക്കോ ഡി കൊൽക്കത്ത, ഗോകുലം കേരള എഫ്‌സി തുടങ്ങിയ ക്ലബ്ബുകളാണ് മഹ്‌റൂഫിന്റെ മാസ്മരിക പ്രകടനത്തിൽ താൽപര്യം പ്രകടിപ്പിച്ചത്. ഈ ക്ലബുകളുടെ ട്രയൽസിൽ പങ്കെടുപ്പിക്കാൻ തയാറാണെന്ന് ക്ലബ് അധികൃതർ തന്നെ അറിയിച്ചതായി ഷക്കീൽ പറഞ്ഞു. ട്രയൽസിൽ പങ്കെടുത്ത് മികവ് പുറത്തെടുക്കാനായാൽ പ്രൊഫഷണൽ ട്രെയിനിംഗ് അക്കാദമികളിൽ മികച്ച കോച്ചിന്റെ കീഴിൽ പരിശീലനം നടത്തി നാല് വർഷം കൊണ്ട് തന്നെ ദേശീയ ടീമിൽ വരെ സ്ഥാനമുറപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ട് മഹ്‌റൂഫിനെ നിരവധി പ്രമുഖരാണ് പ്രശംസിച്ചത്. തന്നേക്കാൾ മുതിർന്നവരുമായി ഫുട്‌ബോൾ കളിക്കുന്ന ദൃശ്യം മഹ്‌റൂഫിന്റെ കൂട്ടുകാരാണ് പകർത്തിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഫേസ്ബുക്ക് പേജായ മഞ്ഞപ്പടയിൽ ഷെയർ ചെയ്യുകയുമായിരുന്നു. ഇത് പിന്നീട് മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ ഇയാൻ ഹ്യൂം, സ്പാനിഷ് താരം ഹാൻസ് മൾഡർ തുടങ്ങിയവരുടെ ശ്രദ്ധയിൽ പെടുകയും മഹ്‌റൂഫിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ജി.എച്ച്.എസ്.എസ് അഡൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മഹ്‌റൂഫ്. 
തന്റെ ഉപജീവന മാർഗമായ കൂലിപ്പണിക്കിടയിലും മകന്റെ കാൽപന്ത് കളിയിലെ മികവിന് എല്ലാ വിധ പിന്തുണയും നൽകിവരികയാണ് പിതാവ് ബി.പി മുഹമ്മദ്. മാതാവ് മിസ്‌രിയയും സഹോദരങ്ങളായ പ്ലസ് ടു വിദ്യാർത്ഥി മർസൂഖും രണ്ടാം ക്ലാസിൽ പഠിക്കുന്ന മഹ്‌സൂഖും മഹ്‌റൂഫിന്റെ കളി മികവ് ലോകമറിഞ്ഞതിന്റെ സന്തോഷത്തിലാണ്.

 

 

Latest News