ജിദ്ദ - ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ജിദ്ദ എയർപോർട്ട് വഴി വിദേശങ്ങളിൽ നിന്ന് എത്തിയ ഹജ് തീർഥാടകരുടെ പക്കൽ ഇതുവരെ വ്യാജ വിസകൾ കണ്ടെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വ്യാജ പാസ്‌പോർട്ടുകളും വ്യാജ വിസകളും ഉപയോഗിച്ച് സൗദിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന ഹജ് തീർഥാടകരെ കണ്ടെത്തുന്നതിന് രാജ്യത്തെ മുഴുവൻ എയർപോർട്ടുകളിലും തുറമുഖങ്ങളിലും കരാതിർത്തി പോസ്റ്റുകളിലും ജവാസാത്ത് ഡയറക്ടറേറ്റ് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
കൃത്രിമങ്ങളും തട്ടിപ്പും ആൾമാറാട്ടവും തടയുന്നതിന് അതിർത്തി പ്രവേശന കവാടങ്ങളിൽ തീർഥാടകരുടെ വിരലടയാളങ്ങളും രേഖപ്പെടുത്തുന്നുണ്ട്. പാസ്‌പോർട്ടുകളും വിസകളും പരിശോധിക്കുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾക്കു പുറമെ, തീർഥാടകരുടെ ഫോട്ടോകളും പാസ്‌പോർട്ടുകളിലെ ഫോട്ടോകളും തമ്മിൽ താരതമ്യം ചെയ്തു നോക്കുന്ന സാങ്കേതിക വിദ്യയും ജവാസാത്ത് കൗണ്ടറുകളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.