മക്ക - സൗദി അറേബ്യക്കകത്തുനിന്നും വിദേശത്തുനിന്നുമുള്ള ഹജ് തീർഥാടകരുടെ കുട്ടികളെ പരിചരിക്കുന്നതിന് മക്ക പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് എട്ടു നഴ്‌സറികളും ക്രഷുകളും നീക്കിവെച്ചു. അസീസിയയിലെ അൽഇൻജാസ് ക്രഷ്, ബൈതീ മസ്‌കനീ ക്രഷ്, തഖസ്സുസിയിലെ അസ്ഹാറുൽ ഖസ്ർ ്ര്രകഷ്, അൽഅവാലിയിലെ ദൈ അൽമുദീഅ നഴ്‌സറി, അൽശൗഖിയയിലെ അൽബുർഹാൻ നഴ്‌സറി, അൽശറായിഇലെ ഗറാസ് അൽഇബ്ദാ നഴ്‌സറി, അൽഅദ്ൽ ഡിസ്ട്രിക്ടിലെ ജീലുത്തുഫൂല നഴ്‌സറി എന്നിവ അടക്കമുള്ള നഴ്‌സറികളും ക്രഷുകളുമാണ് തീർഥാടകരുടെ കുട്ടികളുടെ പരിചരണത്തിന് വിദ്യാഭ്യാസ വകുപ്പ് നീക്കിവെച്ചിരിക്കുന്നത്.
ഹജ് ദിവസങ്ങളിൽ തീർഥാടകരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ, ആരോഗ്യ, ശിക്ഷണ, ഭക്ഷണ സേവനങ്ങൾ ക്രഷുകളും നഴ്‌സറികളും നൽകും. പ്രത്യേക പരിശീലനം ലഭിച്ച സൗദി വനിതകളാണ് ഇവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നത്.
മക്ക പ്രവിശ്യ വിദ്യാഭ്യാസ വകുപ്പും ഹജ്, ഉംറ മന്ത്രാലയവും തമ്മിലുള്ള സാമൂഹിക പങ്കാളിത്തം ശക്തമാക്കുന്നതിന് ലക്ഷ്യമിട്ടാണ് തീർഥാടകരുടെ കുട്ടികൾക്കു വേണ്ടി സീസൺ ക്രഷുകളും നഴ്‌സറികളും ഒരുക്കുന്ന പദ്ധതി നടപ്പാക്കുന്നതെന്ന് മക്ക പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. അഹ്മദ് അൽസായിദി പറഞ്ഞു. കുടുംബാംഗങ്ങൾ ഹജ് കർമം നിർവഹിക്കുന്നതിനിടെ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തി അവർക്കാവശ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു മാസം മുതൽ ആറു വയസ്സു വരെ പ്രായമുള്ള കുട്ടികളെ ഹജ് ദിവസങ്ങളിൽ ഈ ക്രഷുകളിലും നഴ്‌സറികളിലും സ്വീകരിക്കും. ഹജിനിടെ എല്ലാ ദിവസങ്ങളിലും ഇരുപത്തിനാലു മണിക്കൂറും ക്രഷുകളും നഴ്‌സറികളും പ്രവർത്തിക്കും. മാസങ്ങളെടുത്താണ് ക്രഷുകളും നഴ്‌സറികളും സജ്ജീകരിച്ചതെന്നും ഡോ. അഹ്മദ് അൽസായിദി പറഞ്ഞു.
ഹജ് ദിവസങ്ങളിൽ കുട്ടികളെ ക്രഷുകളുടെയും നഴ്‌സറികളുടെയും സംരക്ഷണത്തിൽ ഏൽപിക്കുന്നതിന് ആഗ്രഹിക്കുന്ന ആഭ്യന്തര തീർഥാടകർ ഇതിനുള്ള നിരക്ക് ഇ-ട്രാക്ക് വഴി തന്നെ അടയ്ക്കുകയാണ് വേണ്ടത്. കുട്ടികളെ സുരക്ഷിത കരങ്ങളിൽ ഏൽപിച്ച് സമാധാനത്തോടെ ഹജ് കർമങ്ങൾ നിർവഹിക്കുന്നതിന് ഈ പദ്ധതി തീർഥാടകരെ സഹായിക്കും.