മദീന - ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം മസ്ജിദുന്നബവിയുടെ മുറ്റത്ത് 37,000 ഹാജിമാർക്ക് ഗോൾഫ് കാർട്ടുകളുടെ സേവനം ലഭിച്ചതായി കണക്ക്. മസ്ജിദുന്നബവിയുടെ പുറംഭാഗത്തെ ഗെയ്റ്റുകളിൽനിന്ന് പ്രവാചക മസ്ജിദിന്റെ കവാടങ്ങളിലേക്കും തിരിച്ചും തീർഥാടകരെ എത്തിക്കുന്നതിന് 12 ഗോൾഫ് കാർട്ടുകളാണ് ഹറംകാര്യ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു മാസത്തിനിടെ 37,057 തീർഥാടകർക്ക് ഗോൾഫ് കാർട്ടുകളുടെ സേവനം ലഭിച്ചതായി ഹറംകാര്യ വകുപ്പിൽ ഗതാഗത വിഭാഗം മേധാവി ഫഹദ് അൽസനാനി പറഞ്ഞു. നമസ്‌കാരങ്ങൾക്കു മുമ്പും ശേഷവും ഗോൾഫ് കാർട്ടുകൾ നിലക്കാതെ സർവീസ് നടത്തുന്നുണ്ട്. മസ്ജിദുന്നബിയുടെ പ്രവേശന കവാടങ്ങളിലും മുറ്റത്തും തീർഥാടകരെ അഞ്ചു മിനിറ്റിനകം ഗോൾഫ് കാർട്ടുകൾ എത്തിക്കും.
പ്രായാധിക്യം ചെന്നവർക്കും വികലാംഗർക്കും സേവനങ്ങൾ നൽകുന്നതിനും പുറംകവാടങ്ങളിൽ നിന്ന് മുറ്റങ്ങളിലും സ്ത്രീപുരുഷന്മാർക്ക് പ്രത്യേകം നീക്കിവെച്ച സ്ഥലങ്ങളിലും മസ്ജിദുന്നബവിക്കകത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും എത്തിക്കുന്നതിനും രണ്ടു പ്രധാന സെന്ററുകൾ ഗതാഗത വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ തീർഥാടകരെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കുന്നതിനു വേണ്ടി മസ്ജിദുന്നബവിയുടെ നാലു ഭാഗത്തെയും മുറ്റങ്ങളിൽ നാലു അസംബ്ലി പോയന്റുകളുണ്ടെന്നും ഫഹദ് അൽസനാനി പറഞ്ഞു.