ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് 10 ലക്ഷം ഡോളര്‍ സമ്മാനം. അതിലൊരാള്‍ മലയാളി. കണ്ണൂര്‍ സ്വദേശിയായ നീരജ് ഹരിയാണ് 10 ലക്ഷം ഡോളര്‍ സ്വന്തമാക്കിയത്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം പത്ത് പേര്‍ ചേര്‍ന്നാണ് നീരജിന്റെ പേരില്‍ ടിക്കറ്റെടുത്തത്. സമ്മാനത്തുക വീതിച്ചെടുക്കുമെന്ന് നീരജ് പറഞ്ഞു. ഓരോരുത്തര്‍ക്കും 70 ലക്ഷം രൂപ വീതം ലഭിക്കും.
സ്വകാര്യ കമ്പനിയില്‍ ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് നീരജ്. നാല് വര്‍ഷമായി ഡിഡിഎഫ് ടിക്കറ്റെടുക്കാറുണ്ടെന്ന് നീരജ് പറഞ്ഞു. 306 സീരിസില്‍നിന്നെടുത്ത 2711 നമ്പര്‍ ടിക്കറ്റാണ് നീരജിന് ഭാഗ്യം കൊണ്ടുവന്നത്.
നാട്ടില്‍ തനിക്ക് വായ്പകളടക്കാനുണ്ടെന്നും തുകയുടെ ഒരു ഭാഗം അതിനായി ചെലവഴിക്കുമെന്നും നീരജ് പറഞ്ഞു. ബാക്കി നിക്ഷേപിക്കും.
ഇന്ത്യക്കാരനായ ബന്ത്വാള്‍ അന്നു സുധാകറാണ് മറ്റൊരു 10 മില്യന്‍ ഡോളര്‍ വിജയി, 2686 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. റാസല്‍ഖൈമയിലാണ് സുധാകര്‍ ജോലി ചെയ്യുന്നത്. അദ്ദേഹവും സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. വിവിധ രാജ്യക്കാരായ ഏതാനും പേര്‍ക്കും സമ്മാനമുണ്ട്.