ദുബായ്- കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ നടപടികളും തുടര്‍ന്നുണ്ടായ സംഘര്‍ഷാത്മകമായ രാഷ്ട്രീയ സാഹചര്യവുംമൂലം രൂപയുടെ മൂല്യം കുറഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമായി. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇതോടെ ധനവിനിമയ സ്ഥാപനങ്ങള്‍ തിരക്കേറി.
ശമ്പളകാലമായതിനാല്‍ പൊതുവേ എല്ലാ മാസവും പത്താം തീയതിവരെ മണി എക്‌സ്‌ചേഞ്ചുകളില്‍ തിരക്കുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ അഭൂതപൂര്‍വമായ തിരക്കായിരുന്നുവെന്ന്് മണി എക്‌സ്‌ചേഞ്ച് ജീവനക്കാര്‍ പറയുന്നു.
മിക്ക എക്‌സ്‌ചേഞ്ചുകളിലും പണമയയ്ക്കാന്‍ എത്തിയവരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. ദിര്‍ഹത്തിന് 19.23 രൂപവരെ ചില എക്‌സ്‌ചേഞ്ചുകള്‍ നല്‍കി. സൗദിയില്‍ 18.65 വരെയെത്തി വിനിമയ നിരക്ക്. ഈ സ്ഥിതിവിശേഷം അടുത്തയാഴ്ച വരെ തുടര്‍ന്നേക്കുമെന്നു സൂചന.
നല്ല ഇടവേളക്ക് ശേഷമാണ് കാര്യമായ വ്യതിയാനം രൂപയുടെ മൂല്യത്തിലുണ്ടാകുന്നത്. ഇത് മുതലെടുക്കാന്‍ പരമാവധി ആളുകള്‍ ശ്രമിച്ചു. ഡോളറിനെതിരെ 75 പൈസയുടെ വ്യത്യാസം വരെയുണ്ടായത് വിനിമയ മൂല്യം താഴാനുമിടയാക്കിയതാണ് പ്രവാസികളെ സന്തോഷിപ്പിച്ചത്. ഡോളറിന് 70.78 രൂപവരെയായിരുന്നു. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിനാണ് വിപണി സാക്ഷ്യം വഹിച്ചത്. ഓഹരി വിപണിയിലെ ഇടിവും പലിശ നിരക്ക് കുറച്ചേക്കുമെന്ന അഭ്യൂഹവും വീണ്ടും നിരക്കിടിയാനുള്ള സാധ്യതയാണ് കാണിക്കുന്നത്.