തിരുവനന്തപുരം- യൂണിവേഴ്‌സിറ്റി കോളെജിൽ സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പി.എസ്.എസി പുറത്തുവിട്ടു. സിവിൽ പോലീസ് ഓഫീസർ പരീക്ഷയ്ക്കിടെ പ്രതികളുടെ മൊബൈലിലേക്ക് സന്ദേശങ്ങളെത്തിയെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ പറഞ്ഞു. ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 സന്ദേശങ്ങളുമാണ് ലഭിച്ചത്. ഇവ അയച്ച ഫോൺ നമ്പറുകളും ഇവർക്കൊപ്പം പരീക്ഷ എഴുതിയ 22 പേരുടെയും പരീക്ഷക്ക് മേൽനോട്ടം വഹിച്ചവരുടെയും മൊഴികൾ എടുത്തിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.
അതിനിടെ, പി.എസ്.സി പോലീസ് റാങ്ക് പട്ടികയിൽ ഉടൻ നിയമനമില്ലെന്നും ചെയർമാൻ വ്യക്തമാക്കി. 22-07-2018-ൽ നടന്ന ഏഴു ബറ്റാലിയനിലേക്കുള്ള പരീക്ഷകളും പരിശോധിക്കും. ഈ പരിശോധന പൂർത്തിയാകുന്നതുവരെ നിയമന ഉത്തരവ് അയക്കില്ല.
ശിവരഞ്ജിത്ത് ബിരുദ പരീക്ഷയിലും കൃത്രിമം നടത്തിയാണ് വിജയിച്ചത് എന്ന വിവരവും പുറത്തുവരുന്നുണ്ട്. 2014 മുതലുള്ള നാലു സെമസ്റ്ററുകളിലും ശിവരഞ്ജിത് തോറ്റിരുന്നു. എന്നാൽ 2016-ലെ രണ്ടു സെമസ്റ്ററുകളിലും ഉയർന്ന മാർക്ക് നേടിയാണ് ശിവരഞ്ജിത് വിജയിച്ചത്. 2016-ലെ ഉത്തരക്കടലാസുകളാണ് ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയത്.