പ്രവാസ ലോകമിന്ന് സാമ്പത്തിക പിരിമുറുക്കത്തിന്റെ നെറുകയിലാണ്. പ്രവാസമെന്നാൽ സമ്പാദ്യത്തിനുള്ള ഉപാധിയെന്നതു മാറി സാമ്പത്തിക ബാധ്യതകളാൽ ഉഴലുന്നവരുടെ ഗണമായി മാറിയിരിക്കുന്നു. പക്ഷേ, വിമാനക്കമ്പനികളുടെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും കണക്കിൽ പ്രവാസി ഇന്നും അതിസമ്പന്നനും ചൂഷണം ചെയ്യപ്പെടേണ്ടവനുമാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും കാഴ്ചപ്പാടുകളിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പ്രവാസിയാണോ, അവൻ സമ്പന്നതയുടെ പട്ടുമെത്തയിൽ ഉറങ്ങുന്നവനാണെന്നാണ് പൊതു ധാരണ. അതുകൊണ്ടു തന്നെ അവനിൽനിന്ന് മറ്റാരേക്കാളും പ്രതീക്ഷിക്കാം. അതു കല്യാണമോ, വീടു കുടിയിരിപ്പോ, നാട്ടിൽ നടക്കുന്ന ഉത്സവമോ എന്തുമായിക്കൊള്ളട്ടെ, നാട്ടിലുള്ളവരേക്കാൾ ഒരു പടി മുന്നിലാണെന്ന മട്ടിൽ അവൻ കൂടുതൽ നൽകാൻ ബാധ്യസ്ഥനാണന്ന കാഴ്ചപ്പാടിന് ഇന്നും മാറ്റം ഉണ്ടായിട്ടില്ല. പഴയകാല പ്രവാസിയുടെ പളപളപ്പ് ഇന്നും ആ കാഴ്ചപ്പാടിനുണ്ട്.
എന്നാൽ യഥാർഥ വസ്തുതയെന്താണ്? പ്രവാസിയെന്നാൽ ദരിദ്രവാസി എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഗൾഫിന് സമ്പന്നതയുടെ പരിവേഷം പകർന്നിരുന്ന എണ്ണയുടെ വില കുത്തനെ താഴേക്ക് പോയ കാലം മുതൽ പ്രവാസിയുടെ സാമ്പത്തിക ഭദ്രതയും തകരാൻ തുടങ്ങി. ഗൾഫ് രാജ്യങ്ങൾ എണ്ണ വരുമാനം കുറഞ്ഞപ്പോൾ എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള ഉപാധികൾ ആരാഞ്ഞു. അതിന്റെ ഫലമായി പലവിധത്തിലുള്ള നികുതികളും നിയന്ത്രണങ്ങളും കൊണ്ടുവന്നു. ഇതോടെ സുരക്ഷിത ജോലി, സുരക്ഷിത സമ്പാദ്യം എന്ന പ്രവാസ മഹിമക്ക് കോട്ടം തട്ടി. സാമ്പത്തിക നിയന്ത്രണങ്ങളുടെ പേരിൽ സ്ഥാപനങ്ങളും കമ്പനികളും ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനും നൽകിവരുന്ന സാമ്പത്തിക സഹായങ്ങളുടെ തോത് കുറക്കുന്നതിനും തീരുമാനിച്ചു. ഇതിനു പുറമെ സർക്കാർ ഇടപാടുകൾക്കുള്ള ഫീസുകളും കൂട്ടി. ഇതോടെ വരുമാനത്തേക്കാൾ കൂടുതൽ ചെലവ് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്നറിയാതെയുള്ള വിഷമ വൃത്തത്തിലാണ് പ്രവാസികൾ.
മറ്റേതൊരു ഗൾഫ് രാഷ്ട്രത്തേക്കാളും പ്രവാസികളെ സംബന്ധിച്ചിടത്തോളം ജോലി സുരക്ഷിതത്വവും വരുമാനക്കുടുതലും സൗദി അറേബ്യയിലായിരുന്നു. ജീവിതച്ചെലവാകട്ടെ മറ്റിടങ്ങളെ അപേക്ഷിച്ച് കുറവും. അതുകൊണ്ടു തന്നെ മറ്റെന്തൊക്കെ തന്നെ പരിമിതികളുണ്ടായിരുന്നാലും സൗദിയിലെത്തിപ്പെട്ടവരാരും മടങ്ങാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാലിപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. ആശ്രിത ലെവി എന്ന പേരിൽ ജൂലൈ ഒന്നു മതുൽ സൗദിയിൽ നടപ്പാക്കിയ പുതിയ പദ്ധതി ചെറുകിട, ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസം സൃഷ്ടിക്കുന്നതാണ്. നിലവിൽ ലെവിയായി പ്രതിമാസം 100 റിയാലാണ് ആശ്രിതരായി കഴിയുന്ന ഒരു കുടുംബാംഗത്തിന് ഈടാക്കുന്നതെങ്കിൽ വരും വർഷങ്ങളിൽ ഇത് ഇരട്ടിക്കുമെന്നതാണ് പലരേയും ആശങ്കയിലാക്കുന്നത്. 2020 ൽ പ്രതിമാസം 400 റിലായിരിക്കും ലെവി. രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന ചെറിയൊരു കുടുംബത്തിന് 2020 ൽ ലെവിയിനത്തിൽ മാത്രം 14,400 റിയാൽ ചെലവഴിക്കേണ്ടി വരും. മറ്റു ചെലവുകൾ വേറെ. 5000 റിയാൽ പ്രതിമാസ വരുമാനക്കാരനായ ഒരാൾക്ക് ഫഌറ്റ് വാടക, കുട്ടികളുടെ ഫീസ്, വീട്ടുചെലവ് എന്നിവ കഴിച്ച് നീക്കിയിരിപ്പായി ഒന്നും തന്നെ ഉണ്ടാവില്ലെന്നു വേണം പറയാൻ. എങ്കിലും ഇതിൽനിന്നു മിച്ചം കണ്ടെത്തിയാണ് വർഷാ വർഷം അവധിക്കു നാട്ടിൽ പോകുന്നതും മറ്റു ചെലവുകൾ നിർവഹിക്കുന്നതും. അതോടൊപ്പം ലെവി കൂടിയാവുമ്പോൾ പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയാണുണ്ടാവുക. ഇതിനെ എങ്ങനെ മറികടക്കാനാവുമെന്ന ചിന്തയിലാണ് കുടുംബങ്ങളെല്ലാം.
പ്രവാസികൾ പലവിധ പ്രതിസന്ധികളെയും തരണം ചെയ്തിട്ടുള്ളവരാണ്. അതിനാൽ ഈ പ്രതിസന്ധിയെയും അവർക്ക് ഒരു പരിധി വരെ അതിജീവിക്കാനാവും. അതിന് കൂട്ടായുള്ള പരിശ്രമങ്ങളും സഹകരണവും പോരാട്ടവും വേണം. എളുപ്പ ഉപാധി കുടുംബങ്ങളെ നാട്ടിലയക്കുകയെന്നതാണ്. എന്നാൽ ചെലവ് ചുരുക്കിയും മറ്റു വരുമാന മാർഗങ്ങൾ കണ്ടെത്തിയും അധിക ബാധ്യതകൾക്ക് ആശ്വാസം കണ്ടെത്താം. പരമാവധി ജീവിത ചെലവ് കുറച്ചും മറ്റുള്ളവരുടെ മുന്നിൽ മേനി നടിക്കാനായി നടത്തുന്ന കാട്ടിക്കൂട്ടലുകൾ അവസാനിപ്പിച്ചും അനാവശ്യ ചെലവുകൾ കുറക്കാം.
ടിക്കറ്റിനും റീ എൻട്രി ഫീസിനുമായി പ്രതിമാസം ചെറിയ സംഖ്യ നീക്കി വെക്കുന്നതിനൊപ്പം ലെവി ഇനത്തിലേക്കും ചെറിയ സംഖ്യ നീക്കിവെച്ചുകൊണ്ടായിരിക്കണം ഇനിയുള്ള നാളുകൾ മുന്നോട്ടു പോകേണ്ടത്. ഒരു ജോലിയും ചെയ്യാതെ വീട്ടിലിരിക്കുന്ന കുടുംബിനികൾ നിയമ പരിധിക്കകത്തുനിന്നുകൊണ്ട് ചെയ്യാവുന്ന ജോലികൾ ചെയ്തു കുടുംബത്തിനു സഹായികളായി മാറണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും കലാപരിപാടികൾ ആസ്വദിക്കുകയും വേണം. കുട്ടികളുടെ ഈ രംഗത്തെ കഴിവുകൾ വളർത്തുകയും വേണം. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ അഹങ്കരിച്ചും, കലാപരമായി കഴിവില്ലാത്ത കുട്ടികളെപ്പോലും അവർക്കിഷ്ടമില്ലാത്തത് പഠിപ്പിക്കാൻ നിർബന്ധിപ്പിച്ചും അതിനായി നടത്തുന്ന അനാവശ്യ ചെലവുകൾ അവസാനിപ്പിക്കണം. തട്ടിക്കൂട്ടു സംഘടനകളുണ്ടാക്കി കലാപരിപാടികളുടെയും കുട്ടികളുടെ കഴിവുകളുടെ പരിപോഷണത്തിന്റെയും പേരിൽ തട്ടിപ്പു നടത്തുന്നവരെ തിരിച്ചറിയുകയും അതിനായി വിനിയോഗിക്കുന്ന പണവും സമയവും പാഴായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ദുരിതമനുഭവിക്കുന്നവർക്ക് കഴിയുന്ന സഹായങ്ങൾ നൽകണം. പക്ഷേ, ഈയിനത്തിലും പലവിധ വെട്ടിപ്പുകൾ നടക്കുന്നുണ്ട്. അക്കാര്യത്തിൽ ജാഗ്രത പാലിക്കണം. അവധിക്കു നാട്ടിൽ പോകുമ്പോൾ വാങ്ങിക്കൂട്ടുന്ന അനാവശ്യ സംഗതികൾ ഒഴിവാക്കണം. നാട്ടിലെത്തിയാൽ പണമിറക്കിയുള്ള ജാടകളികൾ അവസാനിപ്പിക്കണം. ഇതോടൊപ്പം നീക്കിയിരിപ്പുകളെ ചെറിയ ചെറിയ വരുമാന മാർഗങ്ങളാക്കി മാറ്റാൻ ഒറ്റക്കും കൂട്ടായുമുള്ള പരിശ്രമം ഉണ്ടാവണം. നാട്ടിലും വീട്ടിലും നടക്കുന്ന ചെറിയ ചെറിയ പരിപാടികളിൽ പോലും പങ്കെടുക്കാനായി നടത്തുന്ന യാത്രകൾ ഒഴിവാക്കണം. വിമാനക്കമ്പനികളുടെ ചൂഷണം തടയാൻ കൂട്ടായുള്ള പോരാട്ടങ്ങൾ തുടരണം. ഇക്കണോമി ക്ലാസ് നിരക്കിന് പരിധി നിശ്ചയിക്കാൻ സർക്കാർ തലത്തിൽ സമ്മർദം ചെലുത്തണം. വിദേശത്ത് പഠിച്ചുവെന്ന ഒറ്റ കാരണത്താൽ പ്രവാസികളായ വിദ്യാർഥികളെ എൻ.ആർ.ഐ കാറ്റഗറിയിൽ പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈടാക്കുന്ന അമിത ഫീസ് നിർത്തലാക്കാൻ ശ്രമിക്കണം. ഇക്കാര്യങ്ങളിൽ ഊന്നി വേണം രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി പ്രവാസി സംഘടനകളുടെ പ്രവർത്തനം. മത സംഘടനകൾ സംഘടനയുടെ പരിപോഷണത്തിന്റെ പേരിൽ നടത്തുന്ന കാമ്പയിനുകൾക്കും പ്രഭാഷണങ്ങൾക്കും സ്ഥാപനങ്ങളുടെ പേരിൽ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതിനുമായി നടത്തുന്ന പണപ്പിരിവുകൾ പ്രത്യുൽപാദന മേഖലയിലേക്ക് തിരിച്ചുവിട്ട് പ്രവാസികൾക്ക് വരുമാന മാർഗത്തിനുള്ള വഴികൾ തുറന്നു കൊടുക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എല്ലാ പ്രവാസികളെയും ഒരേ കണ്ണുകളോടെ കാണാതെ ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ കണക്കിലെടുത്ത് കുറഞ്ഞ പക്ഷം അവർക്കെങ്കിലും ആശ്വാസകരമായ നടപടികൾ സ്വീകരിക്കണം. അതിനായുള്ള കൂട്ടായ പരിശ്രമങ്ങളും മിതവ്യയ ശീലങ്ങളുടെ പ്രചാരകരുമായി മാറിയാൽ ഇന്നഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങൾക്ക് ആശ്വാസം കണ്ടെത്താനാവും.