തിരുവനന്തപുരം - സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം ബഷീറിന്റേത് കൊലപാതകമാണെന്നു മന്ത്രി എം.എം മണി പറഞ്ഞു. യഥാർഥത്തിൽ ബഷീറിനെ കൊല്ലുകയാണ് ചെയ്തത്. ഒരു ഐ.എ.എസ് ഓഫീസർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ല. ഐ.എ.എസ് ഓഫീസർക്ക് പിന്നിൽ ലോബിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബും കേരളാ പത്രപ്രവർത്തക യൂനിയനും സംഘടിപ്പിച്ച ബഷീറിന്റെ അനുശോചന ചടങ്ങിലാണ് എം.എം.മണി ഇക്കാര്യം പറഞ്ഞത്. അന്വേഷണത്തിന്റെ കാര്യത്തിൽ സർക്കാർ നിലപാടെടുക്കും. കേസ് മുന്നോട്ട് പോകുമ്പോൾ പൊതു സമൂഹത്തിന്റെ പിന്തുണ തേടണം. നിയമം നിയമത്തിന്റെ വഴിക്കു പോകും. സർക്കാർ എല്ലാ കാര്യങ്ങളും ചെയ്യും. മരിച്ച ബഷീറിന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ വേണ്ട നടപടികൾ പൊതു സമൂഹത്തിന്റെ പിന്തുണയോടു കൂടി സ്വീകരിക്കണമെന്നും മന്ത്രി എം.എം മണി പറഞ്ഞു. താൻ കൂടുതലെന്തെങ്കിലും പറഞ്ഞാൽ അത് മറ്റെന്തെങ്കിലും കാരണം കൊണ്ടാണെന്നു വ്യാഖ്യാനിക്കുമെന്നും എം.എം മണി പറഞ്ഞു.
കേസ് അട്ടിമറിക്കാൻ ഉന്നത തലങ്ങളിൽ ഒളിച്ചുകളി നടത്തുകയാണെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു. കേസ് അന്വേഷിച്ചു തുമ്പുണ്ടാക്കാൻ കഴിയില്ല. കേസ് നശിപ്പിക്കാനുളള ശ്രമം നടക്കില്ല. ഉന്നതങ്ങളിൽ സ്വാധീനമുളളവർക്ക് എന്തും ആകാമെന്നാണ്. മാതൃകാപരമായ ശിക്ഷ ഉണ്ടാവണം. പുതിയ എഫ്.ഐ.ആർ തയാറാക്കണമെന്നും മുല്ലപ്പളളി പറഞ്ഞു. ഭരണ സ്വാധീനമില്ലാത്തവർക്ക് സഞ്ചരിക്കാനും ജീവിക്കാനുമുളള സ്വാതന്ത്യം ഇല്ലെന്നാണോയെന്നും മുല്ലപ്പളളി ചോദിച്ചു.
ഏതെങ്കിലും ഉദ്യോഗസ്ഥൻ ചട്ടം ലംഘിച്ചാൽ നടപടിയുണ്ടാകണം. സീസറുടെ ഭാര്യ സംശയത്തിനതീതയാവണം. ഐ.എ.എസ് ഉദ്യോഗസ്ഥർ ആരുടെ കൂടെയാണ് രാത്രി ചെലവഴിക്കുന്നത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു. ഐ.എ.എസ് ഉദ്യോഗസ്ഥനു മാന്യതയുണ്ടെങ്കിൽ സ്വമേധയാ രാജിവെച്ചു കുറ്റം ഏറ്റുവാങ്ങാനുളള മര്യാദ കാണിക്കണമെന്നു വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥർക്കാകെ നാണക്കേടാണ് ഈ സംഭവം. ഒരു കുറ്റവാളിയെയും സംരക്ഷിക്കാൻ സർക്കാർ ഉണ്ടാവില്ലെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
അന്വേഷണം ശക്തമായി നടത്തുന്നുണ്ടെന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാനമാകെ വിറങ്ങലിച്ച സംഭവമാണ് ഉണ്ടായത്. ആരായാലും കുറ്റവാളികളെ സംരക്ഷിക്കില്ല. എത്ര ഉന്നതനായാലും സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നത അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുണ്ടെങ്കിൽ ആരെയും കൊല്ലാമെന്ന സ്ഥിതിയാണുളളതെന്നു സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
എസ്.ഐക്ക് എഫ്.ഐ.ആർ മാറ്റിയെഴുതാൻ കഴിയില്ല. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ച് ഒരു മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയപ്പോൾ പോലീസ് കാണിക്കേണ്ട ഉത്തരവാദിത്തം കാണിച്ചില്ല. ഇത്തരമൊരു സംഭവം തലസ്ഥാനത്ത് നടന്നാൽ കേരളം മുഴുവൻ നടക്കും. സർക്കാർ പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥർ സർവീസിലുണ്ടെങ്കിൽ അവരെ പരിച്ചുവിടണം. രാത്രി ഒന്നരക്ക് ഒരു പെണ്ണിനെയും കൊണ്ട് മദ്യപിച്ച ശേഷം വാഹനമോടിച്ച് ഒരു മാധ്യമ പ്രവർത്തകനെ ഇടിച്ചു കൊന്ന കൊലയാളിയെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്തത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ ക്രിമിനലെങ്കിൽ അയാൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.
പത്രപ്രവർത്തക യൂനിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെളളിമംഗലം അധ്യക്ഷനായിരുന്നു. പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബി.ജെ.പി നേതാവ് വി.വി രാജേഷ്, കെ.റ്റി.ഡി.സി ചെയർമാൻ എം. വിജയകുമാർ, മീഡിയാ അക്കാദമി ചെയർമാൻ ആർ.എസ് ബാബു, മുൻ എം.പി എം.പി അച്യുതൻ, സിറാജ് തിരുവനന്തപുരം യൂണിറ്റ് ഇൻ ചാർജ് എ സൈഫുദ്ദീൻ ഹാജി പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ജി. പ്രമോദ് നന്ദി പറഞ്ഞു.