കാസർകോട് - ദേശീയ മീറ്റിൽ ചരിത്ര നേട്ടം കൊയ്ത പോലീസ് നായകളായ ബഡ്ഡിയും റൂണിയും ഇനി കേരള പോലീസിന്റെ അഭിമാന താരങ്ങൾ. കേരള ചരിത്രത്തിൽ ആദ്യമായാണ് ദേശീയ തലത്തിൽ എക്‌സ്‌പ്ലോസീവ് സ്‌നിഫർ വിഭാഗത്തിൽ പോലീസ് ഡോഗിന് ഗോൾഡ് മെഡൽ ലഭിക്കുന്നത്. മെഡൽ ജേതാക്കൾക്കും പരിശീലകർക്കും കാസർകോട് ജില്ലാ പോലീസ് ചീഫിന്റെ കാര്യാലയത്തിന് മുന്നിൽ ഇന്നലെ രാവിലെ ഒരുക്കിയ ആദരവ് ചടങ്ങു തന്നെ ഈ അഭിമാന നേട്ടം പോലീസ് സേനയിലെ മുഴുവൻ പേരും പങ്കിടുന്നുവെന്ന് വിളിച്ചോതി.
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന 62 ാമത് ദേശീയ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് എക്‌സ്‌പ്ലോസീവ് വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കാസർകോട് ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ ബഡ്ഡിക്കും ഈ മീറ്റിൽ ട്രാക്കർ വിഭാഗത്തിൽ മത്സരിച്ച് ഏഴാം സ്ഥാനം നേടിയ കാസർകോടിന്റെ തന്നെ പോലീസ് ഡോഗ് റൂണിക്കും ഗംഭീര വരവേൽപാണ് ഇന്നലെ ഒരുക്കിയത്. രാവിലെ പത്തര മണിയോടെ എത്തിയ ഇവരെ ഹാരം അണിയിച്ചു ബൊക്കെ നൽകി സ്വീകരിച്ച ശേഷം ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് ബഡ്ഡിയെ സ്വർണപതക്കം അണിയിച്ചു. തുടർന്ന് അനുമോദന യോഗം ചേരുകയും ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ മെഡൽ ജേതാക്കളെ പോലീസ് ഡോഗ് സെല്ലിൽ എത്തിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പോലീസ് നായകൾ ബഡ്ഡിയെ സലൂട്ട് നൽകി സ്വീകരിച്ച കാഴ്ച മനസ്സ് കുളിർപ്പിക്കുന്നതായി. പടക്കം പൊട്ടിച്ചും മധുരം നൽകിയും പോലീസ് സേനാംഗങ്ങൾ സ്വീകരണം കൊഴുപ്പിച്ചു. എഎസ്പി ഡി ശിൽപ, ഡിവൈ.എസ്പിമാരായ ഹരിശ്ചന്ദ്ര നായക്ക്, എം അസൈനാർ, കെ വി ബാലകൃഷ്ണൻ തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു. കെ.കെ. അജേഷ്, മനു പി ചെറിയാൻ എന്നിവരാണ് ബഡ്ഡിയുടെ പരിശീലകർ. എസ്.രഞ്ജിത്ത്, ആർ. പ്രജേഷ് എന്നിവരാണ് റൂണിയുടെ പരിശീലകർ.
2015 ൽ തൃശൂർ പോലീസ് അക്കാദമിയിൽ നിന്നാണ് ഇരുവരും പരിശീലനം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷത്തെ കേരളാ സ്റ്റേറ്റ് പോലീസ് ഡ്യൂട്ടി മീറ്റിൽ ഗോൾഡ് മെഡലും ഈ വർഷത്തെ ഡ്യൂട്ടി മീറ്റിൽ സിൽവർ മെഡൽ ജേതാവുമാണ് ബഡ്ഡി. റൂണി ഈ വർഷത്തെ കേരളാ സ്റ്റേറ്റ് പോലീസ് ഡ്യൂട്ടി മീറ്റിലെ സിൽവർ മെഡൽ ജേതാവാണ്. ഇന്ത്യയിൽ തന്നെ ആർമി, ബി.എസ്.എഫ്, ഐ.റ്റി.ബി.പി തുടങ്ങിയ സേനകളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മികച്ച പോലീസ് ഡോഗുകളോട് മത്സരിച്ചാണ് ബഡ്ഡിയും റൂണിയും ഈ നേട്ടം കൈവരിച്ചത്.