Sorry, you need to enable JavaScript to visit this website.

സ്‌പോൺസർക്കെതിരെ 1081 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രവാസി നിയമ നടപടിക്കൊരുങ്ങുന്നു

അബ്ദു ചാവക്കാട് വാർത്താ സമ്മേളനത്തിൽ

ചാവക്കാട് - നിരപരാധിയായിരുന്നിട്ടും ആറു വർഷത്തോളം ഖത്തറിൽ ജയിലിൽ കഴിയേണ്ടിവന്നതിന്റെ പേരിൽ 1081 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തർ പൗരനെതിരെ പ്രവാസി നിയമനടപടിക്കൊരുങ്ങുന്നു. ചാവക്കാട് തിരുവത്ര കോട്ടപുറം സ്വദേശി തെരുവത്ത് അബ്ദുവാണ് ഖത്തറിലെ പ്രമുഖ അഭിഭാഷകനായ അബ്ദുള്ള ഈസ അൽ അൻസാരി ഫൗസിയ അൽ ഒബൈദില്ല മുഖേന നിയമ നടപടിക്കൊരുങ്ങുന്നത്. 
തന്റെ സ്‌പോൺസറായിരുന്ന റാഷിദ് അൽ നയീമിക്കെതിരെയാണ് നിയമ പോരാട്ടം. 2004 ഏപ്രിൽ ഒന്നു മുതൽ പ്രതിമാസം 2000 ഖത്തർ റിയാൽ നൽകിയാണ് പ്രസ്തുത സ്‌പോൺസർക്കു കീഴിൽ ഖത്തറിൽ സൂഖ് നജഡയിൽ ഹിൽടോപ് കമ്യൂണിക്കേഷൻ എന്ന സ്ഥാപനം തുടങ്ങിയത്. മകൻ ഷർജാസും ഈ സ്ഥാപനത്തിലുണ്ടായിരുന്നു. 
ലോകോത്തര മൊബൈൽ കമ്പനികളുടെ ഫോണുകൾ ഖത്തറിലെ നൂറുകണക്കിനു സ്ഥാപനങ്ങളിൽ ഹോൾസെയിലായി വിതരണം ചെയ്യുന്ന സ്ഥാപനമായിരുന്നു ഹിൽടോപപ്പ് കമ്മ്യൂണിക്കേഷൻ. ബിസിനസിലെ വളർച്ചയും മറ്റും കണ്ട സ്‌പോൺസർ റാഷിദ് അൽനയീമി കട പിടിച്ചെടുക്കാനുള്ള ശ്രമം നടത്തി. ഇതിന്റെ ഭാഗമായി തന്നെ നിരന്തരം ശല്യം ചെയ്തതായും അബ്ദു പറയുന്നു. തന്നെയും മകനെയും സ്‌പോൺസർ കുടുക്കാൻ ശ്രമം നടത്തുന്നതായി മനസ്സിലാക്കിയ അബ്ദു മകനെ നാട്ടിലേക്കു പറഞ്ഞയച്ചു. കോടികളുടെ  ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ചുപോരാൻ അബ്ദു തയാറായില്ല. 
2007 ഫെബ്രുവരി 18 ന് സ്‌പോൺസർ അബ്ദുവിന്റെ സ്ഥാപനം പിടിച്ചെടുക്കുകയും അഞ്ച് മില്യൺ ഖത്തർ റിയാൽ അപഹരിച്ച് താനും മകനും കള്ള പാസ്‌പോർട്ട് സംഘടിപ്പിച്ച് നാടുവിട്ടെന്ന് കേസ് കൊടുക്കുകയും ചെയ്തു. കള്ള പാസ്‌പോർട്ട് ഉപയോഗിച്ചു നാടുവിട്ടെന്ന ഖത്തർ പൗരന്റെ പരാതിയിൽ ഖത്തർ പോലീസ് ഇന്ത്യൻ എംബസിയുമായി  ബന്ധപ്പെട്ട് കേരള പോലീസിന്റെ സഹകരണത്തോടെ നാട്ടിലും അന്വേഷണം നടത്തിയിരുന്നു. നാടു വിട്ടിട്ടില്ലന്നും ഖത്തറിൽ തന്നെയുണ്ടെന്നും ഇന്ത്യൻ എംബസിയിൽ രേഖാമൂലം റിപ്പോർട്ട് നൽകി.  ഇതോടെ നാട്ടിലെ അന്വേഷണം നിന്നു. എന്നാൽ തന്റെ വാദം തിരസ്‌കരിച്ചുകൊണ്ട് 2007 ൽ തന്നെ കീഴ്‌ക്കോടതിയിൽ എതിരായി വിധി വന്നു.  രണ്ടു വർഷം  തടവും ഖത്തർ വിടുകയും വേണം എന്നായിരുന്നു വിധി.  മേൽകോടതിയിൽ അപ്പീൽ പോയി ഒന്നര വർഷത്തിനു ശേഷം നിരപരാധിത്വം തെളിയിച്ച് ശിക്ഷയിൽനിന്ന് ഒഴിവാക്കി. എന്നാൽ സ്‌പോൺസർ  ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് തന്നെ ഡിപോർട്ടേഷൻ സെന്ററിൽ കൊണ്ടുവരികയും 2016 മെയ് വരെ അവിടെ കുടുക്കുകയും ചെയ്തു. പിന്നീട് നാട്ടിലെത്തിയ താൻ നിയമ നടപടികൾക്കുള്ള നടപടികളുടെ പോരാട്ടത്തിലായിരുന്നു. ഖത്തറിലേക്ക് തിരിച്ചു പോകാൻ കഴിയാത്തതിനാൽ പല രേഖകളും ശരിപ്പെടുത്തേണ്ടതുണ്ടായിരുന്നു. രണ്ടു വർഷത്തിലധികമായി രേഖകളുടെ പിറകിലായിരുന്നു. രേഖകൾ എല്ലാം ശരിയാതിനാലാണ് നിയമ നടപടികളിലേക്ക് നീങ്ങുന്നതെന്ന് അബ്ദു പത്രസമ്മേളനത്തിൽ പറഞ്ഞു. 
 ഷോപ്പ് പിടിച്ചെടുക്കുമ്പോൾ തന്റെ ഷോപ്പിന്റെ വാല്യൂ 10 ലക്ഷം ഖത്തർ റിയാലുണ്ടായിരുന്നതായി അബ്ദു അവകാശപ്പെടുന്നു. രണ്ടു ലക്ഷം റിയാലിന്റെ മറ്റു സാധനങ്ങളും ഉണ്ടായിരുന്നു.   
ആറു വർഷത്തോളമാണ് ജയിലിലും  ഡിപോർട്ടേഷൻ സെന്ററിലുമായി കഴിഞ്ഞത്. പ്രധാനമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രിയടക്കമുള്ളവർക്കും അബ്ദു പരാതി നൽകിയിട്ടുണ്ട്. 2016 ലെ കണക്കു പ്രകാരമാണ് 1081 കോടി (ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അബ്ദു പറഞ്ഞു. സുഹൃത്ത് പി.കെ സുധീറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.  

 

Latest News