Sorry, you need to enable JavaScript to visit this website.

കനോലി കനാലിന്റെ ആഴം കൂട്ടാൻ തുടങ്ങി

കോഴിക്കോട് -പായലുകൾ നീക്കി വൃത്തിയാക്കിയ കനോലി കനാലിന്റെ ചെളി നീക്കി ആഴം കൂട്ടിത്തുടങ്ങി. കാരപറമ്പ് മൈത്ര ഹോസ്പിറ്റലിനു സമീപത്തെ ചെളിയാണ് യന്ത്ര സഹായത്താൽ കോരി നീക്കുന്നത്. സിൽറ്റ് പുഷർ, ഹിറ്റാച്ചി, ക്രെയിൻ എന്നിവ ഉപയോഗിച്ചാണ് ചെളി നീക്കുന്നത്. കെട്ടി നിൽക്കുന്ന ചെളി സിൽട്ട് പുഷർ നീക്കിക്കൊണ്ട് വന്ന് ക്രെയിനിൽ തൂക്കിയിട്ട യന്ത്ര തൊട്ടി ഉപയോഗിച്ച് കരയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് ചെളി നീക്കം ചെയ്യുന്നത്. നീക്കം ചെയ്ത ചെളി ലോറിയിൽ കയറ്റി മാറ്റുമെന്നും കരാർ ഏറ്റെടുത്ത കൊച്ചിയിലെ മാറ്റ്‌പ്രോപ് ടെക്‌നിക്കൽ സർവീസ് ഡയറക്ടർ ദീപക് മോഹൻ പറഞ്ഞു.
 കനാൽ കല്ലായ് പുഴയുമായി ചേരുന്ന ഭാഗത്ത് നേരത്തെ വലിയ അളവിൽ മണൽ കൂന രൂപപ്പെട്ടിരുന്നു. ഇവ നീക്കി കനാലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വീണ്ടെടുത്താണ് മെയ് ആദ്യവാരം പ്രവൃത്തി ആരംഭിച്ചത്. കല്ലായ് പുഴ മുതൽ കോരപ്പുഴ വരെയുള്ള കനാലിന്റെ 11.2 കിലോമീറ്റർ ചെളിയാണ് 46 ലക്ഷം രൂപ ചെലിൽ നീക്കം ചെയ്യുന്നത്. കേരള വാട്ടർവെയ്‌സ് ആന്റ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡി (ക്വിൽ) ന്റെ നേതൃത്യത്തിലാണ് വൃത്തിയാക്കുന്നത്. മാറ്റ് പ്രോപ് ടെക്‌നിക്കൽസിനാണ് ശുചീകരണ ചുമതല.  ഒഴുക്ക് സുഗമമാക്കാൻ ആദ്യഘട്ടത്തിൽ കല്ലായ്പുഴയും കനോലി കനാലും ചേരുന്ന മൂര്യാട് ഭാഗത്തെ ചെളിയാണ് നീക്കം ചെയ്തത്. അതിനു ശേഷമാണ് ബാക്കി ശുചീകരണം തുടരുന്നത്. ഇടയ്ക്ക് ബോട്ടോടിച്ച് നോക്കുകയും ചെയ്തു. കനാലിന്റെ ഇരു വശങ്ങളിലും ഉള്ള ചെളി നീങ്ങിയാൽ തന്നെ നിലവിലുള്ള ഒഴുക്കിന്റെ പ്രശ്‌നവും മാറും. ഓപറേഷൻ കനേലി കനാൽ എന്ന പേരിൽ ജില്ലാ ഭരണകൂടം, കോഴിക്കോട് നഗരസഭ, വേങ്ങേരി നിറവ് എന്നിവയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തതോടെ കനാൽ ശുചീകരിച്ച് ആറ് മാസം കൊണ്ട് 2513 ചാക്ക് മാലിന്യം മാറ്റിയിരുന്നു. എട്ട് സെക്ടറുകളായി തിരിച്ച് ശുചീകരണ ചുമതല വിവിധ സംഘടനകളേയും സ്ഥാപനങ്ങളേയും ഏൽപിച്ചെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കാതായതോടെ കനാലിലേക്ക് വീണ്ടും മാലിന്യം തള്ളൽ ആരംഭിച്ചു. കൂടാതെ പായലുകൾ വളരുകയും ചെയ്തു. തുടർന്നാണ് അരക്കോടിയോളം ചെലവഴിച്ച് ആഴം കൂട്ടൽ നടക്കുന്നത്. 

 

Latest News