മക്ക - ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന ബസുകളിലെ ഡ്രൈവർമാർക്ക് ഉത്തേജക മരുന്ന് പരിശോധന നടത്തുന്നതിന് മക്ക-മദീന റോഡിൽ അഞ്ചു കേന്ദ്രങ്ങളുള്ളതായി വിദേശ ഹാജിമാർക്ക് യാത്രാ സൗകര്യം നൽകുന്ന ബസ് കമ്പനികളുടെ കൂട്ടായ്മയായ ജനറൽ കാർസ് സിണ്ടിക്കേറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ അൽഹർബി വെളിപ്പെടുത്തി. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ബസ് ഡ്രൈവർമാർക്ക് ഉത്തേജന മരുന്ന് പരിശോധന നടത്തുന്നത്. ഡ്രൈവർമാരിൽനിന്ന് ശേഖരിക്കുന്ന സാമ്പിളുകളിൽ നടത്തുന്ന പരിശോധനയിൽ ഉത്തേജക മരുന്ന് സാന്നിധ്യം കണ്ടെത്തിയാലുടൻ ബന്ധപ്പെട്ട ഡ്രൈവർമാരെ സൗദിയിൽനിന്ന് നാടുകടത്തും. കഴിഞ്ഞ വർഷം 300 ലേറെ ഡ്രൈവർമാരെ ഇങ്ങനെ നാടുകടത്തിയിരുന്നു.
ഈ വർഷം ഇതുവരെ ഡ്രൈവർമാരിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ ഒരു സാമ്പിളിലും ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാൽ ഡ്രൈവർമാർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. ഹജ് തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന ഡ്രൈവർമാരെ ഉടനടി ജോലിയിൽ നിന്ന് അകറ്റിനിർത്തുന്നത്. എട്ടു മുതൽ പത്തു മണിക്കൂറിൽ കൂടുതൽ തൊഴിൽ ചെയ്യേണ്ടതില്ലാത്ത നിലക്ക് ബസ് ഡ്രൈവമാരുടെ ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെയും ഹജ് തീർഥാടകരുടെയും സുരക്ഷ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ വ്യവസ്ഥ ബാധകമാക്കിയിരിക്കുന്നത്.
ജനറൽ കാർസ് സിണ്ടിക്കേറ്റിനു കീഴിലെ മുഴുവൻ ബസ് കമ്പനികൾക്കും ആവശ്യമായത്ര സൗദി ഡ്രൈവർമാരെ കിട്ടാനില്ലാത്തത് ഏറ്റവും വലിയ പ്രതിബന്ധമാണ്. ഇക്കാരണത്താൽ ഓരോ വർഷവും ഈജിപ്തിൽനിന്നും സുഡാനിൽനിന്നും ആയിരക്കണക്കിന് ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുകയാണ്. ബസ് ഡ്രൈവിംഗിൽ സൗദി യുവാക്കൾക്ക് പരിശീലനം നൽകുന്നതിന് പ്രത്യേക അക്കാദമി സ്ഥാപിക്കുന്നതിന് സിണ്ടിക്കേറ്റ് ശ്രമിക്കുന്നുണ്ട്. നിരവധി സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധിക്കും.
ഇപ്പോൾ വർഷം മുഴുവൻ ഉംറ സീസൺ ആണ്. അതുകൊണ്ടു തന്നെ ബസ് കമ്പനികളിലെ സൗദി ഡ്രൈവർമാർക്ക് എക്കാലവും ജോലിയുണ്ടാകും. ഹജ് ദിവസങ്ങളിൽ കേടാകുന്ന ബസുകൾ ഉടനടി നന്നാക്കുന്നതിന് പുണ്യസ്ഥലങ്ങളിലെ ആറു പ്രധാന റോഡുകളിൽ ഇരുപത്തിനാലു മണിക്കൂറും ഫീൽഡ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ കൊല്ലം ശരാശരി 35 മിനിറ്റിനകം ബസുകളിലെ തകരാറുകൾ പരിഹരിക്കുന്നതിന് സാധിച്ചു.
ജനറൽ കാർസ് സിണ്ടിക്കേറ്റിനു കീഴിൽ 48 ബസ് കമ്പനികളാണുള്ളത്. ഈ കമ്പനികൾക്കു കീഴിൽ ആകെ 19,085 ബസുകളുണ്ട്. ഇതിൽ 3888 എണ്ണം 2020 മോഡൽ ആണ്. ഈ കൊല്ലം 17,41,000 ഹജ് തീർഥാടകർക്ക് സിണ്ടിക്കേറ്റിനു കീഴിലെ ബസ് കമ്പനികളിൽ യാത്രാ സൗകര്യം ലഭിക്കും. പ്രാദേശിക വിപണിയിൽ നിന്ന് ആയിരം ബസുകളും കമ്പനികൾ ഈ വർഷം വാടകക്കെടുത്തിട്ടുണ്ടെന്നും അബ്ദുറഹ്മാൻ അൽഹർബി പറഞ്ഞു.
ബസുകളിലെ തകരാറുകൾ പരിഹരിക്കുന്നതിന് 480 മൊബൈൽ വർക്ക്‌ഷോപ്പുകളുണ്ട്. കേടാകുന്ന ബസുകൾ റോഡുകളിൽ നിന്ന് നീക്കം ചെയ്യുന്നതിന് 118 റിക്കവറി വാനുകളും സിണ്ടിക്കേറ്റിനു കീഴിലുണ്ട്. ബസുകൾ സ്വീകരിക്കുന്നതിനും ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും 16 കേന്ദ്രങ്ങൾ പ്രധാന റോഡുകളിൽ പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ നിർദേശാനുസരണം ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതിന് ഉപയോഗിക്കുന്ന ബസുകളുടെ പ്രവർത്തന കാലാവധി 18 വർഷത്തിൽ നിന്ന് 10 വർഷമായി കുറച്ചിട്ടുണ്ട്. ഈ വർഷം 2228 ബസുകൾ സർവീസിൽ നിന്ന് അകറ്റിനിർത്തുന്നതിനും പുതുതായി മൂവായിരത്തിലേറെ ബസുകൾ സർവീസിന് ഉപയോഗിക്കുന്നതിനും ഈ തീരുമാനം ഇടയാക്കി. അടുത്ത കൊല്ലം അയ്യായിരത്തിലേറെ ബസുകൾ സർവീസിൽ നിന്ന് അകറ്റിനിർത്തേണ്ടിവരും. കേടാകുന്ന ബസുകൾ വേഗത്തിൽ നന്നാക്കുന്നതിനും ബസുകളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനും നാലു വർഷം മുമ്പു മുതൽ ബസുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അബ്ദുറഹ്മാൻ അൽഹർബി പറഞ്ഞു.