ഇരിങ്ങാലക്കുട- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് അമ്മ പ്രസിഡന്‍റും ഇടത് എം.പിയുമായ ഇന്നസെന്‍റിന്‍റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാർച്ച് നടത്തി. വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പോലീസ് സംഘം തടഞ്ഞത് ഉന്തിനും തള്ളിനും കാരണമായി.
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.എല്‍.എമാരായ കെ.ബി. ഗണേഷ്‌കുമാറും മുകേഷും മാധ്യമപ്രവര്‍ത്തകരോട് മോശമായ പെരുമാറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും ഖേദപ്രകടനം നടത്താനുമായി ബുധാനാഴ്ച വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ഇന്നസന്‍റ് നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്.
'അവസരങ്ങള്‍ക്കായി മോശം സ്ത്രീകള്‍ കിടക്ക പങ്കിടുന്നുണ്ടാവാമെന്ന'പരാമര്‍ശമാണ് വിവാദമായത്. സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന വിമന്‍ കലക്ടീവിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.