തിരുവനന്തപുരം- സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം ബഷീർ കാറിടിച്ച് മരിച്ച കേസിൽ റിമാന്റിൽ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. സർവേ ഡയറക്ടറുടെ സ്ഥാനത്ത് നിന്നും ശ്രീറാമിനെ നീക്കി വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകുവെന്ന് വഞ്ചിയൂർ കോടതി അറിയിച്ചതിനെ തുടർന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്. കുറ്റം ചെയ്തിട്ടില്ലെന്നും വലത് കൈക്ക് പരിക്കുള്ളതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നും ശ്രീറാമിന്റെ അഭിഭാഷകൻ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരണയെ തുടർന്നുണ്ടായതാണെന്നും മാധ്യമങ്ങൾ ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതിനെ എതിർത്ത പ്രോസിക്യൂഷൻ ശ്രീറാമിനെ കസ്റ്റഡിയിൽ വിടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചു കോടതി ശ്രീറാമിനായി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.