കൊച്ചി- സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ഇനി ആരുവരുമെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ല്‍ ഹോംസ്‌റ്റേ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് കോടതി പരാമര്‍ശം. സ്ഥലത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് വി.വി ജോര്‍ജ് നല്‍കിയ ഹരജി കോടതി തള്ളി.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാം ശരിയാകുമെന്നത് ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഒട്ടേറെ കോടതി വിധികള്‍ നിലവിലുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. കൈയേറ്റം ഒഴിപ്പിക്കാന്‍ വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ആര്‍ജവവുമാണെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
ലൗഡെയ്ല്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ ഭൂമി ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെയാണ് വി.വി ജോര്‍ജ് കോടതിയെ സമീപിച്ചത്.