Sorry, you need to enable JavaScript to visit this website.

ആശ്രിത ലെവി: പ്രവാസികള്‍ നാടണയാനുള്ള ഒരുക്കത്തില്‍

ദമാം- സൗദിയില്‍ ആശ്രിത വിസയില്‍ കഴിയുന്ന വിദേശികള്‍ക്ക് പ്രതിമാസം 100 റിയാല്‍ എന്ന തോതില്‍ ലെവി അടയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ പ്രവാസി സമൂഹം മടക്ക യാത്രക്ക് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ശക്തമായ ഒരു തീരുമാനം നടപ്പില്‍ വരുമോ എന്ന് പലരും സംശയിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമായതോടെ പലരും നെട്ടോട്ടത്തിലാണ്. ആദ്യത്തെ ഒരു വര്‍ഷം എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ സാധിക്കുമോ എന്നു പരീക്ഷിക്കുകയാണ് പലരും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് എക്‌സിറ്റ് നേടി തിരിച്ചു പോക്കിന് തയാറായിരിക്കുന്നത്. ഈ വര്‍ഷത്തെ ലെവിയില്‍ നിന്നും രക്ഷ നേടാം എന്ന് കരുതി നേരത്തെ ഇഖാമ പുതുക്കി സമാധാനിച്ചിരിക്കുമ്പോഴാണ് റീ എന്‍ട്രി നേടുന്നതിനു ലെവി അടയ്ക്കണമെന്ന നിബന്ധന വരുന്നത്. 
ഇതോടെ ആ പ്രതീക്ഷയും അറ്റു പോയതായും കുടുംബങ്ങളെ തിരിച്ചയക്കുകയല്ലാതെ വേറെ വഴിയില്ലെന്നും പ്രവാസി മലയാളികള്‍ കരുതുന്നു. സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളുകളിലും മറ്റു രാജ്യക്കാരുടെ കമ്മ്യൂണിറ്റി സ്‌കൂളുകളിലും അടുത്ത അധ്യായന വര്‍ഷം തുടങ്ങി ഏതാണ്ട് മൂന്നു മാസം പിന്നിട്ടതിനാല്‍ കുട്ടികളുടെ ടി.സി. വാങ്ങുന്നതിനോ അതതു രാജ്യങ്ങളില്‍ തുടര്‍പഠനം നടത്തുന്നതിനോ കഴിയാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പല രക്ഷിതാക്കളും പരിഭവിക്കുന്നുണ്ട്. 
ആശ്രിത ലെവി പ്രാബല്യത്തിലായതില്‍ ഏറെ പ്രയാസപ്പെടുന്ന പ്രവാസികളില്‍ കൂടുതലും ഇന്ത്യക്കാരായിരിക്കും. അടുത്ത വര്‍ഷത്തോടെ 50 ശതമാനം പ്രവാസി കുടുംബങ്ങളും നാടണയാനാണ് സാധ്യത. പ്രവാസി കുടുംബങ്ങളില്‍ ഏറെയും കഷ്ടിച്ച് ജീവിതം മുന്നോട്ടു നയിക്കുന്നവരാണ്. ഇത് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും ചെറുകിട വ്യാപാര മേഖലയിലും മാന്ദ്യം സംഭവിക്കുമെങ്കിലും രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ ഏറെ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടല്‍. കുടുംബവുമായി പ്രവാസ ജീവിതം നയിക്കുന്നതിനാല്‍ തൊഴില്‍ മതിയാക്കി പോകാന്‍ മടിച്ചവരും ലെവി തീരുമാനം വന്നതോടെ എക്‌സിറ്റില്‍ പോകാന്‍ ഒരുങ്ങുകയാണ്.

Latest News