Sorry, you need to enable JavaScript to visit this website.

മിനായിൽ രോഗികളെ പരിശോധിക്കാൻ റോബോട്ടുകളും

മിനാ ആശുപത്രികളിൽ സജ്ജമാക്കിയ റോബോട്ട് ഡോക്ടർ

മക്ക- മിനായിലെ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും രോഗികളായ ഹജ് തീർഥാടകരുടെ ചികിത്സക്കായി ഇതാദ്യമായി സൗദി ആരോഗ്യമന്ത്രാലയം റോബോട്ട് സേവനം ഉപയോഗപ്പെടുത്തുന്നു. രോഗം നിർണയിക്കുന്നതിനും ചികിത്സാനിർദേശങ്ങൾ ആരായുന്നതിനും ഡോക്ടർമാർക്ക് ഈ റോബോട്ടിക് സംവിധാനം ഏറെ സഹായകമാകും. മിനായിൽ ആരോഗ്യമന്ത്രാലയത്തിന്റെ ഫീൽഡ് സംഘങ്ങളിലും യന്ത്രമനുഷ്യന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.  
സൗദിയിൽ എവിടെയിരുന്നും രോഗനിർണയം സാധ്യമാക്കുന്ന ആശയവിനിയമ സാങ്കേതിക വിദ്യയാണ് റോബോട്ടിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. കട്ടിലിനിരികിൽ ചെന്ന് രോഗികളെ ചികിത്സിക്കുന്നത് പോലെ മിനായിലെ ഏത് ആശുപത്രികളിലും ഈ റോബോ ഡോക്ടറുടെ സാങ്കൽപിക സാന്നിധ്യം അനുഭവപ്പെടും. 4 ജി നെറ്റ്‌വർക്കുള്ള ഏതൊരു സ്മാർട്ട് ഫോൺ മുഖേനയും ഈ റോബോ ഡോക്ടറുടെ കൺസൾട്ടൻസി സേവനം ലഭിക്കുമെന്നതാണ് ഏറെ ശ്രദ്ധേയം. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പുറമെ, റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർക്കും ഈ നൂതന സേവനം ഉപയോഗിക്കാൻ പരിശീലനം നൽകിയതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. 
അനേകം ശേഷികളുടെ സംയോജിത യന്ത്രസംവിധാനമാണ് ഈ റോബോ ഡോക്ടർ എന്നതാണ് ഏറെ ശ്രദ്ധേയം. സ്റ്റെതസ്‌കോപ്പ്, കണ്ണും കാതും പരിശോധിക്കാനുള്ള എൻഡോസ്‌കോപി ക്യാമറ, ചർമരോഗങ്ങൾ പരിശോധിക്കാനുള്ള പ്രത്യേക ക്യാമറ തുടങ്ങി രോഗിയുടെ വിവരങ്ങൾ മനസ്സിലാക്കാൻ ഡോക്ടർമാരെ സഹായിക്കുന്നതെല്ലാം റോബോട്ടിൽ സംവിധാനിച്ചിട്ടുണ്ട്. കൂടാതെ, രോഗിയെ പരിശോധിക്കാതെ തന്നെ ചികിത്സ നിർണയിക്കുന്നതിനുള്ള സാങ്കേതികവിദ്യകളും ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. റോബോ ഡോക്ടറുടെ ക്യാമറ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് ഡോക്ടർമാർക്ക് രോഗലക്ഷണങ്ങൾ വായിച്ചെടുക്കാൻ നിഷ്പ്രയാസം സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. എക്‌സറേ ഫോട്ടോഗ്രാഫിയെടുക്കുന്നതിനും റോബോട്ടിന് സാധിക്കും. 
മിനായിലും പുണ്യസ്ഥലങ്ങളിലും ഹജ് തീർഥാടകർക്ക് സേവനം ചെയ്യുന്ന വളണ്ടിയർമാർക്ക് ഏറെ സഹായകരമാകുന്നതിന് റോബോ ഡോക്ടർ അവർക്കിടയിലും കർമനിരതനാകും. തീർഥാടകർക്ക് കുറ്റമറ്റ സേവനം ഉറപ്പാക്കുന്നതിന് തങ്ങളുടെ ഓൺലൈൻ വിഭാഗം 24 മണിക്കൂറും ഇത്തരം സംവിധാനങ്ങളെയും സേവനങ്ങളും വിലയിരുത്തുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

 

Latest News