Sorry, you need to enable JavaScript to visit this website.

അനുമതിയില്ലാതെ ഹജിനെത്തിയ  9915 പേരെ തിരിച്ചയച്ചു

മക്ക - തസ്‌രീഹ് (അനുമതിപത്രം) ഇല്ലാതെ മക്കയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 9915 പേരെ പിടികൂടി തിരിച്ചയച്ചതായി ഹജ് സുരക്ഷാസേന വക്താവ് അറിയിച്ചു. ഹജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത 181 വ്യാജ സർവീസ് ഓഫീസുകൾക്കെതിരെയും നടപടി  സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തര ഹജ് തീർഥാടകരെ ചൂഷണം ചെയ്യുന്നതിനും അവരുടെ സമ്പത്ത് അനധികൃതമായി തട്ടിയെടുക്കുന്നതിനുമാണ് ഇത്തരം  വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹജ് വേളയിൽ മക്കയിൽ ജോലി ചെയ്യാൻ അനുമതിപത്രമില്ലാത്ത 3,89,359 വിദേശികളെയും അതത് പ്രദേശങ്ങളിലേക്ക് തിരിച്ചയച്ചു. പുണ്യസ്ഥലങ്ങളിൽ ഹജ് നിയമവ്യവസ്ഥകൾ ലംഘിച്ച 277 വിദേശികളെ പിടികൂടി. തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഇവരുടെ ഇഖാമ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക പെർമിഷൻ ഇല്ലാത്ത 1,73,223 വാഹനങ്ങളും തിരിച്ചയച്ചു. തസ്‌രീഹ് ഇല്ലാതെ ഹജ് ചെയ്യാൻ ശ്രമിച്ചവരുമായി മക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 15 വാഹനങ്ങൾ ഹജ് സുരക്ഷാസേന കണ്ടുകെട്ടിയിട്ടുണ്ട്. ഡ്രൈവർമാർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കും. അനധികൃത മാർഗേണ ഹജ് ചെയ്യാൻ ശ്രമിക്കുന്നത് നിരീക്ഷിക്കുന്നതിന് സുരക്ഷാവിഭാഗം അതീവ ജാഗ്രത പുലർത്തുന്നുണ്ട്. മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും നീളുന്ന മുഴുവൻ വഴികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഹജ് സുരക്ഷാസേന വക്താവ് വ്യക്തമാക്കി. 


 

Latest News