കോഴിക്കോട് - സി.പി.എമ്മിന്റെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം'കേരളത്തിൽ യു.ഡി.എഫിന് തലവേദനയാകുന്നു. രാജ്യസഭയിലും ലോക്‌സഭയിലും ജാഗ്രത പാലിക്കാൻ ലീഗ് നേതൃത്വം അംഗങ്ങൾക്ക് നിർദേശം നൽകി.
കേരളത്തിലെ സവിശേഷ സാഹചര്യങ്ങൾ മുന്നിൽവെച്ച് സി.പി.എം ലോക്‌സഭയിലും രാജ്യസഭയിലും നടത്തുന്ന നീക്കങ്ങൾ ലീഗിനും കോൺഗ്രസിനും ഒരുപോലെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. ബി.ജെ.പി അധികാരത്തിലേറിയതോടെയാണ് എം.പിമാർക്ക് പണിയായത്.
ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും മുത്തലാഖ് ബില്ലിലും മുസ്‌ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയും അബ്ദുൽ വഹാബും പ്രതിക്കൂട്ടിലായിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇവർ എത്തിയില്ല. മുത്തലാഖ് ബില്ലിൽ ലോക്‌സഭയിൽ വോട്ടെടുപ്പ് നടന്നപ്പോൾ കുഞ്ഞാലിക്കുട്ടി സഭയിലുണ്ടായതുമില്ല.
ഏറ്റവുമൊടുവിൽ എൻ.ഐ.എ ബില്ലിലും മുത്തലാഖ് ബില്ലിനു സമാനമായ സാഹചര്യം ഉണ്ടായി. ഇതെല്ലാം കേരളത്തിൽ ലീഗിന്റെയും യു.ഡി.എഫിന്റെയും തലവേദനയാകുന്നത് സി.പി.എമ്മിന്റെ നീക്കങ്ങൾ കാരണമാണ്. മുത്തലാഖ് ബില്ലിൽ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയപ്പോഴാണ് സി.പി.എം വോട്ടിംഗ് ആവശ്യപ്പെടുകയും എതിർത്ത് വോട്ട് രേഖപ്പെടുത്തുകയും ചെയ്തത്. ആ സമയം കുഞ്ഞാലിക്കുട്ടി സഭയിലുണ്ടായിരുന്നില്ല. മറ്റൊരു ലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീർ സി.പി.എമ്മിനൊപ്പം എതിർത്ത് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. മുത്തലാഖ് ബില്ലിനെ ലോക്‌സഭയിൽ ഈ എതിർവോട്ട് ബാധിക്കുന്നതായിരുന്നില്ലെങ്കിലും രാജ്യസഭയിൽ കോൺഗ്രസ് അടക്കം പ്രതിപക്ഷം എതിർത്തതിനാൽ ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ബിൽ പാസായില്ല.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടിയുടെയും വഹാബിന്റെയും വോട്ട് നിർണായകമായിരുന്നില്ല. എങ്കിലും വോട്ട് രേഖപ്പെടുത്തുന്നതിൽ ഇവർ കാണിച്ച വീഴ്ച പാർട്ടിക്ക് ദോഷം ചെയ്തു. മുത്തലാഖ് വോട്ടെടുപ്പിന് പങ്കെടുക്കാത്തതിന് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ ശാസിക്കുകയുണ്ടായി.
ഈ പാർലമെന്റ് സെഷനിൽ എൻ.ഐ.എ ബില്ലിൽ മുസ്‌ലിം ലീഗ് അംഗങ്ങൾ ഇറങ്ങിപ്പോയപ്പോൾ സി.പി.എം അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തതും ലീഗിന് തലവേദന സൃഷ്ടിച്ചു. ഇതേ ബിൽ രാജ്യസഭയിലെത്തിയപ്പോൾ സി.പി.എം അംഗങ്ങളും ഇറങ്ങിപ്പോയെന്നത് തൽക്കാലം ലീഗിന് ആശ്വാസമായി. അതുകൊണ്ട് തന്നെ യു.എ.പി.എ ഭേദഗതി ബില്ലിൽ ലോക്‌സഭയിലും രാജ്യസഭയിലും ലീഗംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ഇറങ്ങിപ്പോയ സി.പി.എം അംഗങ്ങളെ വെട്ടിൽ വീഴ്ത്തിയായിരുന്നു ലീഗിന്റെ തിരിച്ചടി.
എന്നാൽ മുത്തലാഖ് ബില്ലിൽ രാജ്യസഭയിൽ ലീഗ് അംഗം പി.വി അബ്ദുൽവഹാബ് ചർച്ചാവേളയിലുണ്ടാവാതിരുന്നത് സുന്നി ഇ.കെ വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹം സി.പി.എമ്മിനൊപ്പം എതിർത്ത് വോട്ട് ചെയ്തു. കോൺഗ്രസ് അംഗങ്ങൾ യു.എ.പി.എ വോട്ടെടുപ്പിൽ മോഡി സർക്കാരിനെ പിന്തുണച്ചത് കേരളത്തിൽ യു.ഡി.എഫിനെതിരെ ഉപയോഗിക്കുകയാണ് സി.പി.എം.
ബംഗാൾ, ത്രിപുര സംസ്ഥാനങ്ങൾ കൈവിട്ടതോടെ സി.പി.എം രാഷ്ട്രീയം പൂർണമായും കേരളത്തെ മുൻനിർത്തിയാണ്. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരാകുക വഴി ന്യൂനപക്ഷ സമുദായ പിന്തുണ നേടിയെടുക്കുകയെന്നതാണ് സി.പി.എം നിലപാട്. ഇതിനിടെ രാജ്യസഭയിലെ യു.എ.പി.എ ചർച്ചയിലും വോട്ടെടുപ്പിലും ത്രിപുരയിൽനിന്നുള്ള സി.പി.എം അംഗവും ഇടതുമുന്നണിയിലെ എം.പി വീരേന്ദ്രകുമാറും പങ്കെടുക്കാതിരുന്നത് സി.പി.എമ്മിന് ക്ഷീണമായി.
മുസ്‌ലിം ലീഗിന്റെ പാർലമെന്റ് അംഗങ്ങൾ പാർട്ടിയിൽ അത്രയേറെ പ്രാധാന്യമുള്ളവരായിരുന്നില്ല മുമ്പെങ്കിൽ മോഡിക്കാലത്ത് സ്ഥിതി മാറി. പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ഇ.ടി മുഹമ്മദ് ബഷീറിന് തുണയായത്. ലീഗിന്റെ അഖിലേന്ത്യാ നേതാക്കളാണ് നേരത്തെ പാർലമെന്റിൽ അംഗങ്ങളായിരുന്നത്. അവരാകട്ടെ അപൂർവം സന്ദർഭങ്ങളിൽ മാത്രമേ ശ്രദ്ധ നേടാറുള്ളൂ. 25 വർഷം രാജ്യസഭാംഗമായിരുന്ന ബി.വി അബ്ദുല്ലക്കോയ അപൂർവം സന്ദർഭങ്ങളിലേ പാർലമെന്റിൽ പ്രസംഗിക്കുകയോ പ്രമേയം കൊണ്ടുവരികയോ ഒക്കെ ചെയ്തിട്ടുള്ളൂ.
വ്യവസായിയായ പി.വി അബ്ദുൽ വഹാബിന് ആദ്യ തവണ രാജ്യസഭാംഗത്വം നൽകിയത് പാർട്ടിയിൽ വലിയ വിവാദമായതാണ്. ഒരു ഇടവേളക്ക് ശേഷമാണ് രണ്ടാമത് വഹാബ് രാജ്യസഭയിലെത്തുന്നത്. പാർട്ടിയിൽ ഒരു വിഭാഗം വഹാബിനെ എതിർത്തിരുന്നു. പാണക്കാട് കുടുംബത്തിൽനിന്നുള്ള പിന്തുണയാണ് വഹാബിന് തുണയായതെങ്കിൽ മുത്തലാഖ് ബില്ലിൽ ചർച്ചയിൽ പങ്കെടുക്കാതിരുന്ന വഹാബിനെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി തങ്ങൾ തന്നെ പരസ്യമായി രംഗത്തു വന്നു.
ദേശീയ രാഷ്ട്രീയത്തെക്കൂടി മുന്നിൽക്കണ്ടുള്ള കോൺഗ്രസിന്റെ 'ബാലൻസിംഗ്' നിലപാടുകൾ കേരളത്തിൽ യു.ഡി.എഫിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രാഹുൽ ഗാന്ധി കേരളത്തിൽ നിന്നുള്ള എം.പിയാണെന്നത് ഈ അവസ്ഥക്ക് എരിവ് പകരുകയാണ്.