തിരുവനന്തപുരം- ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ആപ്തവാക്യം സാക്ഷാൽക്കരിക്കാനുള്ള ഉപാധികളിൽ ഒന്നായാണ് വിദ്യാഭ്യാസ മേഖലയെ സംഘപരിവാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിധ്യപൂർണമായ ഇന്ത്യൻ സംസ്‌കാരത്തെ അവർ ഏകമുഖ ഹൈന്ദവ സംസ്‌കാരമായി വ്യാഖ്യാനിക്കുകയാണ്. ചരിത്രത്തെ തിരുത്തി എഴുതാനും വിദ്യാഭ്യാസത്തെ കാവിവൽക്കരുക്കുകയുമാണ് സംഘപരിവാർ ശ്രമം. അതിനായി അക്കാദമിക് സ്ഥാപനങ്ങളുടെ മതനിരപേക്ഷത ചോർത്തിക്കളഞ്ഞ് അവയെ വർഗീയതുടെ രാഷ്ട്രീയം കുത്തിനിറച്ചും സിലബസിൽ പോലും വർഗീയ വിദ്വേഷം പുലർത്തും വിധം പൊളിച്ച് എഴുതുകയാണ്. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ തങ്ങളുടെ ചൊൽപടിയിൽ നിർത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇതിനെ ചെറുക്കാൻ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ രാജ്യവ്യാപകമായി രംഗത്തുണ്ടെന്നത് ആവേശകരമാണ്. വലതുപക്ഷ ശക്തികൾക്കെതിരെ പൊരുതാൻ വിദ്യാർഥികൾ തയാറാണെന്നതിൽ സംശയമില്ല. വിദ്യാർഥികളുടെ ഐക്യത്തിന്റേതായ ഈ മഹാശക്തിയെ തകർക്കാൻ തക്കം പാർത്തിരിക്കുകയാണ് വലതുപക്ഷ ശക്തികൾ. അവരുടെ ആജ്ഞാനുവർത്തികളും അതിനു തന്നെയാണ് തക്കം പാർത്തിരിക്കുന്നത്. അത്തരം ശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്താനും വിദ്യാർഥി ഐക്യത്തിലൂടെ വിദ്യാഭ്യാസ മേഖലയുടെ വർഗീയവൽക്കരണത്തെയും അതിന്റെ മറവിൽ നടപ്പാക്കുന്ന കച്ചവട താൽപര്യങ്ങളെ ചെറുക്കാനും പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് കഴിയണം.
വിദ്യാഭ്യാസ മേഖലയാകെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം ബി.ജെ.പി സർക്കാർ ആരംഭിച്ചു കഴിഞ്ഞു. അതിനുള്ള ഉപകരണമാണ് നാഷണൽ എഡ്യുക്കേഷൻ പോളിസി (എൻ.ഇ.പി) എന്ന് തിരിച്ചറിയണം. വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികൾക്ക് തൊഴിലുകൾ നേടിയെടുക്കാൻ കഴിയുന്ന വൈദഗ്ധ്യവും ശേഷിയും വേണമെന്നതിൽ തർക്കമില്ല. ഒരു പ്രത്യേക മേഖലയിൽ കൂടുതൽ തൊഴിലവസരം ലഭ്യമാണെങ്കിൽ അതിനുതകുന്ന കഴിവ് വിദ്യാർഥികൾക്ക് ആർജിക്കാൻ പറ്റുന്ന കോഴ്‌സുകൾ ഉണ്ടാവുകയെന്നതിന് ആരും എതിരല്ല. എന്നാൽ അതിന്റെ മറവിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ ആകെ കുത്തകകളെ ഏൽപിച്ചു കൊടുക്കുകയെന്ന സമീപനത്തോട് യോജിക്കാനാവില്ല. അതേസമയം, വിദ്യാർഥികൾക്ക് കാലാനുസൃതമായ കോഴ്‌സുകൾ വർധിപ്പിക്കുന്നതിനെ എതിർക്കേണ്ട തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് വിപ്പ് കെ. രാജൻ മോഡറേറ്ററായി. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ. പ്രകാശ് ബാബു, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കെ.എസ് ശബരീനാഥൻ എം.എൽ.എ എന്നിവർ പ്രസംഗിച്ചു. ശുഭേഷ് സുധാകരൻ സ്വാഗതവും പി. കബീർ നന്ദി യും പറഞ്ഞു.