Sorry, you need to enable JavaScript to visit this website.

ഫാറൂഖ് ലുഖ്മാന് മരണാനന്തര ബഹുമതി നൽകണം -കിഴക്കൻ പ്രവിശ്യാ മലയാളി സമൂഹം

ദമാം- മലയാളം ന്യൂസ് സ്ഥാപക പത്രാധിപരും മാധ്യമ രംഗത്തെ കുലപതിയുമായ ഫാറൂഖ് ലുഖ്മാന് മരണാനന്തര ബഹുമതി നൽകണമെന്ന് കിഴക്കൻ പ്രവിശ്യ മലയാളി സമൂഹം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസ ലോകത്ത് മലയാളിയുടെ തനത് സംസ്‌കാരത്തെ ധന്യമാക്കുന്ന വായനാനുഭൂതി സമ്മാനിച്ച മലയാളം ന്യൂസ് സൗദിയിൽനിന്ന് പ്രസിദ്ധീകരിച്ച ഫാറൂഖ് ലുഖ്മാൻ ഹെർമൻ ഗുണ്ടർട്ടിനു ശേഷം മലയാള ഭാഷക്ക് അമൂല്യ സംഭാവന നൽകിയ വിദേശിയാണെന്നും മലയാളിയുടെ മനസ്സിനെ ഇത്രത്തോളം ആഴത്തിൽ സ്പർശിച്ച ഈ മഹദ് വ്യക്തിത്വം മലയാളികളുടെ അഭിമാനമാണെന്നും ദമാമിൽ മലയാളം ന്യൂസ് റീഡേഴ്‌സ് ഫോറം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 
പ്രവാസ ലോകത്തെ സാമൂഹിക കലാ, സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അനർഘമായ സംഭാവനകൾ നൽകിയാണ് മലയാളം ന്യൂസ് ജനപിന്തുണ നേടിയതെന്നും പ്രവാസ ജീവിതത്തിൽ നഷ്ടമായ വായനാശീലം തിരിച്ചു നൽകിയത് മലയാളം ന്യൂസ് ആണെന്നും ഈ ആശയത്തെ അന്വർഥമാക്കിയ ഫാറൂഖ് ലുഖ്മാൻ പ്രവാസി മലയാള മനസ്സിൽ എന്നെന്നും സ്മരിക്കപ്പെടുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരോടും മലയാളികളോടും അവരുടെ സ്പന്ദനമറിഞ്ഞ് ഇടപഴകിയ മനുഷ്യ സ്‌നേഹിയും ചിന്തകനും ദാർശനികനും സംശുദ്ധ മാധ്യമ പ്രവർത്തകനുമായിരുന്നു അദ്ദേഹമെന്നും കേരള സർക്കാർ മരണാനന്തര ബഹുമതി നൽകി ആദരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
തന്റെ ദീർഘകാലത്തെ മാധ്യമ, സർഗാത്മക പ്രവർത്തനങ്ങളിൽ മലയാളികളെയും ഉൾക്കൊള്ളിച്ച ഫാറൂഖ് ലുഖ്മാൻ പ്രവാസ മനസ്സുകളിൽ എന്നെന്നും നിലനിൽക്കുമെന്നു അദ്ദേഹവുമായി ഏറെ അടുപ്പം സൂക്ഷിച്ച ദമാം ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ അബ്ദുള്ള മഞ്ചേരി അനുസ്മരിച്ചു. മലയാണ്മയോടുള്ള അദ്ദേഹത്തിന്റെ അഭേദ്യമായ ബന്ധവും മലയാളിയോടുള്ള സ്‌നേഹവുമാണ് മലയാളം ന്യൂസ് പ്രസിദ്ധീകരണത്തിന് ഇടയാക്കിയതെന്നും അത് പിൽക്കാലത്ത് മറ്റു മാധ്യമങ്ങൾക്ക്്് വഴികാട്ടിയായെന്നും പ്രവാസി ക്ഷേമ നിധി ബോർഡ് മെമ്പറും നവോദയ രക്ഷാധികാരിയുമായ ജോർജ് വർഗീസ് അഭിപ്രായപ്പെട്ടു. 


മധ്യപൗരസ്ത്യ ദേശത്തെ മാധ്യമ രംഗത്തെ അതികായനായിരുന്ന മലയാളം ന്യൂസ് പത്രാധിപർ ഫാറൂഖ് ലുഖ്മാന് സൃഷ്ടികൾ രചിക്കുന്നതിലും വാർത്തകൾ നൽകുന്നതിലും തന്റേതായ ശൈലിയുണ്ടായിരുന്നതായി കിഴക്കൻ പ്രവിശ്യ കെ. എം. സി. സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ അനുസ്മരിച്ചു. ഗൾഫ് മലയാളി സമൂഹത്തിന് ലോക ചരിത്രത്തിൽ ഇടം നൽകുന്നതിന് സഹായിച്ചതാണ് മലയാളം ന്യൂസിന്റെ പ്രസിദ്ധീകരണം.
മങ്ങിക്കിടന്ന വായനാ സംസ്‌കാരം വീണ്ടെടുക്കുവാനും പ്രവാസികളുടെ ജീവകാരണ്യ പ്രവർത്തനങ്ങൾക്ക് ദിശാബോധം പകരാനും മലയാളം ന്യൂസും ഫാറൂഖ് ലുഖ്മാനും വഹിച്ച പങ്ക് നിസ്സീമമാണെന്ന് ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അഭിപ്രായപ്പെട്ടു. ലോക ക്ലാസിക്കുകളെക്കുറിച്ചും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച മഹദ് വ്യക്തികളെക്കുറിച്ചും ഏറെ അവഗാഹത്തോടെ മനസ്സിലാക്കിയ അറബ് മാധ്യമ പ്രവർത്തകൻ ഫാറൂഖ് ലുഖ്മാനല്ലാതെ വേറെയില്ലെന്നാണ്് തന്റെ അനുഭവത്തിൽ തിരിച്ചറിഞ്ഞതെന്ന് ഏറെക്കാലം അദ്ദേഹവുമായി ബന്ധം പുലർത്തിയിരുന്ന നവയുഗം സാംസ്‌കാരിക വേദി രക്ഷാധികാരി ജമാൽ വില്യാപ്പിള്ളി അഭിപ്രായപ്പെട്ടു. 
ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് പി.എം. നജീബ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് മാസ്റ്റർ, സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, ഷാജി മതിലകം, ദമാം ക്രിമിനൽ കോടതി ഔദ്യോഗിക പരിഭാഷകൻ മുഹമ്മദ് നജാത്തി, ഇ. എം. കബീർ, പി.ടി. അലവി, ലുഖ്മാൻ വിളത്തൂർ, അൻവർ വടകര, ഉണ്ണി പൂച്ചെടിയിൽ, അസ്‌ലം ഫറോഖ്, ജാഫർ കൊണ്ടോട്ടി, വെങ്കിടേഷ്. ഹാരിസ് പയ്യന്നൂർ, സുധാകരൻ കണ്ണൂർ, ഹാരിസ് പയ്യലോട്ട്, മണിക്കുട്ടൻ, സിദ്ദീഖ് പനമണ്ണ, ബിൻസ് മാത്യു എന്നിവർ സംസാരിച്ചു. ഹബീബ് ഏലംകുളം സ്വാഗതവും ഹനീഫ റാവുത്തർ നന്ദിയും പറഞ്ഞു. 


 

Latest News