റിയാദ് - സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ 1,10,000-ലേറെ സൗദികള്‍ ജോലി ചെയ്യുന്നതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം അല്‍ശാഫി വെളിപ്പെടുത്തി.
ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്കു കീഴില്‍ 1,10,000 ത്തിലേറെ സൗദികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്സി സേവനം വഴി ടാക്സി മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. റെന്റ് എ കാര്‍ ഓഫീസുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനും തീരുമാനമായി. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ റെന്റ് എ കാര്‍ ഓഫീസുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കിത്തുടങ്ങും. ഈ മേഖലയില്‍ പതിനായിരം സൗദികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി മേഖലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിക്കഴിഞ്ഞു. മാനവ ശേഷി വികസന നിധിയുമായും സാങ്കേതിക, തൊഴില്‍ പരിശീലന കോര്‍പറേഷനുമായും സഹകരിച്ച് 45,000 സൗദി യുവതീയുവാക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി മേഖലയിലെ തൊഴിലുകളില്‍ സൗജന്യ പരിശീലനം നല്‍കി. ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്ഫോം ആയ ദുറൂബ് വഴി 33,487 സൗദി യുവാക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ കടകളിലെ ജോലികളില്‍ പരിശീലനം നല്‍കി. സ്വന്തമായി മൊബൈല്‍ ഫോണ്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന 3679 സൗദി യുവാക്കളും പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി. ഇവരില്‍ 2028 പേര്‍ക്ക് സ്വന്തം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിച്ചു. മൊബൈല്‍ ഫോണ്‍ കടകളില്‍ 18,000 ത്തോളം സൗദികള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്.
മുഹറം ഒന്നു മുതല്‍ അല്‍ഖസീം പ്രവിശ്യയിലെ മാളുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കും. ഇതിലൂടെ 4500 സൗദി യുവതീയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദികള്‍ക്കിടയില്‍ തൊഴിലില്ലായ്മാ നിരക്ക് കുറക്കുന്നതിന് മാള്‍ സൗദിവല്‍ക്കരണം സഹായിക്കും. മൊബൈല്‍ സെയില്‍സ് യൂനിറ്റ് സൗദിവല്‍ക്കരണവും മുഹറം ഒന്നു മുതല്‍ അല്‍ഖസീമില്‍ നിലവില്‍വരും. മദീനയില്‍ മസ്ജിദുന്നബവിക്കു സമീപമുള്ള മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളിലും പടിപടിയായി സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മുഹറം ഒന്നു മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങുമെന്നും ഡോ. ഇബ്രാഹിം അല്‍ശാഫി പറഞ്ഞു.