1962 ലാണ്...മദ്രാസിലെ മെരിലാന്റ് സ്റ്റുഡിയോയിൽ സ്വർഗരാജ്യം എന്ന പടത്തിലെ പാട്ടുകളുടെ റിഹേഴ്‌സൽ നടക്കുന്നു. അമരത്തുള്ളത്, സംഗീത ചക്രവർത്തി എം.ബി.ശ്രീനിവാസൻ. ഇടവേളയിൽ, തുറന്നിട്ട വാതിലിനിടയിലൂടെ അകത്തേക്ക് ഒഴുകി വന്ന ഒരു കുട്ടിയുടെ മൂളിപ്പാട്ട് എം.ബി.എസിന്റെ ശ്രദ്ധയിൽ പെട്ടു. റിഹേഴ്‌സലിനു വന്ന ഒരു ഗായികയുടെ മകളാണ് മൂളിപ്പാട്ട് പാടുന്നത്. അകത്തേക്ക് വിളിപ്പിച്ച് അവളോട് ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു. മുകേഷിന്റെ പ്രസിദ്ധമായൊരു ഹിന്ദി ഗാനം അതിമനോഹരമായി അവൾ ആലപിച്ചു. സിനിമയിൽ പാടാൻ ഇഷ്ടമാണോ എന്നദ്ദേഹം ചോദിച്ചപ്പോൾ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചുനിന്ന് അതേയെന്നവൾ തലയാട്ടി. അന്ന് മലയാള സിനിമയിലെ പിന്നണി ഗാനരംഗത്ത് ഒരുപുതിയ ഗായിക ജനിച്ചു -ലതാരാജു!
ആ സമയത്ത് തന്നെയാണ് എം.ബി ശ്രീനിവാസൻ സ്‌നേഹദീപം എന്ന സിനിമയുടെ സംഗീത സംവിധാന ചുമതല ഏൽക്കുന്നത്. ആ ചിത്രത്തിൽ ബേബി വിനോദിനി എന്നൊരു കുട്ടി പാടി അഭിനയിക്കുന്ന രംഗമുണ്ട്. പിന്നണിയിൽ ആ പാട്ടു പാടാൻ ലതാ രാജുമതി എന്ന് എം.ബി.എസ് തീരുമാനിച്ചു.
റിഹേഴ്‌സലിന് വിളിച്ചപ്പോൾ അവൾ വന്നു. രണ്ടാം വയസ്സിൽ ആകാശവാണിയിലെ ബാലലോകം പരിപാടിയിൽ ലൈവായി പാടി പരിചയിച്ച ലതയ്ക്ക് റിഹേഴ്‌സൽ എളുപ്പമായിരുന്നു. പാട്ട് പാടിച്ചു നോക്കിയപ്പോൾ ആദ്യത്തെ ടേക്കിൽ തന്നെ ശരിയായി. ലത പാടിയ, ഒന്നാം തരം ബലൂൺ തരാം/ഒരു നല്ല പീപ്പീ തരാം എന്ന ഗാനം ഹിറ്റുമായി.
101 രൂപ പ്രതിഫലം സ്വീകരിച്ച് ഗായിക എന്ന നിലയിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ലതാരാജുവിന് പ്രായം പത്ത്. സിനിമകളിൽ എവിടെയൊക്കെ കുട്ടികളുടെ കഥാപാത്രങ്ങൾ പാട്ട് പാടുന്നുണ്ടോ അവിടെയൊക്കെ ആലാപനത്തിനുള്ള അവസരങ്ങൾ അവർക്ക് കിട്ടി. കുട്ടികൾക്ക് വേണ്ടി മുതിർന്ന ഫീമെയിൽ ഗായകരെക്കൊണ്ട് ശബ്ദം മാറ്റി പാടിക്കുക എന്നതായിരുന്നു അന്ന് വരെ നിലവിലുണ്ടായിരുന്ന പിന്നണി ഗാന സമ്പ്രദായം. ലതയുടെ വരവോടെ ഒരു ഹ്രസ്വകാലത്തേക്കെങ്കിലും അതിന് മാറ്റമുണ്ടായി. കുട്ടികളുടെ പാട്ടുകൾ ലതയെക്കൊണ്ടു മാത്രം പാടിക്കുക എന്നതായി തുടർന്നുള്ള കീഴ്‌വഴക്കം. പാട്ടു പഠിക്കാനും റിഹേഴ്‌സൽ ചെയ്യാനും പാടി ഫലിപ്പിക്കാനും അവൾക്ക് എളുപ്പം കഴിഞ്ഞു. അതുകൊണ്ടു തന്നെ സംഗീത സംവിധായകർക്ക് വലിയ തലവേദനയില്ലാതെ ആ കൊച്ചുമിടുക്കിയെ അസ്സലായി പാട്ട് പാടിക്കാനുമായി. ചുരുക്കത്തിൽ കൈ നിറയെ പാട്ടുകൾ ലതയെ തേടിവന്നു.
കലാ പാരമ്പര്യം ഏറെയുള്ള ഒരു കുടുംബത്തിലാണ് ലതാരാജുവിന്റെ ജനനം. അമ്മ, ശാന്താ പി.നായർ. പിന്നണി ഗായിക എന്ന നിലയിൽ അന്നേ അവർ മലയാളികൾക്ക് സുപരിചിതയായിരുന്നു. വയലാർ, ഗാനരചയിതാവ് എന്ന നിലയിൽ തന്റെ ചലച്ചിത്ര ജീവിതത്തിന് തുടക്കമിട്ട കൂടപ്പിറപ്പിലെ തുമ്പി തുമ്പീ വാവാ എന്ന ഗാനം ഉൾപ്പെടെ ഒരുപാട് പാട്ടുകൾ അവർ പാടിയിട്ടുണ്ട്. അച്ഛൻ, കെ.പത്മനാഭൻ നായർ. ദൽഹി, കോഴിക്കോട് ആകാശവാണി നിലയങ്ങളിലെ ആദ്യകാല വാർത്താവായനക്കാരനും നാടക കലാകാരനുമൊക്കെയായി പേരുകേട്ട ആൾ. സ്വാഭാവികമായും അവരിലൂടെ തന്നെയായിരിക്കണം കലാഭിനിവേശം ലതയേയും ആവേശിച്ചത്. പാട്ടിന്റെ ചിറകിൽ പറന്നു പറന്ന് ബാല്യവും കൗമാരവും യൗവനവും ആഘോഷമാക്കാൻ അവർ അനുഗ്രഹിക്കപ്പെടുകയായിരുന്നു.
ആദ്യഗാനം പാടിയ വർഷം തന്നെ ലതയ്ക്ക് അടുത്ത പടത്തിലും പാടാനുള്ള ഭാഗ്യം കിട്ടി. കണ്ണും കരളും എന്ന സിനിമയുടെ ഗാനങ്ങൾ രചിച്ചത് വയലാർ ആയിരുന്നു. സംഗീതംഎം.ബി.ശ്രീനിവാസനും. കമലഹാസൻ ആദ്യമായി ബാലതാരമായി അഭിനയിച്ച ആ മലയാള സിനിമയിൽ അദ്ദേഹത്തിന് വേണ്ടിയാണ് ലതാരാജു പാടിയത്. താത്തെയ്യം കാട്ടില്...തക്കാളികാട്ടില് എന്ന ഗാനവും ചലച്ചിത്ര ഗാനങ്ങളെ സ്‌നേഹിക്കുന്നവരുടെ മനസ്സിൽ ആവേശത്തിന്റെ അലയൊലിയായി.
1963 ലാണ് മൂടുപടം എന്ന സിനിമ പുറത്തിറങ്ങുന്നത്. ലതാരാജുവിന് രണ്ട് പ്രധാന റോളുകൾ ആ ചിത്രത്തിൽ നിർവഹിക്കാനുണ്ടായിരുന്നു. ഒന്ന് അവർ ആ സിനിമയിൽ ആദ്യമായി അഭിനയിച്ചു എന്നതാണ്. നടി ഷീലയുടെ ബാല്യകാലം ലതയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. കൂടാതെ അതിലവർ ഒരുപാട്ട് പാടുകയും ചെയ്തു. മാനത്തുള്ളൊരു വലിയമ്മാവന് മതമില്ലാ...ജാതിയുമില്ല എന്ന ഗാനം അക്കാലത്തെ വലിയ ഹിറ്റുകളിലൊന്നായിരുന്നു.
ഏഴു രാത്രികൾ എന്ന ചിത്രമിറങ്ങുന്നത് 1968 ലാണ്. രാമു കാര്യാട്ടിന്റെ ആ സിനിമയിൽ സംഗീതം ചിട്ടപ്പെടുത്തിയത് സലിൽ ചൗധരിയായിരുന്നു. അതിൽ വയലാറെഴുതിയ ഗാനങ്ങൾക്കെല്ലാം സംഗീതം നൽകിയ ശേഷം സലിൽദാ കൊൽക്കത്തയിലേക്ക് മടങ്ങിപ്പോയി. അപ്പോഴാണ് പടത്തിൽ ഒരു കുട്ടിപ്പാട്ടു കൂടി ചേർക്കണം എന്ന് സംവിധായകന് തോന്നുന്നത്. എന്നാൽ സലിൽ ചൗധരിക്ക് ജോലിത്തിരക്ക് കാരണം കൊൽക്കത്തയിൽനിന്നും വീണ്ടും കേരളത്തിലെത്താൻ കഴിയുമായിരുന്നില്ല. പാട്ടെഴുതാൻ വയലാറുണ്ട്. പാടാൻ ലതയുമുണ്ട്. പാട്ടിന് ആര് സംഗീതം നൽകും എന്നായി ചോദ്യം. രാമു കാര്യാട്ട് രണ്ടും കൽപിച്ച് ശാന്താ പി. നായരെ വിളിച്ച് ഒരു പാട്ടിന് സംഗീതം പകരാൻ അഭ്യർഥിച്ചു. ആദ്യം നിരസിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ അവർ തയാറായി. മക്കത്തു പോയ്‌വരും മാനത്തെ ഹാജ്യാർക്ക്...എന്ന സുപ്രസിദ്ധ ഗാനം അങ്ങനെ പിറന്നതാണ്. കാര്യമായ ഓർക്കസ്‌ട്രേഷൻ ഒന്നുമില്ലാതെയാണ് ലത ആ പാട്ട് പാടി ജനപ്രിയമാക്കിയത്.
1970 ലാണ് ലതാരാജുവിന്റെ മറ്റൊരു പ്രസിദ്ധ ഗാനം പിറക്കുന്നത്. കണ്ണിനു കണ്ണായ കണ്ണാ...എന്ന പാട്ട്. പ്രിയ എന്ന സിനിമയിലെ ആ പാട്ടിന്റെ വരികൾ യൂസഫലി കേച്ചേരിയുടേതായിരുന്നു. അത് ഈണമിട്ട് ഇമ്പമുള്ളതാക്കിയത് എം.എസ്. ബാബുരാജും. ചലച്ചിത്ര ഗാനം എന്നതിലുപരി ഭക്തിഗാനവും ലളിത ഗാനവുമായി തലമുറകളിലൂടെ അത് പ്രചരിച്ചു. വില്ലുകെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ എന്ന ഗാനം അതേ വർഷം തന്നെ ലതയ്ക്ക് കിട്ടിയ മറ്റൊരു ഹിറ്റ് പാട്ടാണ്. ലൈൻ ബസ് എന്ന ചിത്രത്തിലെ ആ ഗാനം രചിച്ചത് വയലാറും സംഗീതം പകർന്നത് ജി.ദേവരാജനുമായിരുന്നു. മാധുരിയുടെ ഒപ്പമാണ് ലതാരാജു ആ ഗാനം ആലപിച്ചത്. പി.ബി.ശ്രീനിവാസിനൊപ്പം ലത പാടിയ ത്രിവേണി എന്ന സിനിമയിലെ കെഴക്കുകെഴക്കൊരാനാ എന്ന ഗാനവും ആ വർഷം തന്നെ ഹിറ്റായി.
ആഭിജാത്യം എന്ന സിനിമയിറങ്ങുന്നത് 1971 ലാണ്. അതിൽ ഏറെ പ്രസിദ്ധമായ ഒരു ഹാസ്യഗാനം ലതാരാജു പാടിയിട്ടുണ്ട്. അടൂർ ഭാസിക്കൊപ്പമായിരുന്നു അത്. കൂടെ അമ്പിളിയുമുണ്ട്. തള്ള്തള്ള് തള്ള്തള്ള് തള്ളാസുവണ്ടി എന്ന ചിരിയുടെ പൂരം തീർക്കുന്ന ആ പാട്ട് ഇന്നും ആരും മറക്കാനിടയില്ല.
ലതയുടെ സംഗീത ജീവിതത്തിലെ മറക്കാനാവാത്ത രണ്ട് പാട്ടുകൾ പിറന്ന വർഷമായിരുന്നു 1972. ആദ്യത്തെ കഥ എന്ന സിനിമയിലെ ആലുവാപ്പുഴക്കക്കരെയുണ്ടൊരു പൊന്നമ്പലം ആണ് ഒരുപാട്ട്. വയലാറിന്റെ വരികൾക്ക് സംഗീതം നൽകിയത് എം.കെ.അർജുനനായിരുന്നു. മയിലാടുംകുന്ന് എന്ന ചിത്രത്തിലെ പാപ്പി..അപ്പച്ചാ...ആണ് മറ്റൊരു ഗാനം. ലത, സി.ഒ.ആന്റോയ്‌ക്കൊപ്പം പാടിയ ആ യുഗ്മഗാനത്തിന്റെ രചനയും വയലാറിന്റേതായിരുന്നു. ചിട്ടപ്പെടുത്തിയത് ജി.ദേവരാജനും.
പണിതീരാത്ത വീട് 1973 ലിറങ്ങിയ സിനിമയാണ്. ചിത്രത്തിലെ വയലാറിന്റെ വരികൾക്ക് സംഗീതം നൽകിയത് എം.എസ്.വിശ്വനാഥനായിരുന്നു. രണ്ട് മധുര ഗാനങ്ങളാണ് ഈ ചിത്രത്തിൽ ലതാരാജു ആലപിച്ചത്. ഒന്ന് പി. ജയചന്ദ്രന്റെ കൂടെ. കാറ്റുമൊഴുക്കും കിഴക്കോട്ട്/കാവേരിവള്ളം പടിഞ്ഞാട്ട് എന്ന പാട്ട്. മറ്റൊന്ന് തനിച്ച് പാടിയ വാ മമ്മി വാ മമ്മി വാ...എന്ന ഗാനവും. അതേ വർഷം തന്നെയാണ് അഴകുള്ള സെലീന എന്ന സിനിമയും റിലീസാകുന്നത്. അത് ഗാനഗന്ധർവൻ യേശുദാസ് സംഗീത സംവിധാനം നിർവഹിച്ച അപൂർവം ചിത്രങ്ങളിലൊന്നാണ്. അതിലെ, ഇവിടുത്തെ ചേച്ചിക്കിന്നലെ മുതലൊരു ജലദോഷം എന്ന ലതയുടെ ചിരിയുതിരുന്ന ഹാസ്യഗാനം ജനം വളരെ വേഗത്തിൽ ഏറ്റെടുത്തു.
ലതാരാജുവിന്റെ എക്കാലത്തേയും മികച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളുള്ളത് 1974 ൽ പുറത്തു വന്ന സേതുബന്ധനത്തിലാണ്. പിഞ്ചു ഹൃദയം ദേവാലയം എന്ന ഗാനവും മഞ്ഞക്കിളി...സ്വർണക്കിളീ എന്ന ഗാനവും. ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഈണമിട്ടത് ജി.ദേവരാജനായിരുന്നു. എങ്കിലും വശ്യമനോഹരമാം വിധം ലത ആ പാട്ടുകൾ പാടിപ്പൊലിപ്പിച്ചു എന്നതു തന്നെയായിരുന്നു അവയുടെ വിജയ രഹസ്യം.
അറുപതുകളും എഴുപതുകളും മലയാള സിനിമയിലെ സംഗീതരംഗം അനുഗൃഹീതമായ കാലമായിരുന്നു. അർഥസമ്പുഷ്ടമായ വരികൾ കൊണ്ട് ഗാനരചയിതാക്കൾ പാട്ടിനെ പാലാഴിയാക്കി മാറ്റി. സർഗധനരായ സംഗീത സംവിധായകർ തങ്ങളുടെ കഴിവിന്റെ കൈപ്പുണ്യം കൊണ്ട് അത് കടഞ്ഞെടുത്ത് അതിമാധുര്യമുള്ള അമൃതാക്കിത്തീർത്തു. പ്രതിഭയുടെ പ്രകാശഗോപുരങ്ങളായ ഒരു പിടി പാട്ടെഴുത്തുകാരുടേയും സംഗീതസംവിധായകരുടേയും ശിക്ഷണത്തിൽ പാടാൻ കഴിഞ്ഞു എന്നതായിരുന്നു ലതാരാജുവിന്റെ വലിയ സൗഭാഗ്യം. ഒപ്പം, ആലാപന ശൈലിയിലെ അസാധാരണമായ ആകർഷണീയത അവരുടെ ഗാനങ്ങളെ വശ്യവും വിശിഷ്ടവുമാക്കി.
എണ്ണത്തിൽ വളരെ കുറച്ചു ഗാനങ്ങളേ ലതാരാജു എന്ന ഗായിക പാടിയിട്ടുള്ളൂ. ഒരുപക്ഷേ, നൂറിൽ താഴെ പാട്ടുകൾ മാത്രം. അവയിൽ പലതും കുട്ടികൾക്ക് വേണ്ടിയായിരുന്നു. എങ്കിലുംഅവയെല്ലാം തന്നെ സംഗീത പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന തരത്തിൽ ഗുണവും മണവുമുള്ള പാട്ടുകളായിരുന്നു. ലതയുടെ മാധുര്യമൂറുന്ന തനത് ശബ്ദത്തിൽ അത് ശ്രോതാക്കളുടെ കാതുകളിൽ തേൻമഴയായി പെയ്തിറങ്ങി. അതതു കാലത്തെ തലമുറ അവയിൽ മിക്കതും നെഞ്ചിലേറ്റി. പാട്ടുകൾ ഹിറ്റുകളും സൂപ്പർ ഹിറ്റുകളും മെഗാഹിറ്റുകളുമായി. ഒപ്പം കാലത്തിലൂടെ സഞ്ചരിച്ച്, അവ കാലത്തിനപ്പുറവും കടന്ന് അനശ്വരങ്ങളായി.