തിരുവനന്തപുരം- മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റി. മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കിയ ശേഷമാണ് തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റിയത്. കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നടപടി ക്രമങ്ങൾ നടത്തിയിരുന്നു. ഇതിനു വേണ്ടി മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കിയപ്പോഴാണ് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീറാമിനെ ജയിലിലേക്ക് മാറ്റാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ശ്രീറാമിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ട്.
സാരമായി പരിക്കേറ്റ രോഗിയെ പോലെ സ്‌ട്രെച്ചറിൽ കിടത്തിയാണ് ശ്രീറാമിനെ കിംസ് ആശുപത്രിയിൽനിന്നും ആംബുലൻസിലേക്ക് മാറ്റിയത്. ആംബുലൻസിൽ വെച്ചാണ് മജിസ്‌ട്രേറ്റ് ശ്രീറാമിന്റെ മൊഴിയെടുത്തത്. ശ്രീറാമിന് പോലീസ് കിംസ് ആശുപത്രിയിൽ സുഖചികിത്സ ഒരുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പോലീസ് തീരുമാനിച്ചത്. അതേസമയം, ശ്രീറാമിന്റെ പരിക്കിനെ സംബന്ധിച്ചോ ചികിത്സയുടെ വിശദാംശങ്ങളെ സംബന്ധിച്ചോ ഒരു വിശദീകരണവും പൊലീസ് ഇതുവരെ നൽകിയിട്ടില്ല. റിമാന്റ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ നിർദേശം അനുസരിച്ച് പോലീസ് കിംസ് ആശുപത്രിക്ക് നോട്ടീസ് നൽകിയിരുന്നു.