Sorry, you need to enable JavaScript to visit this website.

ശ്രീറാമിനെ രക്ഷിക്കാൻ പോലീസ് നീക്കം-കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം- മാധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിക്കാനിടയായ വാഹനാപകടക്കേസിൽനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ പോലീസ് ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ. മുഖ്യമന്ത്രിയുടെ ഉറപ്പ് പോലും കാറ്റിൽപ്പറത്തി നിസാരമായ വകുപ്പുകളാണ് ശ്രീറാമിനെതിരെ പോലീസ് ചുമത്തിയതെന്നും പ്രസ്താവാനയിൽ ആരോപിക്കുന്നു.
പ്രസ്താവനയുടെ പൂർണരൂപം:

നരഹത്യാകേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നൽകുന്ന ചികിൽസ എന്തെന്നും ഇദ്ദേഹത്തിന്റെ ആരോഗ്യനിലയ്ക്ക് എന്ത് കുഴപ്പമാണുള്ളതെന്നും പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കണം. 
മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പൊലീസ് പുല്ലുവില പോലും കൽപിക്കുന്നില്ല എന്നാണോ കരുതേണ്ടത്. ഇന്ന് തൃശ്ശൂരിൽ മുഖ്യമന്ത്രി പ്രസ്താവിച്ചത് പൊലീസ് തെറ്റു കാണിച്ചാൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാതെ നടപടി ഉണ്ടാവും എന്നായിരുന്നു. തിരുവനന്തപുരത്ത് ഡി.ജി.പി. സമൂഹത്തിനു നൽകിയ ഉറപ്പും നടത്തിയ പ്രസ്താവനയും തനി കപടനാടകമെന്ന് കരുതേണ്ടിവരുമോ.

പ്രഥമവിവര റിപ്പോർട്ട് മുഴുവൻ അസത്യങ്ങളോ അർധ സത്യങ്ങളോ ആണ്. സുപ്രധാനമായി വിവരങ്ങൾ പലതും മറച്ചുവെച്ചാണ് എഫ്.ഐ.ആർ. ഇട്ടിരിക്കുന്നത്. ബഷീറിനെ ഇടിച്ച വാഹനം ഓടിച്ച ആളിന്റെ പേരോ മേൽവിലാസമോ 'അജ്ഞാതം' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുലർച്ചെ 12.55 നടന്ന അപകടത്തിനു തൊട്ടു പിറകെ പൊലീസ് സ്ഥലത്ത് എത്തിയിട്ടും പൊലീസ് സ്‌റ്റേഷനിൽ വിവരം ലഭിച്ച സമയം രാവിലെ 7.17ന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യം നടന്ന സ്ഥലത്തേക്ക് നൂറ് മീറ്റർ മാത്രമാണ് ദൂരം എന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും പൊലീസ് സംഭവം രാവിലെ മാത്രമേ അറിഞ്ഞുള്ളൂ എന്നാണ് രേഖയിൽ. അതും കൊല്ലപ്പെട്ട ബഷീറിന്റെ സുഹൃത്ത് സൈഫുദ്ദീൻ ഹാജി രാവിലെ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നും എഫ്.ഐ.ആർ. പറയുന്നു.

ഇത്രയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ച എഫ്.ഐ.ആർ. ആരെ സംരക്ഷിക്കാനാണ് എന്നത് വ്യക്തമാണ്. പ്രതിക്കെതിരെ ജാമ്യമില്ലാത്ത 304ാം വകുപ്പ് ചുമത്തുമെന്ന ഡി.ജി.പി.യുടെ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുന്നു. മനപൂർവ്വമല്ലാത്ത നരഹത്യക്കുള്ള 304 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഒപ്പം 279ാം വകുപ്പും ഉണ്ട്. ഇത് ആയിരം രൂപ പിഴയും പരമാവധി ആറുമാസം തടവും കിട്ടാവുന്ന ലഘുവായ വകുപ്പാണ്.

ഇതിൽ നിന്നൊക്കെ മനസ്സിലാക്കുന്നത് ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ പൊലീസ് ബോധപൂർവ്വം കളിക്കുന്നു എന്നു തന്നെയാണ്. 
മുഖ്യമന്ത്രി ഉടനെ ഇടപെട്ട് എഫ്.ഐ.ആർ. റദ്ദാക്കിക്കണം. ഒപ്പം പ്രതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിക്കണം. ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലാത്ത പ്രതിക്ക് കിംസ് ആശുപത്രിയിൽ സുഖവാസമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് കൊല്ലപ്പെട്ട പാവം മനുഷ്യനോട് കാണിക്കുന്ന കടുത്ത അവഹേളനവും നിയമവിരുദ്ധ നടപടിയുമാണ്. അടിയന്തിരമായി സർക്കാർ ഇടപെട്ട് പൊലീസിനെ തിരുത്തിയില്ലെങ്കിൽ അത് തീരക്കളങ്കമാകും. മാധ്യമപ്രവർത്തകർ ശക്തമായ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് വരേണ്ടിവരും.
 

Latest News