കയ്‌റോ - നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നോട്ടുവെച്ച ഉപാധികളില്‍ ഖത്തര്‍ നല്‍കിയ മറുപടി നിഷേധാത്മകമാണെന്ന് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും പറഞ്ഞു. സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് വിദേശ മന്ത്രിമാരുടെ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന കുവൈത്ത് അമീറിന് വിദേശ മന്ത്രിമാര്‍ നന്ദി പറഞ്ഞു.
ഖത്തര്‍ നയം മാറ്റും വരെ രാഷ്ട്രീയ, സാമ്പത്തിക ബഹിഷ്‌കരണം തുടരുമെന്ന് സൗദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. ഖത്തറിനെതിരായ നടപടികള്‍ വേദനാജനകമാണ്. ഭീകരതക്കുള്ള പിന്തുണയും ഫണ്ടിംഗും അവസാനിപ്പിക്കുന്നതിനാണ് ഈ നടപടികള്‍ സ്വീകരിച്ചത്. തുടര്‍ നടപടികളെ കുറിച്ച് ഇനിയും കൂടിയാലോചനകള്‍ നടത്തും. അനുയോജ്യമായ സമയത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിദേശ മന്ത്രി പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ഖത്തറിന്റെ അംഗത്വം റദ്ദാക്കുന്ന കാര്യം ജി.സി.സിക്കുള്ളില്‍ വിശകലനം ചെയ്യുമെന്ന് ബഹ്‌റൈന്‍ വിദേശ മന്ത്രി പറഞ്ഞു.
അറബ് ദേശീയ സുരക്ഷയും അന്താരാഷ്ട്ര സമാധാനവും മുന്‍നിര്‍ത്തിയാണ് ഖത്തറിനു മുന്നില്‍ ഉപാധികള്‍ വെച്ചതെന്ന് സംയുക്ത പ്രസ്തവനയില്‍ പറഞ്ഞു.