മുംബൈ- മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നതിനിടെ ഒഴുക്കിൽ പെട്ട് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. വെള്ളച്ചാട്ടം കാണാന്‍ പോയ മലയാളി ഉള്‍പ്പടെ മൂന്ന് കോളജ് വിദ്യാര്‍ഥികളാണ് ഒഴുക്കിൽ പെട്ടത്. ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നവി മുംബൈയിലെ ഖാര്‍ഗറിലുള്ള പാണ്ഡവ്കട വെള്ളച്ചാട്ടം കാണാന്‍ പോയ ആതിര നായരാണ് (19) മരിച്ച മലയാളി. നേഹ ദമ, ശ്വേത നന്ദ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ശ്വേത ജെയിനിനെയാണ് കാണാതായത്. നെരൂളിലെ എസ്‌ഐ.ഇ.എസ് കോളജ് വിദ്യാര്‍ഥികളാണിവര്‍. പാലക്കാട് മുണ്ടൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ നായരുടെയും രേഖയുടെയും മകളാണ് ആരതി. ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വെള്ളച്ചാട്ടം കണ്ടുനില്‍ക്കെ അതിശക്തമായ മഴയില്‍ പെട്ടെന്ന് വെള്ളം കയറി നാലുപേരും ഒലിച്ചുപോവുകയായിരുന്നു എന്നാണ് വിവരം.