റിയാദ് - പ്രൊഫഷൻ മാറി ജോലി ചെയ്യുന്നതിന് വിദേശിയെ അനുവദിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴ ചുമത്തും. തൊഴിൽ കരാർ ഒപ്പുവെക്കാതെ തൊഴിലാളികളെ ജോലിക്കു വെക്കുന്നതിനും 10,000 റിയാൽ പിഴ ലഭിക്കും. തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകുന്ന (ഹുറൂബാക്കൽ) തൊഴിലുടമകൾക്ക് 20,000 റിയാൽ പിഴ ചുമത്താനും തൊഴിൽ നിയമാവലി ഭേദഗതി നിർദേശിക്കുന്നു. തൊഴിലാളിയുടെ പാസ്‌പോർട്ടോ ഇഖാമയോ ഹെൽത്ത് ഇൻഷുറൻസ് കാർഡുകളോ കസ്റ്റഡിയിൽ സൂക്ഷിക്കുന്ന തൊഴിലുടമകൾക്കുള്ള പിഴ ഇതുവരെ രണ്ടായിരം റിയാലായിരുന്നു. ഇതാണിപ്പോൾ 5000 റിയാലായി ഉയർത്തിയിരിക്കുന്നത്.
തൊഴിൽ കരാർ അവസാനിപ്പിച്ച് ഒരാഴ്ചക്കകം തൊഴിലാളികളുടെ വേതന കുടിശ്ശികയും ആനുകൂല്യങ്ങളും തീർത്തു നൽകാത്ത പക്ഷം തൊഴിലാളികളിൽ ഒരാൾക്ക് 10,000 റിയാൽ തോതിൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. തൊഴിൽ കരാറുകൾ തൊഴിലാളികളാണ് അവസാനിപ്പിക്കുന്നതെങ്കിൽ വേതന കുടിശ്ശികയും ആനുകൂല്യങ്ങളും തീർത്തു നൽകുന്നതിന് പരമാവധി രണ്ടാഴ്ചത്തെ സാവകാശം സ്ഥാപനങ്ങൾക്ക് ലഭിക്കും. ഇതിനകം വേതന കുടിശ്ശികയും ആനുകൂല്യങ്ങളും തീർത്തു നൽകാത്ത പക്ഷം സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴ ചുമത്തും. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ലഭിക്കും.
തൊഴിൽ കരാറുകളിലും രജിസ്റ്ററുകളിലും അറബി ഭാഷ ഉപയോഗിക്കാതിരിക്കൽ, തൊഴിലാളികളുടെ പേരുവിവരങ്ങൾ, വേതന വിതരണം, ഡ്യൂട്ടിക്ക് ഹാജരാകൽ എന്നിവ വ്യക്തമാക്കുന്ന രേഖകൾ പ്രധാന ആസ്ഥാനത്ത് സൂക്ഷിക്കാതിരിക്കൽ, തൊഴിലാളികളുടെ പാസ്‌പോർട്ടുകളോ ഇഖാമകളോ ഹെൽത്ത് ഇൻഷുറൻസ് കാർഡുകളോ ആശ്രിതരുടെ ഇൻഷുറൻസ് കാർഡുകളോ തൊഴിലുടമകൾ കസ്റ്റഡിയിൽ സൂക്ഷിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 5000 റിയാൽ പിഴയാണ് ലഭിക്കുക. അമ്പതും അതിൽ കൂടുതലും ജീവനക്കാരുള്ള സ്ഥാപനങ്ങൾ പ്രതിവർഷം 12 ശതമാനം സൗദി ജീവനക്കാർക്ക് തൊഴിൽ പരിശീലനം നൽകാതിരുന്നാലും 5000 റിയാൽ പിഴ ലഭിക്കും.
കൃത്യസമയത്ത് വേതനം വിതരണം ചെയ്യാതിരിക്കൽ, ഔദ്യോഗിക കറൻസിയല്ലാത്ത മറ്റു കറൻസികളിൽ വേതനം വിതരണം ചെയ്യൽ, വേതനം പിടിച്ചുവെക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് തൊഴിലാളികളിൽ ഒരാൾക്ക് മൂവായിരം റിയാൽ തോതിൽ പിഴ ലഭിക്കും. തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം വിതരണം ചെയ്തത് സ്ഥിരീകരിക്കുന്ന വേതന സുരക്ഷാ ഫയൽ ഓരോ മാസവും സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കും തൊഴിൽ ക്രമീകരിക്കുന്ന നിയമാവലി പരസ്യപ്പെടുത്താത്ത സ്ഥാപനങ്ങൾക്കും 10,000 റിയാൽ പിഴ ചുമത്തും.
തൊഴിലാളികൾക്കെതിരായ കൈയേറ്റങ്ങളിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാത്ത പക്ഷം 15,000 റിയാൽ പിഴ ലഭിക്കും. തൊഴിലാളികൾക്കെതിരായ കൈയേറ്റങ്ങളിൽ പരാതി ലഭിച്ച് അന്വേഷണം നടത്തി അഞ്ചു ദിവസത്തിനകം അച്ചടക്ക നടപടി തീരുമാനിക്കാത്ത പക്ഷവും കുറ്റം തെളിഞ്ഞ് മുപ്പതു ദിവസത്തിനകം അച്ചടക്ക നടപടി സ്വീകരിക്കാത്ത പക്ഷവും 25,000 റിയാൽ പിഴ ലഭിക്കും. തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷയും ചികിത്സയും ലഭ്യമാക്കാതിരിക്കുന്നതിന് പതിനായിരം റിയാലും തൊഴിലാളികളോട് വിവേചനം കാണിക്കുന്നതിന് 20,000 റിയാലും പിഴ ലഭിക്കും. ഇത്തരം കേസുകളിൽ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. രാത്രി ഷിഫ്റ്റിൽ വനിതകളെ ജോലിക്കു വെക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം തൊഴിലാളികളിൽ ഒരാൾക്ക് 15,000 റിയാൽ തോതിൽ സ്ഥാപനങ്ങൾക്ക് പിഴ ലഭിക്കും.