ഇഖാമ തീര്‍ന്നാലും ഫൈനല്‍ എക്‌സിറ്റ് ലഭിക്കാന്‍ രണ്ട് മാസത്തെ ലെവി

റിയാദ് - ഇഖാമ കാലാവധി തീരുകയാണെങ്കിലും ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍ എക്‌സിറ്റ് വിസയുടെ കാലാവധിയായ രണ്ടു മാസത്തെ ലെവി അടക്കണം. ജൂലൈ ഒന്നുമുതല്‍ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്യുന്നതുവരെയുള്ള ലെവിയും അടച്ചിരിക്കണം.
ആശ്രിത ലെവി പ്രാബല്യത്തില്‍വരുന്നതിനു മുമ്പ്  ഇഖാമ പുതുക്കിയവര്‍  പുതിയ സേവനങ്ങള്‍ തേടി ജവാസാത്തിനെ സമീപിക്കുമ്പോഴാണ് ജൂലൈ ഒന്നു മുതലുള്ള  ലെവി നല്‍കേണ്ടി വരികയെന്ന് റിയാദ് ജവാസാത്തില്‍നിന്ന് വിരമിച്ച മേജര്‍ ജനറല്‍ മുഈശ് അല്‍ത്വല്‍ഹി പറഞ്ഞു.
ജൂലൈ ഒന്നു മുതല്‍ പുതിയ സേവനം തേടുന്നതുവരെയുള്ള സമയത്ത് ഇഖാമയില്‍ എത്ര ദിവസത്തെ കാലാവധിയാണോ ഉള്ളതെങ്കില്‍ അത്രയും ദിവസത്തെ ലെവി മാത്രം അടച്ചാല്‍ മതി. ജൂലൈ മാസത്തില്‍ ഇഖാമയില്‍ അഞ്ചു ദിവസത്തെ കാലാവധി മാത്രമാണ് ഉള്ളതെങ്കില്‍ അവര്‍, ദിവസത്തിന് 3.30 റിയാല്‍ തോതില്‍ അഞ്ചു ദിവസത്തെ ലെവി മാത്രമാണ് അടക്കേണ്ടത്. സദാദ് സംവിനാത്തില്‍ ലെവി അടക്കുന്നതിന് കൂടുതല്‍ ബാങ്കുകളില്‍ സൗകര്യം ഏര്‍പ്പെടുത്തി.
സേവനങ്ങള്‍ക്ക് ജവാസാത്തിനെ നേരിട്ട് സമീപിക്കുന്നവരെ ആശ്രിത ലെവി അടക്കുന്നതിന് ബാങ്കുകളിലേക്ക് അയക്കും. റീ-എന്‍ട്രി തേടുന്നവര്‍ എത്ര മാസത്തേക്കാണോ റീ-എന്‍ട്രി വിസ ആഗ്രഹിക്കുന്നതെങ്കില്‍ അതിനനുസരിച്ച ഫീസും ജൂലൈ ഒന്നു മുതല്‍ ഇഖാമയില്‍ അവശേഷിക്കുന്ന കാലത്തിനുള്ള ആശ്രിത ലെവിയും അടച്ചിരിക്കണം.
 

Latest News