അബുദാബി- ഭീകരവാദത്തിന് പണമൊഴുക്ക് തടയാന്‍ യു.എ.ഇ-സൗദി ധാരണ. ഇരുരാജ്യങ്ങളില്‍നിന്നുമുള്ള സാമ്പത്തിക ഇടപാടുകള്‍ സസൂക്ഷ്മമായി നിരീക്ഷിച്ചായിരിക്കും ഇതിന് തടയിടുന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ സൗദി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റും യു.എ.ഇ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റും ഒപ്പുവച്ചു.
പുതിയ കരാര്‍ അനുസരിച്ച് ഇരുരാജ്യങ്ങളില്‍നിന്നുമുള്ള സാമ്പത്തിക ഇടപാട് ശൃംഖലകള്‍ ബന്ധിപ്പിക്കും. സംശയാസ്പദമായ ഇടപാടുകളിന്മേല്‍ നിരീക്ഷണം ശക്തമാക്കാനും അന്വേഷണം നടത്താനുംവേണ്ടിയാണ് സാമ്പത്തിക ശൃംഖലകള്‍ ബന്ധിപ്പിക്കുന്നത്. രണ്ടു ഏജന്‍സികളും സംയുക്തമായി അന്വേഷണം നടത്തിയായിരിക്കും കുറ്റക്കാരെ കണ്ടെത്തുക. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നടപടികളും ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ധാരണാപത്രത്തില്‍ യു.എ.ഇ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ് ആക്ടിംഗ് മേധാവി അലി ഫൈസല്‍ ബഅ്്‌ലവിയും സൗദി അറേബ്യ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഉതൈബി ബിന്‍ ഖാദര്‍ അല്‍ മല്‍കിയുമാണ് ഒപ്പുവച്ചത്.