Sorry, you need to enable JavaScript to visit this website.

കേരളം ആദരിക്കാൻ മറന്നുപോയ മാധ്യമ പ്രതിഭ

ദമാം വടകര എൻ.ആർ.ഐ ഫോറം ഫാറൂഖ് ലുഖ്മാന് ഉപഹാരം നൽകിയപ്പോൾ (ഫയൽ)

ഇന്ത്യയുമായി വർഷങ്ങളോളമുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം ഏതൊരു ഇന്ത്യക്കാരനിലും അഭിമാനം ജനിപ്പിക്കും. ഇന്ത്യയെ പറ്റി ആധികാരികമായി സംസാരിക്കാൻ കഴിയുന്ന അപൂർവം അറബ് വംശജരിൽ ഒരാളാണദ്ദേഹം. ലോകം ആദരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെ അടുത്തറിയാനും അഭിമുഖം നടത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മൂന്നു തലമുറയിൽ പെട്ട പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ അഭിമുഖം നടത്താൻ കഴിഞ്ഞ അപൂർവ ഭാഗ്യവും അദ്ദേഹത്തിനുണ്ടായി. 

 

ചിലർ അങ്ങനെയാണ്. അവരുടെ ധൈഷണികതയും കർമ കുശലതയും ഉൾക്കാഴ്ചയുള്ള തീരുമാനങ്ങളും ആ തലമുറയെ തന്നെ വെളിച്ചത്തിലേക്കു നയിക്കും. അവരുടെ സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, എഴുത്തുകൾ, ഇടപെടലുകൾ എല്ലാം ആകർഷണീയവും മറ്റുള്ളവരെ ചൈതന്യവൽക്കരിക്കുന്നതുമാവും. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അത്തരക്കാരോട് നമുക്കു ആരാധന തോന്നും... 
കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച മധ്യ പൗരസ്ത്യ ദേശത്തെ മാധ്യമ രംഗത്തെ അതികായകനായിരുന്ന മലയാളം ന്യൂസ് സ്ഥാപക പത്രാധിപർ ഫാറൂഖ് ലുഖ്മാൻ അത്തരത്തിലുള്ള ഒരു മഹദ് വ്യക്തിത്വത്തിനുടമയായിരുന്നു. തേജസ്സാർന്ന മുഖവും വശ്യമായ സംസാര രീതിയും നിഷ്‌കളങ്കമായ സ്‌നേഹ പ്രകടനവും കൂടി ചേർന്ന ആ വ്യക്തിത്വം ആരെയും ഹഠാദാകർഷിക്കും. ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ പറ്റാത്ത അസാധാരണ ജീനിയസ്. 2011 ജൂണിലാണ് അദ്ദേഹവുമായി നേരിട്ടിടപഴകാൻ എനിക്കു അവസരം കിട്ടിയത് -വടകര എൻ.ആർ.ഐ ഫോറത്തിന്റെ മൂന്നാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കാൻ എത്തിയപ്പോൾ. അതിനു മുമ്പ് അദ്ദേഹത്തെ കിഴക്കൻ പ്രവിശ്യയിലെ ഖുർസാനിയയിലെ സി.സി.സി ക്യാമ്പിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ  പരിപാടിയിൽ പങ്കെടുപ്പിക്കാൻ നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. ഭാഗ്യവശാൽ എന്റെ നാട്ടുകാരനും കോളേജ് മേറ്റും മലയാളം ന്യൂസ് സ്റ്റാഫുമായ സി.ഒ.ടി അസീസിന്റെയും സഹപ്രവർത്തകൻ മുസാഫിറിന്റെയും പ്രേരണ കൂടിയാവാം ദമാമിലേക്കുള്ള ഞങ്ങളുടെ ക്ഷണം സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 
വിദ്യാർത്ഥി പ്രസ്ഥാനത്തിൽ മുൻനിരയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കേ പൊടുന്നനെ സൗദിയിൽ എത്തിയപ്പോൾ ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത് നാട്ടിലെ ദൈനംദിന വാർത്തകൾ അറിയാനും നാട്ടിലേക്ക് ഫോൺ ചെയ്യുവാനുമുള്ള അസൗകര്യമായിരുന്നു. അക്കാലത്ത് മൂന്നു ദിവസം അക്ഷമയോടെ കാത്തിരുന്നു വേണം നാട്ടിൽനിന്നുള്ള പത്രങ്ങൾ സെൻസർ കഴിഞ്ഞ് കയ്യിലെത്താൻ. 1999 ഏപ്രിൽ 16 ന് ചരിത്രം കുറിച്ചുകൊണ്ടു ഗൾഫിലെ തന്നെ ആദ്യ മലയാളം പത്രം 'മലയാളം ന്യൂസ്' പുറത്തിറങ്ങിയ ദിനം മലയാളികൾ ഒരു ഉത്സവം പോലെ ആഘോഷിച്ചത് ഇന്നും ഓർക്കുന്നു. അന്നു മുതൽ കേട്ടു കൊണ്ടിരുന്ന, പത്രത്തിന്റെ അമരക്കാരനെ നേരിൽ പരിചയപ്പെടണമെന്ന മോഹത്തിന്റെ സാക്ഷാൽക്കാരം കൂടിയായിരുന്നു ആ കൂടിക്കാഴ്ച. എയർപോർട്ടിൽ പോയി സ്വീകരിച്ചു. പിറ്റേന്നു വെള്ളിയാഴ്ച ദമാം അൽനുസേഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിൽ നിറഞ്ഞ സദസ്സിനു മുമ്പിൽ മുഖ്യാതിഥിയായി എത്തിയ ഫറൂഖ് ലുഖ്മാന്റെ തേജസ്സാർന്ന സാന്നിധ്യം ഞങ്ങൾ സംഘാടകരേയും കാണികളെയും ആവേശ ഭരിതരാക്കി. അക്ഷരാർത്ഥത്തിൽ വന്നു, കണ്ടു, കീഴടക്കി എന്ന ചൊല്ലു അന്വർഥമാക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. പ്രഭാഷണത്തിലെ ചടുലത കൊണ്ടും സ്വതഃസിദ്ധമായ നർമം കൊണ്ടും സദസ്സിനെ അദ്ദേഹം കീഴടക്കുകയായിരുന്നു. എന്റെ അടുത്ത ലക്ഷ്യം, അദ്ദേഹം താമസിക്കുന്ന ഹോട്ടൽ ഷെറാട്ടനിൽ പോയി അത്താഴത്തിന് ക്ഷണിക്കുകയും പറ്റുമെങ്കിൽ ഒരു ഇന്റർവ്യൂ തരപ്പെടുത്തി കർമം കൊണ്ട് ജീവിതം ധന്യമാക്കിയ ആ വലിയ മനുഷ്യന്റെ ജീവിത വഴികളിലൂടെ സഞ്ചരിക്കലുമായിരുന്നു. ഹോട്ടൽ ഓഷ്യാനയിൽ പോയി ഇന്ത്യൻ ഭക്ഷണം കഴിക്കാമെന്ന് അദ്ദേഹം ഇങ്ങോട്ടു ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് സുഹൃത്ത് അൻവർ അരയാലിനോടൊപ്പം ഞങ്ങൾ ഹോട്ടൽ ഓഷ്യാനയിലേക്കു പുറപ്പെട്ടു. ഊഷ്മളമായ ആതിഥ്യമാണ് ഫാറൂഖ് ലുഖ്മാന്റെ പ്രധാന സ്വഭാവ ഗുണങ്ങളിലൊന്ന്. അദ്ദേഹത്തിനും സുഹൃത്തുക്കൾക്കും ആതിഥ്യമരുളാൻ പോയ ഞങ്ങളെ അദ്ദേഹം അതിഥികളാക്കിയ രസകരമായ അനുഭവം മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു. 
ഒട്ടനവധി ലോക നേതാക്കളെ ഇന്റർവ്യൂ ചെയ്ത ഒരു മാധ്യമ കുലപതിയെ മാധ്യമ പ്രവർത്തനത്തിന്റെ ബാലപാഠം പോലും അറിയാത്ത ഞാൻ ഇന്റർവ്യൂ ചെയ്താൽ എങ്ങനെയിരിക്കും എന്ന ആശങ്കയുണ്ടായിരുന്നു. എന്റെ ഭയാശങ്കകൾക്ക് അറുതിവരുത്തിക്കൊണ്ട്, ഹോട്ടൽ ലോബിയിലിരുന്ന് അദ്ദേഹം മനസ്സു തുറന്നതോടെ ലോക വിശേഷങ്ങളുടെ വലിയ താളുകൾ മറിയാൻ തുടങ്ങി. ശാന്തനായി, സുസ്‌മേര വദനനായി എന്റെ ചോദ്യങ്ങൾക്ക് ചടുലവും ക്രാന്തദർശിത്വവുമുള്ള മറുപടികളായിരുന്നു തന്നത്. കേരളവും ഇന്ത്യയും അദ്ദേഹത്തിന്റെ നാടായ യെമനും രാഷ്ട്രീയവും സിനിമയും സാഹിത്യവും എല്ലാം വിഷയീഭവിച്ച ആ രാത്രിയിലെ ചർച്ച പുതിയ വൈജ്ഞാനിക മേഖലകളിലേക്കുള്ള സഞ്ചാരമായാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. സ്ഥിരമായി ബന്ധപ്പെടണമെന്നും മലയാളം ന്യൂസ് ഓഫീസ് സന്ദർശിക്കാതിരിക്കരുതെന്നും ജിദ്ദയിൽ വരുമ്പോഴൊക്കെ നേരിൽ വന്നു കാണണമെന്നും പറഞ്ഞാണ് അദ്ദേഹം ഞങ്ങളോട് യാത്ര പറഞ്ഞത്. 
വർഷം എട്ട് കഴിഞ്ഞു. ഇതിനിടെ, രണ്ടു മൂന്നു പ്രവശ്യം ഫോണിൽ സംസാരിച്ചു. വളരെ സന്തോഷത്തോടെയായിരുന്നു അദ്ദേഹം ഫോണിൽ എന്നോട് കുശലാന്വേഷണം നടത്തിയത്. ഒരിക്കൽ അദ്ദേഹത്തെ കാണാൻ ജിദ്ദയിലെ ഓഫീസിൽ പോയെങ്കിലും ആ സമയം അദ്ദേഹം ചികിൽസക്കായി പുറത്തായിരുന്നു. വീണ്ടും ഒരു കൂടിക്കാഴ്ചക്ക് അവസരം കിട്ടും മുമ്പ് അദ്ദേഹം കാലയവനികക്കു പിന്നിലേക്കു മറഞ്ഞു.
ഇന്ത്യയുമായി വർഷങ്ങളോളമുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം ഏതൊരു ഇന്ത്യക്കാരനിലും അഭിമാനം ജനിപ്പിക്കും. ഇന്ത്യയെ പറ്റി ആധികാരികമായി സംസാരിക്കാൻ കഴിയുന്ന അപൂർവം അറബ് വംശജരിൽ ഒരാളാണദ്ദേഹം. ലോകം ആദരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെ അടുത്തറിയാനും അഭിമുഖം നടത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മൂന്നു തലമുറയിൽ പെട്ട പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ അഭിമുഖം നടത്താൻ കഴിഞ്ഞ അപൂർവ ഭാഗ്യവും അദ്ദേഹത്തിനുണ്ടായി. അതുപോലെ ലോക രാഷ്ട്രീയത്തിലെ പ്രഗൽഭരായിരുന്ന ബേനസീർ ഭുട്ടോ, ഫെർഡിനാന്റ് മാർക്കോസ്, സിയാവുൽ ഹഖ്, മുഹമ്മദ് ഇർഷാദ് തുടങ്ങിയവരെ ഇന്റർവ്യൂ ചെയ്ത അദ്ദേഹം അവരെപ്പറ്റി സംസാരിക്കുന്ന അതേ പ്രാധാന്യത്തോടെ ഇ.കെ. നായനാർ, എ.കെ. ആന്റണി, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി തുടങ്ങിയവരെ പറ്റിയും സംസാരിക്കുന്നതു കേൾക്കുമ്പോൾ നാം അത്ഭുതസ്തബ്ധരാവും. 
ഫാറൂഖ് ലുഖ്മാൻ എന്ന അനന്യ സധാരണമായ ഉൾക്കാഴ്ചയുള്ള പത്രാധിപർ ഓർമകളിലേക്ക് മായുമ്പോൾ സൗദിയിൽ ജീവിക്കുന്ന പ്രവാസി മലയാളികളും നമ്മുടെ ഭരണകൂടവും നന്ദികേടിന്റെ പര്യായമാവുകയാണ്. രണ്ടു വർഷം മുമ്പ് യോഗയുടെ പേരിൽ പത്മ പുരസ്‌കാരം കടൽ കടന്ന് ഇവിടെ എത്തിയപ്പോൾ മലയാള ഭാഷക്കു ശ്രേഷ്ഠ പദവി ലഭിക്കാനായി വാദിക്കുന്നവർക്ക് എത്രയോ മുമ്പു തന്നെ മലയാളിക്ക് സ്വയം ശ്രേഷ്ഠ പദവി സമ്മാനിച്ച ഫാറൂഖ് ലുഖ്മാൻ എന്ന പ്രതിഭാധനനെ ആരും ഓർത്തില്ല. 
മലയാള ഭാഷയെയും മലയാളികളെയും സർവോപരി ഇന്ത്യയെയും ഇന്ത്യക്കാരെയും ഹൃദയത്തോടു ചേർത്തു വെച്ച, ഇന്ത്യൻ ദേശീയ നേതാക്കളെ കുറിച്ച് അഭിമാനം കൊണ്ട അറബ് വംശജനായ ഒരു ലോകോത്തര മാധ്യമ പ്രവർത്തകന്, സൗദിയിലെ ലക്ഷക്കണക്കിനുള്ള മലയാളികൾക്കു വേണ്ടി ഒരു സമ്പൂർണ മലയാള ദിനപത്രം പുറത്തിറക്കാൻ ധൈര്യം കാണിച്ച ഒരു അസാധാരണ പ്രതിഭക്ക്, അർഹമായ അംഗീകാരമോ, ആദരവോ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്ന് വാങ്ങിക്കൊടുക്കുവാൻ സൗദിയിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിൽ നിന്നു എന്തെങ്കിലും ശ്രമമുണ്ടായിരുന്നോ? എന്തിനും ഏതു കാര്യങ്ങളിലും എടുത്തു ചാടി ഇടപെടുന്ന പ്രവാസി രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തിയിരുന്നോ? പ്രവാസി പ്രശ്‌നങ്ങൾ കേൾക്കാനും പഠിക്കാനും ഇടക്കിടെ സൗദി സന്ദർശിക്കുന്ന മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ മലയാളം ന്യൂസ് ഓഫീസ് സന്ദർശിക്കുന്ന ഫോട്ടോകൾ പത്രത്തിൽ വന്നു കാണാറുണ്ട്. അവരുടെ മുമ്പിൽ ആരെങ്കിലും ഈ വിഷയം ഉന്നയിച്ചിട്ടുണ്ടോ? എന്തിന്, സൗദിയിലെ അസംഖ്യം മലയാളി കൂട്ടായ്മകളോ സംഘടനകളോ അദ്ദേഹത്തെ ആദരിച്ചിരുന്നോ? ഇല്ലെന്നു തോന്നുന്നു. ആ അർത്ഥത്തിൽ ഫാറൂഖ് ലുഖ്മാന്റെ സംഭാവനകളെ കേരളവും മലയാളികളും വിസ്മരിച്ചു എന്നു വേണം കരുതാൻ. വാസ്തവത്തിൽ കേരളം ആദരിക്കാൻ മറന്നുപോയ പ്രതിഭയായിരുന്നു അദ്ദേഹം. 
എങ്കിലും മലയാള മാധ്യമ ചരിത്രത്തിന്റെ ഏടുകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. മരണാനന്തര ബഹുമതിയായെങ്കിലും അദ്ദേഹത്തിന് അർഹിക്കുന്ന ആദരം നൽകുന്നതിനുള്ള ശ്രമങ്ങൾക്ക് പ്രവാസികളും സംഘടനകളും പരിശ്രമിക്കണം. 

 


 

Latest News