ഉത്തർ പ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കാര്യത്തിൽ സുപ്രീം കോടതി നടത്തിയ അസാധാരണ ഇടപെടൽ അതിഗൗരവമായ രാഷ്ട്രീയമാനം ഉൾക്കൊള്ളുന്നു. 'എന്താണ് ഈ രാജ്യത്തു നടക്കുന്നത്' എന്ന് ചോദിക്കുക മാത്രമല്ല, യു.പിയിലെയും കേന്ദ്രത്തിലെയും സർക്കാരുകളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി സ്വീകരിച്ച ഉന്നത നീതിപീഠത്തിന്റെ നടപടികൾ അതു വ്യക്തമാക്കുന്നു.
വാഹനാപകടത്തിന് ഇരയായി ആശുപത്രിയിൽ ജീവനു വേണ്ടി പോരാടുന്ന പെൺകുട്ടിയുടെ കുടുംബത്തിന് ഇടക്കാല ആശ്വാസമായി 25 ലക്ഷം രൂപ നൽകാൻ യു.പി ഗവണ്മെന്റിനോട് സുപ്രീം കോടതി കൽപിച്ചു.
ബലാത്സംഗ കേസിലെ ഇരയും അഭിഭാഷകനും കുടുംബാംഗങ്ങളായ കേസിലെ സാക്ഷികളും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടതിനെ സംബന്ധിച്ച് പരമാവധി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് നിർദേശിച്ചു. ഇരയ്ക്കും ശേഷിക്കുന്ന കുടുംബാംഗങ്ങൾക്കും സംരക്ഷണം നൽകണമെന്ന് കേന്ദ്ര പോലീസ് സേനയുടെ മേധാവിക്ക് നിർദേശം നൽകി. ബി.ജെ.പി എം.എൽ.എ ആയിരുന്ന പ്രതിയുടെ പേരിലുള്ള അഞ്ചു കേസുകളും യു.പിയിൽനിന്നു ദൽഹി കോടതിയിലേക്ക് മാറ്റി സമയബന്ധിതമായി തീർക്കാൻ ഉത്തരവിട്ടു. ഇതിലെല്ലാം ബി.ജെ.പി ഗവണ്മെന്റുകളിലുള്ള അവിശ്വാസമാണ് സുപ്രീം കോടതി പ്രകടിപ്പിച്ചത്.
ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന ചോദ്യം ഉന്നാവോ സംഭവത്തിനുമപ്പുറം രാഷ്ട്രീയ പ്രേരിതമായി ബി.ജെ.പി ഭരണത്തിൽ നിയമം കൈയിലെടുക്കുന്നതിൽ സുപ്രീം കോടതി അനുഭവിക്കുന്ന രോഷവും അസ്വസ്ഥതയും ഉൾക്കൊള്ളുന്നു. സുപ്രീം കോടതി നിയമിച്ച അമികസ്‌ക്യൂറി മലയാളിയായ വി. ഗിരിയുടെ വാക്കുകളും ഈ യാഥാർത്ഥ്യം കോടതിയിൽ പ്രകടമാക്കി:
'പെൺകുട്ടി ബലാത്സംഗത്തിനിരയാകുന്നു. അച്ഛനെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിലെടുക്കുന്നു. പോലീസ് കസ്റ്റഡിയിൽ അയാൾ കൊല്ലപ്പെടുന്നു. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നു. കേസിലെ സാക്ഷികളായ രണ്ട് ബന്ധുക്കൾ അപകടത്തിൽ കൊല്ലപ്പെടുന്നു. ഇരയ്ക്കും അഭിഭാഷകനും അതിഗുരുതരമായി പരിക്കേൽക്കുന്നു. ഇതുപോലൊരു കേസ് കണ്ടിട്ടില്ല' -ഉന്നത നീതിപീഠത്തിന്റെ മനഃസാക്ഷിയെ കൂടി പിടിച്ചുലച്ച ഒരു സംഭവ വിവരണം.
ഇരയ്ക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പക്ഷേ, സംഭവം നടക്കുമ്പോൾ പോലീസ് സംരക്ഷണം ഉണ്ടായിരുന്നില്ല. തന്നെയും കുടുംബത്തെയും വകവരുത്തുമെന്ന് പ്രതിയും കൂട്ടാളികളും തുടർച്ചയായി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പെൺകുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ആ കത്തിന്റെ കാര്യം പോലും സംഭവം നടന്നതിനു ശേഷമാണ് പത്രവാർത്തകളിൽനിന്ന് ചീഫ് ജസ്റ്റിസ് അറിഞ്ഞത്. ആയിരക്കണക്കിൽ കത്തുകൾ എത്തുന്നതുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ ചീഫ് ജസ്റ്റിസിനെ അറിയിച്ചു.
പെൺകുട്ടിയുടെ പേർ അറിയുമായിരുന്നില്ല എന്നും. ഉന്നാവോ സംഭവം എത്ര കണ്ട് നിഗൂഢവും ഭീകരവുമാണ് എന്ന് മരണത്തോടു ഓരോ നിമിഷവും മല്ലിട്ട് വെന്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മ മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തുന്നു: സംഭവം കഴിഞ്ഞിട്ടും എം.എൽ.എയുടെ ആളുകൾ ഭീഷണി തുടർന്നു. പെൺകുട്ടിയുടെ അനുജത്തിമാരിൽ ഒരാളെ പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ അമ്മ വനിതാ അവകാശ സമിതി അംഗങ്ങളോട് വെളിപ്പെടുത്തി.
സുപ്രീം കോടതി അമികസ്‌ക്യൂറിയെ നിയമിച്ചിരുന്നില്ലെങ്കിൽ ഇതും രാഷ്ട്രീയ നേതാക്കൾ നടത്തുന്ന മറ്റേത് ക്രിമിനൽ കുറ്റവും പോലെ രാജ്യമറിയാതെ തേഞ്ഞുമാഞ്ഞു പോകുമായിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ സുപ്രീം കോടതി ഇടപെട്ടതിന്റെ മുൻകാല ചരിത്രം ഓർമിപ്പിക്കുമാറ് ബി.ജെ.പി ഭരണത്തിൽ പൗരന്മാരുടെ ജീവന് സുരക്ഷയും അവർക്കു നീതിയും ഉറപ്പാക്കാൻ സുപ്രീം കോടതിക്ക് വീണ്ടും ഇടപെടേണ്ടി വന്നിരിക്കയാണ്. പലപ്പോഴും ഉണ്ടായതു പോലെ സർക്കാരിനോട് വിധേയത്വം മാത്രം പുലർത്തുന്ന നിലയിലേക്ക് കോടതികൾ മാറുന്ന അവസ്ഥയുണ്ടായാൽ രാജ്യത്തിന്റെ അവസ്ഥ ഇനി എന്തായിരിക്കും എന്ന ചോദ്യം കൂടി ഏറെ പ്രസക്തമാകുന്നു.
കാൺപൂരിനും ലഖ്‌നൗവിനും ഇടയിൽ കിടക്കുന്ന ജില്ലയാണ് ഉന്നാവോ. ജില്ലാ ആസ്ഥാനമായ ഉന്നാവോ യു.പിയിലെ വലിയ വ്യാവസായിക നഗരമാണ്. അവിടെ രാഷ്ട്രീയ മുടിചൂടാമന്നനായി സൗകര്യം പോലെ പാർട്ടികൾ മാറി തുടർച്ചയായി നിയമസഭയിലെത്തുന്ന ആളാണ് കുൽദീപ് സിംഗ് സെൻഗാർ. ആദ്യം കോൺഗ്രസിൽ. പിന്നീട് ബി.എസ്.പിയിലും അവിടെനിന്ന് സമാജ്‌വാദി പാർട്ടിയിലുമെത്തിയ കുൽദീപ് സിംഗിനെ എസ്.പി പുറത്താക്കിയപ്പോൾ ബി.ജെ.പി സ്വീകരിച്ച് സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു. ഉന്നാവോ ബലാത്സംഗ കേസിൽ പ്രതിയായപ്പോൾ ബി.ജെ.പി കുൽദീപിനെ സസ്‌പെന്റു ചെയ്യുക മാത്രമാണ് ചെയ്തത്. സുപ്രീം കോടതി ഇടപെടലോടെ കുൽദീപിനെ ബി.ജെ.പി പുറത്താക്കിയെന്നാണ് സംസ്ഥാന പ്രസിഡന്റ് പറയുന്നത്. രേഖാമൂലം തീരുമാനം അറിയിക്കാതെ.
എന്നാലിത് ബി.ജെ.പിയുടെ മാത്രം പ്രശ്‌നമല്ല എന്ന സ്ഥിതി കേരളത്തിലടക്കം നിലനിൽക്കുന്നുണ്ടെന്നത് വസ്തുതയാണ്. സി.ഒ.ടി നസീറിന്റെ വധശ്രമം സംബന്ധിച്ച കേസന്വേഷണം ഭരണകക്ഷി എം.എൽ.എയിൽ ചെന്നു മുട്ടിയപ്പോൾ അന്വേഷണം തന്നെ ഇവിടെ സ്തംഭിച്ചു നിൽക്കുന്നത് ഒടുവിലത്തെ ഉദാഹരണം.
മുസ്‌ലിം ലീഗ്, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽനിന്ന് വരുന്നവരെ സ്വതന്ത്ര സ്ഥാനാർത്ഥികളാക്കി നിർത്തി അവരെ എം.എൽ.എമാരാക്കി കൂടെ കൊണ്ടുനടക്കുന്നു. അവർ അഴിമതിയും ഭൂമി തട്ടിപ്പും നടത്തിയത് കോടതികൾ കണ്ടെത്തിയിട്ടും അവർക്കു സംരക്ഷണ വലയം സൃഷ്ടിക്കുന്നതിൽ പിണറായി വിജയൻ സർക്കാരും മുന്നിലാണ്. ലൈംഗിക പീഡന കേസുകളിൽ പെട്ടാലും എം.എൽ.എ ആണെങ്കിൽ സംരക്ഷണമുണ്ട് എന്ന് സി.പി.എം തെളിയിച്ചിട്ടുണ്ട്. സി.പി.ഐയുടെ കേരളത്തിലെ ഒരു എം.എൽ.എ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് തന്നെ കച്ചവടം ചെയ്തത് ഈയിടെയാണ്.
എന്നാൽ ഇതിൽനിന്ന് മറ്റൊരു തരത്തിൽ വ്യത്യസ്തമാണ് ബി.ജെ.പി നേതാക്കളും ജനപ്രതിനിധികളും നിയമം പന്താടി മനുഷ്യന്റെ ജീവനെടുക്കുന്ന രാജ്യത്തെ നടക്കുന്ന പുതിയ സ്ഥിതിവിശേഷമെന്ന് കാണേണ്ടതുണ്ട്. ബി.ജെ.പി നിലകൊള്ളുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന്റെ തീക്കാറ്റു പടർത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ഇന്ന് രാജ്യവ്യാപകമാണ്.
ബലാത്സംഗവും കൊലയും അഴിമതിയും നടത്തുന്ന ജനപ്രതിനിധികളെയും നേതാക്കളെയും പ്രവർത്തകരെയും ബി.ജെ.പി മറ്റു പാർട്ടികളെപ്പോലെ സംരക്ഷിക്കുന്നു. രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെയെ മഹാത്മാവായി വാഴ്ത്തിയ പ്രജ്ഞാസിംഗ് എം.പിക്കെതിരെ പത്തു ദിവസത്തിനകം നടപടിയെടുക്കുമെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല.
രാജ്യം നേരിടുന്ന അത്തരമൊരു അവസ്ഥയാണ് ഉന്നാവോ കേസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉയർത്തിയ ചോദ്യത്തിൽ മുഴങ്ങുന്നത്.