തിരുവനന്തപുരം- വാഹനമോടിക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി ഒപ്പം ഉണ്ടായിരുന്ന യുവതി വഫ ഫിറോസ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണു മടങ്ങിയതെന്നും വാഹനം അമിത വേഗത്തിലായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. കവടിയാര്‍ മുതല്‍ വാഹനം ഓടിച്ചത് ശ്രീറാമാണെന്നും യുവതി മൊഴി നല്‍കി.
കാറില്‍ നിന്നിറങ്ങുമ്പോള്‍ ശ്രീറാം മദ്യപിച്ച നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ ഒട്ടോ ഡ്രൈവര്‍മാരും മറ്റും ഇത് സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ശ്രീറാമിനും കാറുടമ വഫ ഫിറോസിനുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.ശ്രീറാമിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു.
ജീവപര്യന്തമോ 10 വര്‍ഷമോ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തുക. പോലീസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
മ്യൂസിയം കവടിയാര്‍ റോഡില്‍ അന്‍പതിലേറെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സംഭവം നടന്നതിനു ശേഷം ആദ്യ 10 മണിക്കൂര്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കാതിരുന്നത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വാഹനം ഓടിച്ചത് താനല്ലന്ന് പറഞ്ഞ ശ്രീറാം വഫാ ഫിറോസിനെക്കൊണ്ട് ഉത്തരവാദിത്തം ഏറ്റെടുപ്പിക്കാന്‍ ശ്രമിച്ചതായും പറയുന്നു. താനാണ് വാഹനമോടിച്ചതെന്ന് വഫ ആദ്യം പോലീസിനോട് പറഞ്ഞിരുന്നു.
മദ്യപിച്ചെന്ന് സ്ഥിരീകരിക്കുന്ന പരിശോധനകളില്‍ നിന്നൊഴിവാക്കാന്‍ ആദ്യം രക്ത പരിശോധനയെ എതിര്‍ത്ത ശ്രീറാം സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ അഭയം തേടിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടലാണ് എല്ലാ ശ്രമങ്ങളും പൊളിച്ചത്.
പ്രതി ശ്രീറാ എന്ന ഐഎഎസുകാരനാണന്ന് മനസിലായതോടെ കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. യഥാസമയം ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ എടുക്കാത്തതിനെതിരെ മനുഷ്യാവകാശകമ്മിഷനും രംഗത്തുവന്നു.
പുലര്‍ച്ചെ 1.05നു മ്യൂസിയം പോലീസ് അപകടസ്ഥലത്തെത്തിയപ്പോള്‍ വാഹനം ഓടിച്ചത് പുരുഷനാണെന്നു വ്യക്തമായിരുന്നുവെന്നും ഇതിനാലാണ് യുവതിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടതെന്നുമാണ് പോലീസിന്റെ വിശദീകരണം.
അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മൃതദേഹം തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെച്ചു.