കണ്ണൂർ- സി.ഒ.ടി നസീറിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് കരുതുന്ന സംഭവത്തിൽ എ.എൻ.ഷംസീർ എം.എൽ.എയുടെ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഷംസീറിന്റെ എം.എൽ.എ ബോർഡ് വെച്ച കാറാണ് പോലീസ് പിടികൂടിയത്. ഷംസീറിന്റെ സഹോദരൻ എ.എൻ. ഷാഹിറിന്റെ പേരിലാണ് ഈ കാർ. ഈ കാറിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനത്തിൽ ഷംസീർ സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയതും വിവാദമായിരുന്നു.കെ.എൽ 07 സി.ഡി 6887 നമ്പർ ഇന്നോവയിരുന്നു യോഗത്തിനെത്തിയത്.
തലശ്ശേരി കുണ്ടുചിറയിലെ െ്രെഡവിങ് ടെസ്റ്റ് ഗ്രൗണ്ടിനു മുമ്പിൽ വെച്ചും ചോനാടത്തെ കിൻഫ്ര പാർക്കിനടത്തുവെച്ചുമാണ് കാറിൽ ഗൂഢാലോചന നടന്നതെന്ന് കേസിൽ അറസ്റ്റിലായ പൊട്ടി സന്തോഷ് മൊഴി നൽകിയിരുന്നു.
മെയ് 18ന് രാത്രിയാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റെസിഡൻസിക്കു സമീപം നസീർ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി എൻ.കെ രാഗേഷും അറസ്റ്റിലായിരുന്നു. ഷംസീറിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. കേസിൽ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂർത്തിയായതിനെ തുടർന്നാണ് നടപടി. പോലീസ് നടപടി ആശ്വാസകരമാണെന്ന് സി.ഒ.ടി നസീർ അഭിപ്രായപ്പെട്ടു.