തിരുവനന്തപുരം- മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ അപായപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കട്ടരാമന്റെ രക്തസാംപിൾ ശേഖരിച്ചു. വാഹനം അപകടത്തിൽപ്പെട്ട സമയത്ത് ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന് പോലീസ് വ്യക്തമാക്കി. അദ്ദേഹത്തെ കേസിൽ പ്രതിചേർത്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും ശ്രീറാം പറഞ്ഞു. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ മരിച്ചത്. അമിതവേഗത്തിൽ വന്ന കാർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസുമായിരുന്നു വാഹനത്തിൽ. അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.