Sorry, you need to enable JavaScript to visit this website.

സൗദിയിലെ തൊഴിലാളികള്‍ ശ്രദ്ധിക്കുക, തൊഴിൽ കരാർ രജിസ്‌ട്രേഷൻ: സമയക്രമമായി

റിയാദ് - സ്വകാര്യ മേഖലാ തൊഴിലാളികളുടെ തൊഴിൽ കരാറുകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയക്രമം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.3,000 ഉം അതിൽ കൂടുതലും ജീവനക്കാരുള്ള വൻകിട കമ്പനികൾക്ക് ഇന്നലെ മുതൽ ഓൺലൈൻ തൊഴിൽ കരാർ രജിസ്‌ട്രേഷൻ പദ്ധതി ബാധകമാക്കി തുടങ്ങി. ഇത്തരം സ്ഥാപനങ്ങളിലെ 20 ശതമാനം ജീവനക്കാരുടെ തൊഴിൽ കരാറുകൾ ഈ വർഷം മൂന്നാം പാദത്തിലും 50 ശതമാനം തൊഴിലാളികളുടെ കരാറുകൾ നാലാം പാദത്തിലും മുഴുവൻ തൊഴിലാളികളുടെയും കരാറുകൾ അടുത്ത വർഷം ആദ്യ പാദത്തിലും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിരിക്കണം. 500 മുതൽ 2,999 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഒക്‌ടോബർ 29 മുതൽ പദ്ധതി ബാധകമാക്കി തുടങ്ങും. 


ഇത്തരം സ്ഥാപനങ്ങളിലെ 20 ശതമാനം ജീവനക്കാരുടെ തൊഴിൽ കരാറുകൾ ഈ വർഷം അവസാന പാദത്തിലും 50 ശതമാനം തൊഴിലാളികളുടെ കരാറുകൾ അടുത്ത കൊല്ലം ആദ്യ പാദത്തിലും മുഴുവൻ തൊഴിലാളികളുടെയും കരാറുകൾ അടുത്ത വർഷം രണ്ടാം പാദത്തിലും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് അടുത്ത കൊല്ലം ജനുവരി 26 മുതൽ പദ്ധതി നിർബന്ധമാക്കും. ഇത്തരം സ്ഥാപനങ്ങളിലെ 20 ശതമാനം ജീവനക്കാരുടെ തൊഴിൽ കരാറുകൾ അടുത്ത വർഷം ആദ്യ പാദത്തിലും 50 ശതമാനം തൊഴിലാളികളുടെ കരാറുകൾ അടുത്ത വർഷം രണ്ടാം പാദത്തിലും മുഴുവൻ തൊഴിലാളികളുടെയും കരാറുകൾ അടുത്ത വർഷം മൂന്നാം പാദത്തിലും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിരിക്കണം. 
ഒന്നു മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് അടുത്ത കൊല്ലം ഏപ്രിൽ 23 മുതലാണ് പദ്ധതി ബാധകമാക്കി തുടങ്ങുക. ഈ വിഭാഗം സ്ഥാപനങ്ങളിലെ 20 ശതമാനം ജീവനക്കാരുടെ തൊഴിൽ കരാറുകൾ അടുത്ത കൊല്ലം രണ്ടാം പാദത്തിലും 50 ശതമാനം തൊഴിലാളികളുടെ കരാറുകൾ അടുത്ത വർഷം മൂന്നാം പാദത്തിലും മുഴുവൻ തൊഴിലാളികളുടെയും കരാറുകൾ അടുത്ത വർഷം അവസാന പാദത്തിലും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യേണ്ടിവരും.  
സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനും കരാർ വിവരങ്ങൾ പുതുക്കുന്നതിനും തൊഴിലുടമകളെ പുതിയ സേവനം അനുവദിക്കുന്നു. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) പോർട്ടൽ വഴി തൊഴിൽ കരാറുകളിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ തൊഴിലാളികൾക്കും സാധിക്കും.
പുതിയ തീരുമാനം പുറത്തുവന്ന ശേഷം തൊഴിലാളികളുമായി ഒപ്പുവെക്കുന്ന മുഴുവൻ തൊഴിൽ കരാറുകളും തൊഴിലുടമകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. ഇതിനു മുമ്പായി ഒപ്പുവെച്ച തൊഴിൽ കരാറുകളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ച സമക്രമം അനുസരിച്ച് ഘട്ടംഘട്ടങ്ങളായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യേണ്ടത്. 
സ്വകാര്യ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ കേസുകളും തർക്കങ്ങളും പ്രശ്‌നങ്ങളും കുറക്കുന്നതിനും പുതിയ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Latest News