Sorry, you need to enable JavaScript to visit this website.

തർമൂസിലെ മസ്‌റയിൽ നാല് പതിറ്റാണ്ട്;  പരിഭവങ്ങളൊന്നുമില്ലാതെ സുന്ദരണ്ണൻ  

ലേഖകനും കൂട്ടുകാരും സുന്ദരണ്ണന്റെ (ഇടത്തുനിന്ന് രണ്ടാമത്) കൂടെ. 

ബുറൈദ - നഗരത്തിൽനിന്ന് ഏകദേശം 150 കിലോ മീറ്റർ അകലെ ഗുവാറ ഗ്രാമത്തിലെ തർമൂസിലെ മസ്‌റ (കൃഷിയിടം) യിൽ നീണ്ട 38 വർഷം പിന്നിട്ടുവെന്നത് സുന്ദരന് സുഖമുള്ള ഒരു ഓർമയാണ്. 
കൊല്ലം ഉമയനല്ലൂർ മേവറം സ്വദേശിയാണ് പ്രദേശത്തെ മലയാളികളും അല്ലാത്തവരുമായ പ്രവാസികൾ സ്‌നേഹപൂർവം സുന്ദരണ്ണൻ എന്ന് വിളിക്കുന്ന സുന്ദരൻ. 
നവാസ് പള്ളിമുക്ക്, സക്കീർ കൈപ്പുറം, ഫൈസൽ ആലത്തൂർ, ഫൈസൽ മല്ലാട്ടി എന്നിവരോടൊപ്പം പ്രവാസത്തിന്റെ തുടക്കത്തിൽ തന്നെ മസ്‌റയിൽ എത്തിയ ഒരു മലയാളിയുണ്ടെന്ന് കേട്ടറിഞ്ഞെത്തിയ ലേഖകനോട് ദീർഘകാലത്തെ അനുഭവങ്ങൾ സുന്ദരണ്ണൻ ഓരോന്നായി പങ്കുവെച്ചു. 
1982 ജൂൺ 14 നാണ് മുംബൈ ഡോംഗ്രിയിലെ അലി യൂസുഫ് ട്രാവൽസിൽനിന്ന് വിസ ലഭിച്ചു താൻ തർമൂസിലെത്തുന്നത്. സൗദി ഭരണാധികാരിയായിരുന്ന ഖാലിദ് രാജാവിന്റെ വിയോഗത്തിന്റെ പിറ്റേന്നാൾ ആണ് തന്റെ പ്രവാസത്തിന്റെ തുടക്കമെന്ന് സുന്ദരണ്ണൻ പറഞ്ഞു. 
ഖലീൽ തർമൂസ് എന്ന കുഗ്രാമത്തിൽ 200 ഹെക്ടർ വിസ്തൃതിയുള്ള മസ്‌റയുടെ ഓരം ചേർന്നു രണ്ട് വീടുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്. കുടുംബം പച്ചപിടിപ്പിക്കാൻ ബന്ധുക്കളോടെല്ലാം യാത്ര പറഞ്ഞ് പ്രതീക്ഷയോടെ കടൽകടന്നെത്തിയ താൻ, വീടോ വൈദ്യുതിയോ അനുബന്ധ സൗകര്യങ്ങളോ ഒന്നുമില്ലാത്ത കൃഷിയിടത്തിൽ താമസിക്കേണ്ടിവന്ന ദുരിതം വർണനാതീതമാണ്.
ആദ്യ വർഷങ്ങളിൽ സ്‌പോൺസർ ആഴ്ചയിലൊരിക്കലെത്തിക്കുന്ന കുബ്ബൂസ് മാത്രമായിരുന്നു ആശ്രയം. കറിയുണ്ടാക്കുന്നതും ചായ തിളപ്പിക്കുന്നതും കാട്ടിൽ നിന്നു ശേഖരിക്കുന്ന ചുള്ളിക്കമ്പ് ഉപയോഗിച്ചായിരുന്നു. ഉഷ്ണകാലത്ത് നേരത്തേ നനച്ചു വെച്ച ചാക്കിനു മീതെ കിടന്ന് നനഞ്ഞ തുണി പുതച്ചാണ് ഉറക്കം. കുടുംബവുമായി ബന്ധപ്പെടണമെങ്കിൽ മാസങ്ങളോളം കാത്തിരിക്കാൻ നിർബന്ധിതനായി. കുറച്ച് കാലം കഴിഞ്ഞപ്പോൾ കൂടെയുള്ള തൊഴിലാളികളുമായി ചേർന്ന് താമസിക്കാൻ ചെറിയൊരു വീടുണ്ടാക്കി. 
അക്കാലത്തും ഓരോ സീസണിലും ഓരോ ഇനം കൃഷി ഇറക്കുകയായിരുന്നു പതിവ്.  തണ്ണിമത്തൻ, അതു കഴിഞ്ഞാൽ ഗോതമ്പ്, പിന്നീട് ഒട്ടകങ്ങൾക്കുള്ള തീറ്റപ്പുല്ലായ ബർസീം എന്നിങ്ങനെ മാറി മാറി കൃഷിയിറക്കും. കൂടാതെ ആയിരത്തിലധികം ആടുകളും കുറേയധികം ഒട്ടകങ്ങളും. കൃഷിയിടത്തിലെ മണ്ണുവെട്ടി ചാലാക്കി വെള്ളം തിരിച്ചുവിടലായിരുന്നു അന്നത്തെ പ്രധാന ജോലി. അന്ന് തന്നെ ഏഴു പേർ ഇവിടെയെത്തിയിരുന്നുവെന്ന് സുന്ദരണ്ണൻ പറഞ്ഞു. 
ദുരിത ജീവിതം ഭയന്ന് ഒരു പാക്കിസ്ഥാൻ സ്വദേശിയും ബീഹാരിയുമൊഴികെ മറ്റെല്ലാവരും അവിടെന്ന് മടങ്ങി. മസ്‌റയിൽനിന്ന് അൽപദൂരം സഞ്ചരിച്ചാൽ ബദുക്കളായ സ്വദേശികളുടെ ഖൈമകൾ കാണാമായിരുന്നുവെന്ന് പറഞ്ഞ് സുന്ദരണ്ണൻ നാല് പതിറ്റാണ്ടിലേക്ക് പിറകിലേക്ക് പോയി. 
ഇന്നത്തെ കബ്ത ദവ്വാർ വരെയേ അന്ന് റോഡ് ടാർ ചെയ്തിട്ടുള്ളൂ. അതു കഴിഞ്ഞാൽ പിന്നെ എല്ലാം മൺപാതകളാണ്. പഴയൊരു പിക്കപ്പിലാണ് മസ്‌റയിലേക്ക് സാധനങ്ങൾ കൊണ്ടു വന്നിരുന്നത്. പൊടിപടലങ്ങൾ പടർത്തി ആ വാഹനം വരുന്നത് ഇന്നും മങ്ങാത്ത ഓർമയാണ്.
ബുറൈദയിൽ ജോലി ചെയ്യുന്ന നാട്ടുകാർ മുഖേനയാണ് അന്ന് ശമ്പളം നാട്ടിലെത്തിച്ചിരുന്നത്. അന്നത്തെ 600 റിയാൽ നാട്ടിലെ 2,000 രൂപ തികയുമായിരുന്നില്ല, പക്ഷെ രൂപയുടെ മൂല്യം ഏറെ മികച്ചതായിരുന്നുവെന്നത് കാരണം നിരാശയില്ല. 200 റിയാലിന്റേതാണ് അന്നത്തെ വലിയ കറൻസി. നാട്ടുകാരനായ ജമീല ടെക്സ്റ്റയിൽസ് ഉടമ ഇഖ്ബാൽ പള്ളിമുക്ക്, ഭാര്യാസഹോദരൻ യൂസുഫ്, ടാക്‌സി ഡ്രൈവർ ഖാലിദ് എന്നിവരൊക്കെയാണ് പ്രധാന സുഹൃത്തുക്കൾ. ബുറൈദയിലേക്ക് പോവുന്നതും വരുന്നതുമൊക്കെ സ്‌പോൺസറുടെ പിക്കപ്പ് വാഹനത്തിലാണ്. ചാടിപ്പോവുമെന്ന ഭയത്താൽ ബുറൈദയിലെത്തിയാൽ സ്‌പോൺസർ ഇഖാമ വാങ്ങി വെക്കും. ഇന്നത്തെപ്പോലെ കേരള മാർക്കറ്റിൽ അന്ന് ബംഗാളികളില്ല, വിരലിലെണ്ണാവുന്നവർ മാത്രം. മാർക്കറ്റു നിറയെ മലയാളികളുംപാക്കിസ്ഥാനികളുമാണ്. ഇന്ന് പ്രവാസ ലോകത്ത് സംഘടനകളുടെ ബാഹുല്യമാണ്.  ഇഖ്ബാൽ പള്ളിമുക്കിന്റെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബുറൈദ മലയാളി സമാജം ആണ് അന്നത്തെ ഏക സംഘടന. അക്കാലത്ത് മേഖലയിലെ പ്രവാസികൾ അനുഭവിച്ച പല പ്രയാസങ്ങളും പരിഹരിക്കാനും ആ കൂട്ടായ്മ മുൻപന്തിയിലുണ്ടായിരുന്നു. അന്ന് മറ്റൊരു പ്രവിശ്യയിലേക്ക് പോവണമെങ്കിൽ സ്‌പോൺസർ ഒപ്പുവെച്ച ജവാസാത്ത് സീൽ ചെയ്ത പേപ്പർ വേണം. കർക്കശ വ്യവസ്ഥയായിരുന്നെങ്കിലും ചാടിപ്പോകുന്നവർ കൂടുതലായിരുന്നു. അന്ന് ചാടിപ്പോയവരിൽ പലരെയും പിന്നീട് സമ്പന്നരായി കാണാനും ഇടവന്നിട്ടുണ്ട്. ഭാര്യയുടെ അനന്തരസ്വത്തായി ലഭിച്ച 20 സെന്റ് സ്ഥലം വിൽപ്പന നടത്തിയതിലൂടെ ലഭിച്ച 28,000 രൂപയിൽ 15,000 രൂപ നൽകിയാണ് അന്ന് വിസ തരപ്പെടുത്തിയത്. ഇന്ന് ആ വസ്തുവിന്റെ വില ലക്ഷങ്ങളാണ്. ആദ്യമൊക്കെ പല കാര്യങ്ങൾക്കും സ്‌പോൺസറുമായി പിണങ്ങുമായിരുന്നെങ്കിലും പിന്നീട് ഏറെ സ്‌നേഹത്തിലായി. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം മരിച്ചപ്പോൾ മകന്റെ കീഴിലേക്ക് മാറി. 
മൂന്ന് മക്കളിൽ ഏക മകൻ സനൽ ബുറൈദയിൽ ജോലി ചെയ്യുന്നുണ്ട്. വിവാഹിതരായ രണ്ട് പെൺകുട്ടികളും കുട്ടികളോടൊപ്പം സുഖമായി ജീവിക്കുന്നു. മൂത്ത മകൾക്ക് ഒരു വയസ്സുള്ളപ്പോഴാണ് സൗദിയിലെത്തുന്നത്. ഗൾഫിൽ വരുന്നതിനു മുൻപ് ഒരു അരിക്കടയിലെ ലോഡിംഗ് തൊഴിലാളിയായിരുന്നു സുന്ദരൻ. അൽപ്പസ്വൽപ്പം ട്രാക്ടർ ഓടിക്കാനും അറിയുമായിരന്നു. ആ അനുഭവങ്ങളെല്ലാം ഇവിടെ ഗുണമായെന്നാണ് സുന്ദരന്റെ പക്ഷം. സുന്ദരന്റെ കൃഷിയിലെ നൈപുണ്യം കൂടെയുള്ള പാക്കിസ്ഥാനിയും ബീഹാറിയും ആവേശത്തോടെയാണ് വിവരിച്ചത്. 
രണ്ടു തവണ പ്രവാസം അവസാനിപ്പിക്കാൻ മനസ്സുകൊണ്ടു തീരുമാനമെടുത്താണ് നാട്ടിൽപ്പോയതെന്ന് സുന്ദരണ്ണൻ പറഞ്ഞു. പക്ഷെ അവധി തീരാറാവുമ്പോൾ ഈ മണ്ണിനെയും തന്റെ കൃഷിയേയും ഓർത്ത് വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങും. ഇനി നാട്ടിൽപ്പോയാൽ അച്ഛൻ തിരിച്ചു വരേണ്ടന്നാണ് സനലിന്റെ അഭിപ്രായം. ആദ്യ നാളുകളിലെ ദുരിതം സഹിക്കവയ്യാതെ പലപ്പോഴും തിരിച്ചു പോവണമെന്ന ചിന്ത വന്നിരുന്നെങ്കിലും പിടിച്ചു നിന്നത് ഗുണമായി എന്നാണ് സുന്ദരണ്ണൻ പറയുന്നത്. കുടുംബം അല്ലലില്ലാതെ ജീവിച്ചു പോന്നതാണ് പ്രവാസത്തിലെ വലിയ സമ്പാദ്യമെന്നും ഇദ്ദേഹം പറയുന്നു. 
പ്രതിസന്ധികളിൽ മനം മടുത്ത് തിരിഞ്ഞു നടക്കുകയല്ല, മനക്കരുത്ത് കൊണ്ട് അവയെ അതിജയിക്കുകയാണ് വേണ്ടതെന്ന് സുന്ദരണ്ണൻ ഓർമിപ്പിക്കുന്നു. ജീവിതവഴിയിലെ ഒരു വലിയ പങ്കും മരുഭൂമിയിൽ കഴിച്ചതിൽ ഒരിക്കലും നിരാശ തോന്നിയിട്ടില്ല. മറിച്ച്, ഈ മണ്ണിന്റെ ഗുണവും നാട്ടുകാരുടെ സ്‌നേഹവും, ഇക്കാലമത്രയും അനുഭവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുകയുമാണ് സുന്ദരണ്ണൻ.

 

Latest News