തിരുവനന്തപുരം- എറണാകുളം ലാത്തിച്ചാർജിലെ പരാതികൾ അന്വേഷിക്കാൻ സി.പി.ഐ പാർട്ടി കമ്മീഷനെ നിയോഗിച്ചു.
ഡി.ഐ.ജി ഓഫീസ് മാർച്ചിനുനേരെ ഉണ്ടായ പോലീസ് നടപടികളുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാനാണ് മൂന്നംഗ കമ്മീഷൻ. കെ.പി.രാജേന്ദ്രൻ, വി.ചാമുണ്ണി, പി.പി.സുനീർ എന്നിവരടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക. ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവിലാണ് തീരുമാനം. ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനകൾ ഉൾപ്പടെയുള്ള വിഷയങ്ങളും കമ്മീഷൻ പരിശോധിക്കും.
സംസ്ഥാന എക്‌സിക്യുട്ടീവിൽ എറണാകുളം സംഭവം പ്രധാന ചർച്ചാ വിഷയമായി. റിപ്പോർട്ടിംഗ് വേളയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഈ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രിയുമായി വേദി പങ്കിടുമ്പോഴാണ് ലാത്തിച്ചാർജ് നടക്കുന്നതെന്ന് കാനം പറഞ്ഞു. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. ഇതാണ് താൻ ഒഴിഞ്ഞുമാറി എന്ന രീതിയിൽ മാധ്യമങ്ങൾ വാർത്തയാക്കിയത്.
പിന്നീട് താൻ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി തന്നെ വിളിച്ച് അന്വേഷണം നടത്താമെന്ന് അറിയിച്ചു. എന്നാൽ സാധാരണ അന്വേഷണം പോരെന്നും ഉന്നതതല അന്വേഷണം വേണമെന്നും താൻ ആവശ്യപ്പെട്ടു. അതിനെ തുടർന്നാണ് കലക്ടറുടെ അന്വേഷണം പ്രഖ്യാപിച്ചത്. പിന്നീടുള്ള തന്റെ പ്രതികരണങ്ങളും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും കാനം വ്യക്തമാക്കി.
കാനത്തിന്റെ പ്രസ്താവനകൾ പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ കാരണമായെന്ന് അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടി. ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രവർത്തകരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ച കാര്യവും കാനം യോഗത്തെ അറിയിച്ചു. ഇവ അടക്കമുള്ള വിഷയങ്ങൾ അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ വെക്കണമെന്ന് കാനം തന്നെ യോഗത്തിൽ ആവശ്യപ്പെടുകയായിരുന്നു.