മസ്‌കത്ത്- ജൂണ്‍ 21 ന് ഖരീഫ് സീസണ്‍ ആരംഭിച്ച ശേഷം ഒമാനിലെ ദോഫാര്‍ സന്ദര്‍ശിക്കാന്‍ സന്ദര്‍ശകരുടെ ഒഴുക്ക്. ഇതുവരെ മൂന്നുലക്ഷം സന്ദര്‍ശകരാണ് ഇവിടെയെത്തിയത്.
സന്ദര്‍ശകരില്‍ കൂടുതലും ഒമാനികളാണെന്ന് ദേശീയ സ്റ്റാറ്റിറ്റിക്‌സ് വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. ജി.സി.സി രാജ്യങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍നിന്നും രണ്ടാമത് സൗദി അറേബ്യയില്‍നിന്നുമാണ്. യഥാക്രമം 17557, 17030 പേര്‍ വീതം.
ഇന്ത്യക്കാര്‍ 16132 ഏഷ്യക്കാരും ഈ സീസണില്‍ ദോഫാറിലെത്തി. ദോഫാറിലെ പ്രധാന നഗരമായ സലാല സാംസ്‌കാരികവും ചരിത്രപരവുമായി സമ്പന്നമായ നഗരമാണ്. സാലിഹ് നബിയുടെ ഒട്ടകത്തിന്റെ കാല്‍പാടുകള്‍ പതിഞ്ഞ അല്‍ ബലീദ് അടക്കം നിരവധി ചരിത്രസ്ഥലങ്ങളുണ്ടിവിടെ. കേരളത്തിന്റെ ഭൂപ്രകൃതിയോട് ഏറെ സാമ്യമുള്ള പ്രദേശമാണ് സലാല.