കോഴിക്കോട്- മാളിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് എൻ.ഐ.ടി പ്രൊഫസറെ ബ്ലാക്ക്‌മെയിൽ ചെയ്ത് മർദിച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പോലീസ് അന്വേഷണം നേരിടുന്ന മാനേജർ ഉൾപ്പെടെ രണ്ടു പേർ ഒളിവിൽ. ഗോരഖ്പൂർ എൻ.ഐ.ടിയിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ പ്രിൻസിപ്പൽ ടെക്‌നിക്കൽ ഓഫീസറായ പ്രൊഫ. പ്രശാന്ത് ഗുപ്തയുടെ പരാതിയിൽ അറസ്റ്റിലായ കോഴിക്കോട് ഫോക്കസ് മാളിലെ ജീവനക്കാരായ ഗുരുവായൂരപ്പൻ കോളേജ് സ്വദേശി മേലെപെരിങ്ങാട്ട് വീട്ടിൽ സി.പി.രാജേഷ് (39), നോർത്ത് ബേപ്പൂർ നടുവട്ടം സ്വദേശി ഹർഷിന മൻസിലിൽ പി.മുഹമ്മദ് അസ്ഹറുദീൻ (34), മലപ്പുറം പാണ്ടിക്കാട് കൊളപ്പറമ്പ് പെർക്കുത്ത് വീട്ടിൽ പി.ആഷിക് (26), എരഞ്ഞിക്കൽ അമ്പലപ്പടി സഫ ഫ്‌ളാറ്റ് 108 ലെ താമസക്കാരൻ കെ.നിവേദ് (20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാന്റിലാണ്.
കോഴിക്കോട് നഗരത്തിലെ ഫോക്കസ് മാളിൽ പ്രവർത്തിക്കുന്ന ഫോക്കസ് ഹൈപ്പർമാർക്കറ്റിലെ ജീവനക്കാർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചതോടെ പ്രതികളെ പിടികൂടുകയായിരുന്നു. എൻ.ഐ.ടിയിലെ പ്രോജക്ട് വർക്കിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ പ്രൊഫസർ മാവൂർ റോഡിലെ സ്വകാര്യ ലോഡ്ജിൽ വൻതുക വാടക നൽകി താമസിച്ച് വരികയായിരുന്നു. കഴിഞ്ഞദിവസം ഹൈപ്പർമാർക്കറ്റിൽ ഷോപ്പിങിനെത്തിയ ഇദ്ദേഹം പർച്ചേഴ്‌സ് ചെയ്യുന്നതിനിടെ ഫോൺ വന്നതുമൂലം ഷോപ്പിന് പുറത്തിറങ്ങിയപ്പോൾ ലിപ്സ്റ്റിക് റോളുകൾ അബദ്ധത്തിൽ കയ്യിലെടുത്തിരുന്നു.
ഇത് കണ്ട ജീവനക്കാർ പിന്നാലെയെത്തി ഇയാളെ ആക്രമിച്ചു. വൈകീട്ട് അഞ്ചരക്ക് സൂപ്പർ മാർക്കറ്റിനുള്ളിലെ ഇടിമുറിയിലെത്തിച്ച പ്രശാന്ത് ഗുപ്തയെ രണ്ടര മണിക്കൂറോളം കൈകാര്യം ചെയ്തുവെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിവാഹമോതിരം, വാച്ച്, എ.ടി.എം കാർഡുകൾ എന്നിവ കൈക്കലാക്കുകയും ചെയ്തു. പല തവണയായി എ.ടി.എം കാർഡിൽ നിന്ന് ഒരു ലക്ഷം രൂപയോളം സൂപ്പർമാർക്കറ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. വിലകൂടിയ വാച്ച്, മൊബൈൽ ഫോൺ, 7,500 രൂപ, എ.ടി.എം കാർഡ് എന്നിവ നിർബന്ധപൂർവം പിടിച്ചു വാങ്ങി. എ.ടി.എം കാർഡ് ഉപയോഗിച്ച് ഫോക്കസ് ഹൈപർ മാർക്കറ്റിലെ സൈ്വപിങ് മെഷീൻ മുഖേന ഒരു ലക്ഷം രൂപ പിൻവലിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്തു.
സംഭവം പുറത്തുപറഞ്ഞാൽ മാധ്യമങ്ങളിൽ വാർത്തവരുമെന്നും പടം സഹിതം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമെന്നും വിവരം ഭാര്യയേയും മറ്റും അറിയിക്കുമെന്നും ഭീഷണിമുഴക്കി. ഇതോടെ മാനഹാനി ഭയന്ന് ഇദ്ദേഹം പുറത്തു പറഞ്ഞില്ല. എന്നാൽ വീണ്ടും അദ്ദേഹത്തോട് ഫോക്കസ് മാളിന്റെ സിവിൽ സ്‌റ്റേഷനിലുള്ള ഹെഡ് ഓഫീസിലേക്ക് രണ്ടരലക്ഷം രൂപയുമായി എത്താൻ ആവശ്യപ്പെട്ടു. ഇതോടെ തന്നെ ബ്ലാക്ക്‌മെയിൽചെയ്യുകയാണെന്ന് മനസ്സിലാക്കിയ പ്രൊഫസർ കസബ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഗോരക്പൂരിലെ പ്രൊഫസർ പ്രശാന്ത് ഗുപയ്ക്കായിരുന്നു ഫോക്കസ് മാളിലെ സൂപ്പർമാർക്കറ്റിൽ നിന്നും ക്രൂരമർദനമേൽക്കേണ്ടി വന്നത്. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിരുന്നുവെങ്കിലും മാനേജർ യഹിയ, സ്ഥാപനത്തിലെ മറ്റൊരു സൂപ്പർവൈസർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. യഹിയയുടെ നേതൃത്വത്തിലായിരുന്നു മർദനം. യഹിയയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.
സമാന സംഭവം മുമ്പും ഉണ്ടായതായും പലരേയും ഭീഷണിപ്പെടുത്തി പണം തട്ടിയതായും സൂചനയുള്ളതായി പോലീസ് പറയുന്നു. ഗുണ്ടാ സങ്കേതങ്ങളെന്ന പോലെയാണ് ഇടിമുറികൾ പ്രവർത്തിക്കുന്നത്. പണം തട്ടുന്നതിനായി പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്യസംസ്ഥാനത്തിൽ നിന്നുള്ള ആളായതിനാൽ വലിയ പ്രശ്‌നത്തിന് നിൽക്കില്ലെന്നും മർദനമേറ്റതിൽ പരാതി നൽകാൻ തയ്യാറാവാതെ തിരിച്ച് പോവുമെന്നുമായിരുന്നു മർദനത്തിന് നേതൃത്വം നൽകിയവർ കരുതിയത്.
തട്ടിപ്പിനിരയാക്കിയവരിൽനിന്നും പിടിച്ചെടുക്കുന്നസാധനങ്ങൾ സൂപ്പർമാർക്കറ്റിലെ പ്രത്യേകം ലോക്കറിൽ സൂക്ഷിക്കുകയാണ് പതിവ്. ഇത് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ യഹിയയുടെ സിവിൽ സ്‌റ്റേഷനിലെ ഓഫീസിൽ പോലീസ് റെയ്ഡ് നടത്തി. പ്രധാന പ്രതികൾ ഉടൻ അറസ്റ്റിലാവുമെന്നും പോലീസ് പറഞ്ഞു. കസബ എസ്.ഐ വി.സിജിത്തിന്റെ നേതൃത്വത്തിലാണ് നഗരമധ്യത്തിലെ മാളിലെ സൂപ്പർമാർക്കറ്റിൽ നടന്ന വൻ കൊള്ളയുടെ അന്വേഷണം നടത്തുന്നത്.