ദമാം- പതിനഞ്ചര വർഷമായി വേതനം ലഭിക്കാത്ത ഇന്തോനേഷ്യൻ വേലക്കാരിക്ക് അൽകോബാർ ലേബർ ഓഫീസിന്റെ ഇടപെടലിലൂടെ വേതന കുടിശ്ശിക ലഭിച്ചു. ഇക്കാലമത്രയും ലീവ് പോലും ലഭിക്കാതെ ജോലി ചെയ്യുന്നതിന് നിർബന്ധിതയായ ഇന്തോനേഷ്യക്കാരിക്ക് അൽകോബാർ ലേബർ ഓഫീസിനു കീഴിലെ ഗാർഹിക തൊഴിലാളി കമ്മിറ്റിയാണ് വേതന കുടിശ്ശികയായ 1,38,000 റിയാൽ ഈടാക്കി നൽകിയത്. സൗദി പൗരനെ ലേബർ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇന്തോനേഷ്യൻ എംബസി പ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലൂടെയാണ് വേലക്കാരിയുടെ പ്രശ്‌നത്തിന് ഗാർഹിക തൊഴിലാളി കമ്മിറ്റി പരിഹാരം കണ്ടത്.
പതിനഞ്ചര വർഷം മുമ്പാണ് ഇന്തോനേഷ്യക്കാരി സൗദി പൗരന്റെ വീട്ടിൽ ജോലിക്കെത്തിയത്. ഇതിനു ശേഷം കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിനോ നാട്ടിലേക്ക് പോകുന്നതിനോ സ്‌പോൺസർ ഇവരെ അനുവദിച്ചില്ല. ഇക്കാലമത്രയും വേലക്കാരിക്ക് വേതനവും ലഭിച്ചിരുന്നില്ല.
ഇന്തോനേഷ്യൻ എംബസി ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് വേലക്കാരിയെ കണ്ടെത്തിയത്. വേതന കുടിശ്ശികയായ 1,38,000 റിയാലിന്റെ ചെക്ക് സൗദി പൗരൻ വേലക്കാരിക്ക് കൈമാറിയതായി നാഷണൽ ലേബർ കമ്മിറ്റി അംഗം നാസിർ അൽദോസരി പറഞ്ഞു. വേലക്കാരിയെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ടിക്കറ്റ് ചെലവും സ്‌പോൺസർ വഹിക്കും. ഇഖാമ പുതുക്കാത്തതിനുള്ള ഫീസുകളും പിഴകളും അടച്ച് വേലക്കാരിക്ക് സൗദി പൗരൻ ഫൈനൽ എക്‌സിറ്റ് വിസയും നൽകുമെന്ന് നാസിർ അൽദോസരി പറഞ്ഞു.