കൊച്ചി- കൊച്ചിയിൽ എക്സൈസ് നടത്തിയ രഹസ്യനീക്കത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മാരകമെന്നറിയപ്പെടുന്ന കാലിഫോർണിയ-9 മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ആലുവ കീഴ്മാട് ഇടയത്താളിൽ വീട്ടിൽ സഫർ സാദിഖ് (24) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.സുരേഷ്, ഇൻസ്പെക്ടർ പി.ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. മയക്കു മരുന്നു മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദേശത്തോടു കൂടി നാർക്കോടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പ് എന്ന പേരിൽ രൂപീകരിച്ചിട്ടുള്ള വിവര ശേഖരണ ശൃംഖലയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കാലിഫോർണിയ-9 എന്നറിയപ്പെടുന്ന ഒരു സ്റ്റാമ്പിൽ 360 മൈക്രോ ഗ്രാം ലൈസർജിക് ആസിഡ് വീതം കണ്ടന്റുള്ള ത്രീ ഡോട്ടട് എൽ.എസ്.ഡി സ്റ്റാമ്പ് 25 എണ്ണം തൂക്കം (540 മില്ലി ഗ്രാം) സഹിതമാണ് സഫർ സാദിഖ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസർജിക്ക് ആസിഡ്. ഇത് പുരട്ടിയ സ്റ്റാമ്പാണ് പിടികൂടിയത്. ലൈസർജിക് ആസിഡ് സ്റ്റാമ്പുകൾ ലോകത്തിലാകെ 124 ഇനമുണ്ട്. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ത്രീ ഡോട്ടഡ് സ്റ്റാമ്പാണ് പിടികൂടിയത്. സ്റ്റാമ്പിന്റെ പുറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് വീര്യത്തെ സൂചിപ്പിക്കുന്നത് 360 മൈക്രോ ഗ്രാം ലൈസർജിക്ക് ആസിഡ് കണ്ടന്റുള്ള സ്റ്റാമ്പാണ് പിടികൂടിയത്. 0.1 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റം ആണ്. മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഇവയുടെ അളവ് അൽപ്പം കൂടിപ്പോയാൽ ഉപയോക്താവ് മരണപ്പെടാൻ തന്നെ സാധ്യതയുള്ളതാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയിൽ ജീവിക്കുന്നതിനുമാണ് പ്രതി ലഹരി വ്യാപാരം നടത്തി വന്നിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ ഗോവ പോലുള്ള സംസ്ഥാനങ്ങളിൽ മാരകമായ ലഹരി മരുന്നുകൾ ഉൽപാദിപ്പിക്കുന്ന ഡ്രഗ് മാനുഫാക്ചറിംഗ് യൂനിറ്റുകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയിൽനിന്ന് ഗോവയിൽ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ആഫ്രിക്കൻ വംശജരിൽ നിന്നുമാണ് ഇത് വാങ്ങിയതെന്നും കേരളത്തിൽനിന്നും നിരവധി യുവാക്കൾ ഇത്തരം ന്യൂജൻ മയക്കുമരുന്നുകൾക്കായി ഗോവയിൽ എത്തിച്ചേരുന്നുണ്ടെന്ന് വിവരം ലഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മലപ്പുറം, എറണാകുളം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ അടുത്തിടെ ഇത്തരം ലഹരി മരുന്നുകൾ വ്യാപകമായി പിടിക്കപ്പെടുന്നുണ്ട്. ഇത്തരം ലഹരി ഉപയോഗങ്ങളുടെ ഹബ് ആയി കേരളം മാറുന്നതിന്റെ സൂചനയാണിത് നൽകുന്നത്. പ്രിവന്റിവ് ഓഫിസർ കെ.ആർ രാം പ്രസാദ്, സി.ഇ.ഒ മാരായ എം.എം.അരുൺ കുമാർ, വിപിൻദാസ് ഹരിദാസ്, രതീഷ് ഡ്രൈവർ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.