*ഇറക്കുമതി കുറഞ്ഞുവെന്നും സൗദി കസ്റ്റംസ്
ജിദ്ദ- ഈ വർഷം ജൂൺ അവസാനം വരെ സൗദി അറേബ്യൻ കര, വ്യോമ, നാവിക അതിർത്തി പോസ്റ്റുകൾ വഴി നടത്തിയ കയറ്റുമതി, ഇറക്കുമതി വിശദാംശങ്ങൾ സൗദി കസ്റ്റംസ് പ്രസിദ്ധീകരിച്ചു. ഇക്കാലയളവിൽ സൗദിയിലെ 35 ചെക്ക് പോസ്റ്റുകളിലൂടെ 270 ബില്യൺ റിയാലിന്റെ വിവിധയിനം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. 96 ബില്യൺ റിയാൽ വില മതിക്കുന്ന ഉൽപന്നങ്ങൾ ആറ് മാസത്തിനിടെ രാജ്യം കയറ്റുമതി ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. 35.5 മില്യൺ ടൺ ചരക്കുകൾ ഇറക്കുമതി ചെയ്തിട്ടുണ്ടെങ്കിലും ഇത് മുൻവർഷം ഇതേ കാലയളവിൽ സൗദിയിൽ എത്തിച്ചതുമായി തുലനം ചെയ്യുമ്പോൾ മൂന്ന് ശതമാനം കുറവാണ്. അതേസമയം കയറ്റുമതി ഉൽപന്നങ്ങളുടെ അളവ് ഏഴ് ശതമാനം വർധിച്ചതാണ് ഏറെ ശ്രദ്ധേയം. 34.6 മില്യൺ ടൺ വരുന്ന ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്തിരിക്കുന്നതെന്നും കസ്റ്റംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷം ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ സൗദി കസ്റ്റംസ് നടത്തിയ ഇടപാടുകളും 14 ശതമാനം വർധിച്ചിട്ടുണ്ട്. കയറ്റുമതി, ഇറക്കുമതി, പുനർകയറ്റുമതി, ട്രാൻസിറ്റ് എന്നിങ്ങനെ 1.9 മില്യൺ ഇടപാടുകളാണ് ഈ വർഷം ജൂൺ വരെ കസ്റ്റംസ് അതോറിറ്റി നടത്തിയത്. ഇക്കാലത്തിനിടെ 4,77,000 ലേറെ കണ്ടെയ്‌നറുകളിലാണ് സൗദി അറേബ്യ തങ്ങളുടെ ഉൽപന്നങ്ങൾ ലോകരാജ്യങ്ങളിലേക്ക് അയച്ചത്. 4,75,000 കണ്ടെയ്‌നറുകളാണ് 2018 ജൂൺ വരെ രേഖപ്പെടുത്തിയിരുന്ന കയറ്റുമതി.
സൗദിയുടെ വിദേശ വ്യവഹാരത്തിന്റെ പ്രധാന കേന്ദ്രം ജിദ്ദ ഇസ്‌ലാമിക് പോർട്ടാണെന്നും സൗദി കസ്റ്റംസ് റിപ്പോർട്ടിൽ വ്യക്തമാണ്. ആകെ ഇറക്കുമതിയുടെ 29 ശതമാനം എന്ന തോതിൽ 79.1 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളും ജിദ്ദ പോർട്ടിലാണ് എത്തിയത്. ആകെ കയറ്റുമതി ചെയ്ത ചരക്കുകളുടെ മൂല്യം വിലയിരുത്തുമ്പോൾ 12 ശതമാനവും ഇവിടെ നിന്നാണ്. 11.9 ബില്യൺ റിയാൽ വരുന്ന ചരക്കുകൾ ജിദ്ദ പോർട്ടിൽനിന്ന് മാത്രം ആറു മാസത്തിനിടെ കയറ്റുമതി ചെയ്തിട്ടുണ്ട്.
സൗദി കസ്റ്റംസ് പൂർത്തിയാക്കിയ ഇടപാടുകളിലും ഒന്നാം സ്ഥാനം ജിദ്ദ ഇസ്‌ലാമിക് പോർട്ടിനാണ്. ഇവിടെ നിന്ന് 220,000 ഇടപാടുകളാണ് നടന്നത്. കിംഗ് അബ്ദുൽ അസീസ് പോർട്ട് കസ്റ്റംസ് 53 ബില്യൺ റിയാലിൽ അധികം വില വരുന്ന വസ്തുക്കൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ആറു മാസത്തിനിടെ, നടന്ന ഇറക്കുമതിയുടെ 20 ശതമാനവും ഇവിടെ നിന്നാണ്. ആകെ കയറ്റുമതിയുടെ 10 ശതമാനം എന്ന നിലയിൽ 9.6 മില്യൺ റിയാൽ വില മതിക്കുന്ന ചരക്കുകൾ ഇവിടെ നിന്ന് കയറ്റി അയച്ചിട്ടുമുണ്ട്.
കര അതിർത്തി ചെക്ക് പോയിന്റുകൾ വഴി പൂർത്തിയായ ഇറക്കുമതിയിലും കയറ്റുമതിയിലും ബത്ഹ കസ്റ്റംസ് ആണ് മുൻപന്തിയിൽ. 19.1 ബില്യൺ റിയാൽ വിലമതിക്കുന്ന ഉൽപന്നങ്ങളാണ് ഇതുവഴിയെത്തിയത്. സൗദിയിലേക്ക് എത്തിയ ചരക്കുകളുടെ ഏഴ് ശതമാനമാണിത്. ആകെ കയറ്റുമതിയുടെ എട്ട് ശതമാനം എന്ന രീതിയിൽ 7.7 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ബത്ഹാ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയിട്ടുണ്ട്.
വിമാനത്താവളങ്ങൾ വഴിയുള്ള ഇറക്കുമതിയിൽ റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് ആണ് പ്രഥമ സ്ഥാനത്ത്. സൗദിയിലേക്കുള്ള ആകെ ഇറക്കുമതിയുടെ 12 ശതമാനം എന്ന തോതിൽ 32.9 ബില്യൺ റിയാലിന്റെ ഇറക്കുമതി ഇവിടെ നിന്ന് രേഖപ്പെടുത്തി. 215 മില്യൺ റിയാൽ മൂല്യം വരുന്ന ഉൽപന്നങ്ങൾ റിയാദ് വിമാനത്താവളം വഴി കയറ്റി അയച്ചിട്ടുണ്ടെന്നും കസ്റ്റംസ് അതോറിറ്റി സൂചിപ്പിക്കുന്നു.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി 17.8 ബില്യൺ റിയാലിന്റെ ഇറക്കുമതിയും 1.1 ബില്യൺ റിയാലിന്റെ കയറ്റുമതിയും നടന്നിട്ടുണ്ട്. 14.4 ബില്യൺ റിയാലിന്റെ ഇറക്കുമതിയും 67.9 മില്യൺ റിയാലിന്റെ കയറ്റുമതിയുമാണ് ദമാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് രേഖപ്പെടുത്തിയത്. രാജ്യത്തെ ചെക്ക് പോസ്റ്റുകളിലൂടെ 2019 ജൂൺ വരെ 1,10,00,000 വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിട്ടുണ്ടെന്നും സൗദി കസ്റ്റംസ് വിശദമാക്കുന്നു. 6.1 മില്യൺ വാഹനങ്ങൾ വരികയും പോവുകയുംചെയ്ത കിംഗ് ഫഹദ് കോസ് വേയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 20 ലക്ഷം വാഹനങ്ങൾ സഞ്ചരിച്ച ഖഫ്ജി ചെക്ക് പോസ്റ്റ് രണ്ടും 908,000 വാഹനങ്ങളുടെ സഞ്ചാരം രേഖപ്പെടുത്തിയ അൽറക്ഇ ചെക്ക് പോസ്റ്റ് മൂന്നും സ്ഥാനങ്ങളിലാണെന്നും കസ്റ്റംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.