ഒരു ലോക കടുവാ ദിനം കൂടി കടന്നുപോയത് മനുഷ്യരും കടുവയടക്കമുള്ള മൃഗങ്ങളുമായുള്ള ബന്ധത്തിന്റെ നിരവധി ചോദ്യങ്ങളുമായാണ്. ലോകത്തെങ്ങും കടുവകളുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ. കേരളത്തിലും പ്രത്യേകിച്ച് വയനാടുമായി ബന്ധപ്പെട്ട വനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഇതുമയി ബന്ധപ്പെട്ട ആശങ്കകളും സംഘർഷങ്ങളും അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. വരും കാലത്ത് കേരളം നേരിടുന്ന ഗൗരവപരമായി ഒന്നായി ഈ വിഷയം മാറുകയാണ്.
വനസംരക്ഷണത്തിനായും വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായും കേരളത്തിൽ നിരവധി പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി തന്നെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർക്കശമാകുകയും വനം വകുപ്പ് കുറച്ചൊക്കെ ജാഗ്രതയോടെ അവ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമായി കാടുകൡ വന്യമൃഗങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും മൂലം പലപ്പോഴും വന്യമൃഗങ്ങൾ നമ്മൾ സൃഷ്ടിച്ച കാടിന്റെ അതിർത്തി കടന്നു പുറത്തുവരുന്ന സന്ദർഭങ്ങൾ കൂടിവരുന്നു. കാടിനോടുചേർന്നും കയ്യേറിയുമൊക്കെ നമ്മൾ നടത്തുന്ന കൃഷിയേയും അവ ആക്രമിക്കുന്നു. വർഷങ്ങളോളം നാം നടത്തിയ വനനശീകരണത്തിന്റെ ഫലങ്ങൾ ഇപ്പോഴാണ് പലയിടത്തും രൂക്ഷമാകുന്നത്. ടൂറിസവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും വന്യജീവികളുടെ ജീവിതത്തെ ബാധിക്കുന്നു. മനുഷ്യ നിർമിതിവും അല്ലാത്തതുമായ കാട്ടുതീയും പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. ഇതിന്റെയെല്ലാം ഫലമായി കാടിറങ്ങിവരുന്ന ആനയും കടുവയുമൊക്കെ ആക്രമിച്ച് നിരവധി മരണങ്ങൾ കേരളത്തിൽ നടക്കുന്നു.
വയനാട്ടിലും ഇടുക്കിയിലും മലക്കപ്പാറ -വാൽപ്പാറ മേഖലകളിലുമാണ് ഇത്തരം സംഭവങ്ങൾ കൂടുതലായും നടക്കുന്നത്. ആറളം, അട്ടപ്പാടി, മണ്ണാർക്കാട്, മലക്കപ്പാറ, നിലമ്പൂർ, മറയൂർ, ചിന്നക്കനാൽ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. സ്വാഭാവികമായും പലയിടത്തും വനം വകുപ്പിനും സർക്കാരിനുമെതിരെ ജനങ്ങൾ രംഗത്തിറങ്ങുന്നു. വയനാട്ടിൽ അടുത്തിടെ കടുവയുടെ ആക്രമണത്തിന്റെ ഫലമായുണ്ടായ മരണത്തെ തുടർന്ന് ഇത്തരം സമരങ്ങൾ ആളിപ്പടർന്നിരുന്നു. വയനാട് ജില്ലയുമായി അതിരു പങ്കിടുന്ന ബന്ദിപ്പൂർ നാഷണൽ പാർക്കിനുള്ളിലൂടെയൊഴുകുന്ന കബനി നദി വറ്റിവരണ്ടുപോയതായിരുന്നു അടുത്ത കാലത്ത് ഇത്തരം സംഭവങ്ങൾ വർധിച്ചതിന് പ്രധാന കാരണം. ബന്ദിപ്പൂരിനോട് ചേർന്നു കിടക്കുന്ന വയനാട് വന്യജീവി സങ്കേതത്തിന്റെയും സ്ഥിതി സമാനമായിരുന്നു.
കിടങ്ങു നിർമാണം (ട്രഞ്ച്), ഇലക്ട്രിക്കൽ ഫെൻസിംഗ്, സോളാർ ഫെൻസിംഗ്, റെയിൽ ഫെൻസിംഗ്, മതിലുകെട്ടൽ തുടങ്ങിയ മാർഗങ്ങളിൽ കൂടി തടയാവുന്ന രീതിയിലല്ല ഈ വിഷയം വളരുന്നത്. ഇവയിൽ പലതും ദീർഘകാലാടിസ്ഥാനത്തിൽ വിപരീത ഫലമുണ്ടാക്കും. അതേസമയം സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം ആളുകൾക്ക് വനം വകുപ്പിന്റെ മറ്റു പുനരധിവാസ പദ്ധതികൾ സ്വീകരിക്കാതെ ഒരു കുടുംബത്തിന് പത്തു ലക്ഷം രൂപ കൈപ്പറ്റി വന്യജീവി/ കടുവാ സങ്കേതത്തിൽനിന്ന് ഒഴിഞ്ഞുപോവുകയോ അല്ലെങ്കിൽ പത്തു ലക്ഷം രൂപ സ്വീകരിക്കാതെ വനം വകുപ്പ് പുനരധിവസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറിത്താമസിക്കുകയോ ചെയ്യാവുന്നതാണ്. ഈ പദ്ധതി പ്രകാരം വയനാട് വന്യജീവി സങ്കേതത്തിനകത്തെ മുഴുവൻ പേരെയും പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്നു വരികയാണ്. എന്നാൽ വനങ്ങളോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവർക്ക് അതിനു സാധ്യമാകുമോ, അത് വനാവകാശ നിയമത്തിന്റെ ലംഘനമല്ലേ എന്നീ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമായ സമരങ്ങൾക്ക് കാരണമാകാൻ പോകുന്ന ഈ വിഷയത്തെ ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
വന്യമൃഗങ്ങൾക്ക് അവയുടെ സ്വന്തം നൈസർഗിക പരിസ്ഥിതിയിൽ ജീവിക്കാനും സ്വന്തമായി പ്രത്യുൽപാദനം നടത്താനും അവകാശമുണ്ടെന്നും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നശിപ്പിക്കരുതെന്നും മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സർക്കാർ തലത്തിലുള്ള സംഘടനകൾ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണമെന്നും യു.എന്നിന്റെ മൃഗാവകാശ പ്രഖ്യാപനം വ്യക്തമായി പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് വയനാട് - മൈസൂർ ദേശീയ പാതയിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തേയും കാണേണ്ടത്. പ്രധാനമായും ബന്ദിപ്പൂർ വന്യമൃഗ സങ്കേതത്തിലെ മൃഗങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കർണാടക പൊതുവിൽ നിരോധനത്തിന് അനുകൂലമാണ്. എന്നാൽ മൈസൂരിലെക്കും ബാംഗ്ലൂരിലേക്കും നിരന്തരമായി യാത്ര ചെയ്യുന്നവരാണ് മലയാളികളെന്നതിനാൽ കേരളം എതിരുമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങൾ നടന്നു. രാത്രി യാത്രാ നിരോധനത്തെ സംബന്ധിച്ച് പഠിക്കാൻ സുപ്രീം കോടതി വിദഗ്ധ സമിതിക്ക് രൂപം നൽകിയിരിക്കുകയാണ്. ഈ വിഷയത്തിനു പരിഹാരം കാണുമെന്ന് വയനാട്ടിൽനിന്ന് മത്സരിക്കുന്ന വേളയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എളുപ്പത്തിൽ പരിഹരിക്കാവുന്ന വിഷയമല്ല ഇത്. തത്വത്തിൽ ഈ നിരോധനം അനിവാര്യമാണ്. മൃഗങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത രീതിയിൽ ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. അതുന്നയിക്കാതെയുള്ള പ്രക്ഷോഭങ്ങൾ നൈതികമാണെന്നു പറയാനാവില്ല.