- ഓഗസ്റ്റ് 31 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും
റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളായ മുഴുവൻ അക്കൗണ്ടന്റുമാർക്കും സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിന്റെ രജിസ്‌ട്രേഷനും അക്രഡിറ്റേഷനും നിർബന്ധമാക്കി. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുഹറം ഒന്നു (ഓഗസ്റ്റ് 31) മുതൽ വിദേശി അക്കൗണ്ടന്റുമാർക്ക് പുതിയ വർക് പെർമിറ്റ് നൽകുന്നതിനും വർക് പെർമിറ്റ് പുതുക്കുന്നതിനും പ്രൊഫഷൻ മാറ്റത്തിനും രജിസ്‌ട്രേഷൻ നിർബന്ധമാണ്. വർക്ക് പെർമിറ്റില്ലാതെ ഇഖാമയും ലഭിക്കില്ല.
അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം ഉയർത്തുന്നതിനും ഈ മേഖലയിൽ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ജീവനക്കാരുടെ ശേഷിയും ഗുണമേന്മയും ഉയർത്തുന്നതിനും പുതിയ തീരുമാനം സഹായിക്കും. സ്വകാര്യ, പൊതുമേഖലകൾ തമ്മിലുള്ള സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും അക്കൗണ്ടിംഗ് മേഖല അടക്കമുള്ള വ്യത്യസ്ത മേഖലകളിൽ സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കി ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരാൻ സാധിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
DOWNLOAD MALAYALAM NEWS APP | |
|
അക്കൗണ്ടിംഗ് മേഖലയിൽ ഇരുപതിനായിരം തൊഴിലുകൾ 2022 അവസാനത്തോടെ സൗദിവൽക്കരിക്കുന്നതിന് ലക്ഷ്യമിട്ട് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സുമായും മാനവശേഷി വികസന നിധിയുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മാർച്ചിൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അക്കൗണ്ടന്റുമാരായി ജോലി ചെയ്യുന്നവരെയും ജോലിക്ക് ശ്രമിക്കുന്നവരെയും കണ്ടെത്തുന്നതിനും ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും രജിസ്‌ട്രേഷൻ സഹായിക്കും. ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കി ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുന്നതിനും ഇത് സഹായിക്കും.
മെഡിക്കൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് രജിസ്‌ട്രേഷൻ നേരത്തെ നിർബന്ധമാക്കിയിട്ടുണ്ട്. എൻജിനീയർമാർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് രജിസ്‌ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്. സൗദിയിൽ തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർ തൊഴിൽ കരാറുകൾ ഒപ്പുവെക്കുന്നതിനും വിസ അനുവദിക്കുന്നതിനും സൗദിയിലേക്ക് വരുന്നതിനും മുമ്പായി ഓൺലൈൻ സേവനം വഴി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്.
സൗദിയിൽ തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം അടുത്തിടെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 'ഇജ്തിയാസ്' എന്നാണ് പുതിയ സേവനത്തിന് പേരിട്ടിരിക്കുന്നത്. മതിയായ യോഗ്യതയും കഴിവും പരിചയ സമ്പത്തുമില്ലാത്തവർക്ക് വിസകൾ അനുവദിക്കാതിരിക്കാൻ ഇത് സഹായിക്കും.
സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് അഞ്ചു വർഷത്തെ പരിചയ സമ്പത്ത് നിർബന്ധമാക്കിയ തീരുമാനം നടപ്പാക്കുകയും സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകളുടെ നിജസ്ഥിതി ഉറപ്പു വരുത്തുകയുമാണ് പുതിയ സേവനം ചെയ്യുന്നത്. കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതൽ അഞ്ചു വർഷത്തിൽ കുറവ് തൊഴിൽ പരിചയമുള്ള വിദേശ എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് സൗദി അറേബ്യ പൂർണമായും നിർത്തിവെച്ചിട്ടുണ്ട്.