Sorry, you need to enable JavaScript to visit this website.

മലയാളികളുമായി ആത്മബന്ധം പുലർത്തിയ ഫാറൂഖ് ലുഖ്മാൻ

ദമാമിൽ സംഘടിപ്പിച്ച ഇന്ത്യാ ഡേ പരിപാടിയിൽ മികച്ച  മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ഫാറൂഖ് ലുഖ്മാനിൽ നിന്നും സ്വീകരിക്കുന്ന പി.എ.എം. ഹാരിസ്. സമീപം ടി.പി.എം. ഫസൽ

മലയാളികളെയും മലയാള ഭാഷയെയും സ്‌നേഹിക്കുന്ന ഒട്ടനവധി വിദേശികളുണ്ട്. അതിൽ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു മലയാളം ന്യൂസ് ചീഫ് എഡിറ്റർ ആയിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച ഫാറൂഖ് ലുഖ്മാൻ.ഇന്റർനെറ്റും ദൃശ്യ മാധ്യമങ്ങളുമൊക്കെ സൗദിയിൽ വ്യാപകമാകുന്നതിനു മുമ്പ് വാർത്തകൾ അറിയുന്നതിന് പ്രവാസികൾ പ്രധാനമായും ആശ്രയിച്ചിരുന്നത് കേരളത്തിൽ നിന്നും എത്തുന്ന പത്രങ്ങളെയായിരുന്നു. അക്കാലത്ത് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസുകൾ ഇല്ലാതിരുന്നതിനാൽ മുംബൈ വഴിയാണ് മലയാള പത്രങ്ങൾ സൗദിയിൽ എത്തിയിരുന്നത്. സെൻസർഷിപ്പ് നിലവിലുണ്ടായിരുന്നതിനാൽ വിതരണത്തിൽ വീണ്ടും കാലതാമസമുണ്ടായി.
അത്തരം ഒരു സാഹചര്യത്തിലാണ് പ്രവാസികൾക്കിടയിൽ സൗദി റിസർച്ച് ആൻഡ് പബ്ലിഷിംഗ് കമ്പനിയുടെ നേതൃത്വത്തിൽ മലയാള പത്രം തുടങ്ങാൻ ഫാറൂഖ് ലുഖ്മാന് പ്രേരണയാകുന്നത്. അങ്ങനെ 1999 ൽ ഇന്ത്യൻ ഭാഷയിൽ വിദേശത്ത് പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്ന പത്രമെന്ന നിലയിലേക്ക് മലയാളം ന്യൂസ് പ്രശസ്തമായി.
മലയാളം ന്യൂസിന് വായനക്കാർക്കിടയിൽ വൻ സ്വീകാര്യത നേടാൻ കാരണം ഫാറൂഖ് ലുഖ്മാന്റെ വീക്ഷണങ്ങളായിരുന്നു. മലയാളികൾ താമസിക്കുന്ന ഉൾനാടൻ ഗ്രാമങ്ങളിൽ വരെ സൗദി ഡിസ്ട്രിബ്യൂഷന്റെ വിതരണ ശൃംഖലയിൽ മലയാളം ന്യൂസ് എത്തിച്ചേർന്നപ്പോൾ അതുവരെ പുറംലോകം അറിയാതിരുന്ന പ്രവാസികളുടെ ആട് ജീവിതങ്ങൾ ജനം അറിഞ്ഞു തുടങ്ങി. പ്രവാസി മലയാളി കൂട്ടായ്മകളുടെ സാംസ്‌കാരിക പരിപാടികൾ വാർത്തകളായി പുറത്തേക്ക് വന്നപ്പോൾ മറ്റുള്ള സംഘടനകൾക്കും അത് പ്രചോദനമായി. പ്രശ്‌നങ്ങളിൽ അകപ്പെടുന്നവർക്ക് സാമൂഹിക പ്രവർത്തകരെ ബന്ധപ്പെടാനും അവരുടെ സേവനം തേടാനും മലയാളം ന്യൂസ് ഒരു കണ്ണിയായി പ്രവർത്തിച്ചു. വായനക്കാർക്ക് കത്തുകളിലൂടെ പത്രത്തിൽ അഭിപ്രായം അറിയിക്കാൻ ഏറ്റവും കൂടുതൽ സ്ഥലം അനുവദിച്ചത് മലയാളം ന്യൂസ് ആയിരുന്നു. 'ഞങ്ങൾക്ക് പറയാനുണ്ട്' എന്ന കോളത്തിലൂടെ എന്റെ എഴുത്തുകളെയും സുദൃഢമാക്കാൻ മലയാളം ന്യൂസ് സഹായിച്ചു. പ്രവാസി വിഷയങ്ങൾ അവതരിപ്പിച്ച കത്തിന് സ്വർണ നാണയം ഒരിക്കൽ സമ്മാനമായി ലഭിച്ചത് അഭിമാനത്തോടെ സ്മരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കാൻ ഫാറൂഖ് ലുഖ്മാൻ വായനക്കാരുടെ കൂട്ടായ്മകളിൽ പങ്കെടുത്തിരുന്നു. ദമാമിൽ നടത്തിയിരുന്ന പരിപാടികളിൽ പങ്കെടുത്ത് അദ്ദേഹവുമായി സംവദിക്കാനും എനിക്ക് അവസരം ലഭിച്ചു. 
ഏറ്റവും സ്മരണീയമായ അവസരം ദമാമിൽ 2010 ൽ ഞങ്ങൾ 'ഫ്രണ്ട്‌സ് ഓഫ് ജനശ്രീ' സാംസ്‌കാരിക സംഘടനയിൽ പ്രവർത്തിക്കുമ്പോൾ പ്രവാസി മലയാളികളായ കുട്ടികളുടെ സർഗശേഷിയെ പരിപോഷിപ്പിക്കാനായി 'എന്റെ ഗ്രാമം' എന്ന പുസ്തകം പ്രകാശനം ചെയ്യാൻ ദമാം സന്ദർശന വേളയിൽ ഒരു ദിവസം അദ്ദേഹം മാറ്റിവെച്ചു എന്നതാണ്. ദമാം ലേഖകനായിരുന്ന പി.എ.എം. ഹാരിസ് വിഷയം അദ്ദേഹത്തെ അറിയിച്ചപ്പോൾ വളരെ തിരക്കുണ്ടായിരുന്നെങ്കിലും വിശേഷിച്ച് പ്രവാസി കുട്ടികൾ അവരുടെ ഗ്രാമത്തെ അടുത്തറിയുക എന്ന ആശയത്തിൽ ആകൃഷ്ടനായി ആദ്യാവസാനം അദ്ദേഹം പങ്കെടുത്തു.  
സ്മരണയിൽ സൂക്ഷിക്കാൻ ഒട്ടനവധി നല്ല മുഹൂർത്തങ്ങളുണ്ട്. എന്നെപ്പോലെ മലയാളികളായ ഒട്ടനവധി സാധാരണക്കാരായ പ്രവാസികൾക്ക് എഴുതാൻ അവസരം നൽകുകയും ആ മേഖലയിൽ ശോഭിക്കാൻ പ്രാപ്തമാകുകയും ചെയ്ത മഹത് വ്യക്തിത്വമാണ് അക്ഷരങ്ങളുടെ ലോകത്തുനിന്നും വിടപറഞ്ഞത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകണമെന്ന പ്രാർത്ഥനയോടെ...
ഫ്രാൻസിസ് ബി. രാജ്, റിയാദ്

നൊമ്പരം നൽകുന്ന വിയോഗം

ദമാമിലെ പ്രവാസി സമൂഹത്തിന്റെ ഹൃദയം കീഴടക്കിയ വ്യക്തിത്വമായിരുന്നു മലയാളം ന്യൂസ് മുൻ എഡിറ്റർ ഇൻ ചീഫ് ഫാറൂഖ് ലുഖ്മാൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം പ്രവാസികൾക്ക് ഏറെ നൊമ്പരം നൽകുന്നതായി. 
മലയാളികളുടെ പ്രഭാത പത്രവായനയെ പ്രവാസ ലോകത്ത് അനുഭവവേദ്യമാക്കിയ മലയാളം ന്യൂസിന്റെ ആഗമനം ഒരു ചരിത്ര ദൗത്യമാണ് നിർവഹിച്ചതെന്ന കാര്യം നിസ്തർക്കമാണ്. ദ്യശ്യമാധ്യമങ്ങളുടെ സാന്നിധ്യമില്ലാത്ത ആ കാലഘട്ടത്തിൽ ഒരു മലയാള പത്രം പ്രവാസി സമൂഹത്തിന് നൽകിയ സംതൃപ്തിയും ആവേശവും ചെറുതല്ല. ഏതൊരു പത്രത്തിനും തുടക്കത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രയാസത്തെ തന്റെ സമർപ്പണ മനസ്സോടെയും നേതൃപാടവം കൊണ്ടും  അതിജീവിക്കാൻ ഫാറൂഖ് ലുഖ്മാന് സാധ്യമായി. പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പുറത്തു കൊണ്ടുവരാൻ ദമാം ലേഖകനായിരുന്ന പി.എ.എം ഹാരിസിന് കഴിഞ്ഞത് ഫാറൂഖ് ലുഖ്മാൻ നൽകിയ പിന്തുണയും പ്രോൽസാഹനവുമാണ്.
മലയാളം ന്യൂസിന് ദമാമിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാൻ ഫാറൂഖ് സാഹിബിന് അവസരം ലഭിച്ചപ്പോൾ അദ്ദേഹം ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് പ്രവാസി സമൂഹവുമായുള്ള മുഖാമുഖത്തിനാണ്. അദ്ദേഹവും സദസ്സും ഒരുപോലെ ആസ്വദിക്കുന്ന ആ രംഗങ്ങൾ ഇന്നും ഓർമകളിൽ മായാതെ നിൽക്കുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും തമാശ സംഭാഷണങ്ങളും ഇന്നും അവിസ്മരണീയമായി നിലനിൽക്കുന്നു. 
ദമാമിലെ ചെറുതും വലുതുമായ സംഘടനകൾക്ക് കൂടുതൽ ആവേശം സമ്മാനിക്കുകയും നിരവധി കൂട്ടായ്മകൾ പിറവി കൊള്ളുന്നതും ചെയ്തത് ഈ പത്രത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രമായിരുന്നു. 
ഫാറൂഖ് ലുഖ്മാനെ പരിചയപ്പെട്ട ആദ്യ സന്ദർഭത്തിൽ അദ്ദേഹം നൽകിയ ബിസിനസ് കാർഡിൽ ബെസ്റ്റ് വിഷസ് മുജീബ് എന്ന് കുറിച്ചിട്ടു. ഇന്നും അത് നിധി പോലെ സൂക്ഷിക്കുന്നു ഈയുള്ളവൻ. 

മുജീബ് കളത്തിൽ

മാധ്യമ രംഗത്തെ വൻമരം

എന്നെപ്പോലെ എഴുത്തും വായനയും പാതി വഴിയിൽ നഷ്ടപ്പെട്ടു കടൽ കടക്കേണ്ടി വന്ന അനേകം പേർക്ക് വായിക്കാനും സ്വന്തം അഭിപ്രായം രേഖപ്പെടുത്താനും അവസരം നൽകിയ പത്രാധിപരായിരുന്നു ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഫാറൂഖ് ലുഖ്മാൻ. സൗദിയിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ നേരിൽ കാണാൻ അവസരം കിട്ടിയിട്ടുണ്ട്. എഴുതി പഠിക്കാൻ പത്രം നൽകിക്കൊണ്ടിരിക്കുന്ന അവസരത്തിന് ഞാൻ നേരിട്ട് നന്ദി പറഞ്ഞിട്ടുണ്ട്. പത്ര മാധ്യമ രംഗത്തെ അറിയപ്പെട്ട വന്മരമാണ് കാലയവനികക്കുള്ളിൽ മറഞ്ഞത്.   

കെ.പി. അബൂബക്കർ ,താമരശ്ശേരി

 

Latest News