കൊച്ചി-നടിയെ ആക്രമിച്ച സംഭവത്തിൽ പ്രധാന പ്രതികളുടെ അറസ്റ്റിന് മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസിന്റെ ഉന്നതതല യോഗം വിലയിരുത്തി. ഇതുവരെ ലഭിച്ച തെളിവുകൾ കോർത്തിണക്കി വ്യക്തത വരുത്തിയ ശേഷം മാത്രം അറസ്റ്റ് മതിയെന്നാണ് ഡി.ജി.പിയുടെ നിർദേശമെന്ന് ഐ.ജി ദിനേന്ദ്ര കശ്യപ് യോഗത്തിൽ അറിയിച്ചതായാണ് വിവരം. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
വൈകിട്ട് ആലുവ പോലീസ് ക്ലബിലെത്തിയ ഐ.ജി ദിനേന്ദ്ര കശ്യപ്, ആലുവ എസ്.പി എ.വി. ജോർജ്, ക്രൈം ബ്രാഞ്ച് എസ്.പി സുദർശനൻ, സി.ഐ ബൈജു പൗലോസ് എന്നിവരുമായി കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.
7.15 ഓടെ തുടങ്ങിയ കൂടിക്കാഴ്ച രാത്രി വൈകിയാണ് അവസാനിപ്പിച്ചത്. പൾസർ സുനി കോടതിയിൽ പറഞ്ഞ കാര്യങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും ഐ.ജി വിലയിരുത്തിയിട്ടുണ്ട്. ജയിലിൽനിന്നുള്ള സുനിയുടെ മൊഴി സഹതടവുകാരുടെ മൊഴി, മൊബൈൽ ഫോൺ രേഖകൾ, കാവ്യയുടെ വസ്ത്ര വിൽപന സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ സി.സി ടി.വി ദൃശ്യങ്ങൾ, കാക്കനാട് ജയിലിൽനിന്നും കണ്ടെത്തിയ സുനിയുടെ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ എന്നിവ കോർത്തിണക്കിയാണ് കേസിൽ അടുത്ത ചുവടിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.
കേസുമായി ദിലീപിനെ ബന്ധപ്പെടുത്താൻ നേരിട്ട് തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. സുനിയുമായി അപ്പുണ്ണിയും നാദിർഷായും ഫോൺ സംഭാഷണം നടത്തിയിട്ടുണ്ടെന്നതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്‌തേക്കും. നടി കാവ്യാ മാധവന്റെ അമ്മ ശ്യാമളാ മാധവനെ ഉടൻ ചോദ്യം ചെയ്യുമെന്ന അഭ്യൂഹവും ശക്തമാണ്. കേസുമായി സിനിമാ രംഗത്തുള്ള വേറെ ചിലർ കൂടി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൂചനകളുണ്ട്.
പൾസർ സുനിയുടെ കാമുകിയായ ബ്യൂട്ടിഷ്യനുമായി അടുപ്പമുള്ള യുവ നടിയാണ് സംശയത്തിന്റെ നിഴലിലുള്ളത്. ഇന്നലെ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നുവെങ്കിലും അറസ്റ്റിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ പ്രതികരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെയും മറ്റും രണ്ടാം ഘട്ട മൊഴിയെടുക്കാൻ സാധ്യതയുണ്ട്. ഇതിനിടെ ഇന്നലെ ദിലീപും നാദിർഷായും മുൻകൂർ ജാമ്യത്തിനായി കൊച്ചിയിലെ ഉന്നത അഭിഭാഷകരെ സമീപിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച നീക്കങ്ങളൊന്നും നടന്നിട്ടില്ല. ദിലീപിന് നിയമോപദേശം നൽകുന്ന അഭിഭാഷകനും ഇക്കാര്യം നിഷേധിക്കുകയാണ്.